Tuesday, 20 March 2018

കൊച്ചിയിൽ ഫുട്ബോൾ മതി. പറയുന്നത് ക്രിക്കറ്റ്‌ ഇതിഹാസം.....


കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ ചൊല്ലിയുളള വിവാദം മുറുകുന്നതിനിടയില്‍ പ്രതികരണവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഫിഫ അംഗീകരിച്ച ലോകനിലവാരമുളള കൊച്ചിയിലെ ടര്‍ഫിന് നാശം സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്താതെ വിഷയത്തില്‍ ഇടപെടാമെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ഉറപ്പുനല്‍കിയതായി സച്ചിന്‍ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും സച്ചിന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. 


നേരത്തെ, സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ വിട്ട് നല്‍കണമെന്ന് എസ് ശ്രീശാന്തും ആവശ്യപ്പെട്ടു. കലൂരിലെ സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ നിലനില്‍ക്കട്ടെയെന്നും കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാവിയില്‍ ക്രിക്കറ്റിനായി ഒരു സ്‌റ്റേഡിയം കൊച്ചിയില്‍ തന്നെയുണ്ടാവട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.

കേരളത്തിന് ലഭിച്ച ഇന്ത്യ വെസ്റ്റിന്‍ഡീസ് അന്താരാഷ്ട്രഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി കൊച്ചിയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. കായികമന്ത്രി എസി മൊയ്തീന്‍ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുമായി സംസാരിച്ചു.

തര്‍ക്കമില്ലാതെ മല്‍സരം നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിലേത് മികച്ച ഫുട്‌ബോള്‍ ടര്‍ഫാണ്. ഇത് നശിപ്പിക്കാന്‍ അനുവദിക്കാനാകില്ല. തിരുവനന്തപുരത്തേത് ക്രിക്കറ്റിന് പറ്റിയ ഗ്രൗണ്ടാണ്. മല്‍സര വേദി സംബന്ധിച്ച് ജിസിഡിഎ അടക്കമുള്ളവരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി മൊയ്തീന്‍ വ്യക്തമാക്കി.

തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മല്‍സരം മാറ്റുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. ആവശ്യമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. തര്‍ക്കമില്ലാതെ മല്‍സരവേദിയില്‍ പരിഹാരം കണ്ടെത്തുമെന്നും കായികമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീത് തുടങ്ങി നിരവധി താരങ്ങളാണ് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെതിരെ രംഗത്തുവന്നത്. ക്രിക്കറ്റ് മല്‍സരം നടത്തുന്നത് ഗ്രൗണ്ടിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിക്കാന്‍ ഇടയാക്കുമെന്നാണ് പ്രധാന പരാതി.
 

ഐ സി സി റാങ്കിങ്. കുതിച്ചുയർന്ന് സുന്ദർ

നിഹാദാസ് ട്രോഫിയിലെ കിടിലൻ വിജയം ഇന്ത്യൻ താരങ്ങൾക്ക് നേടി കൊടുത്തത് പോയിന്റ് പട്ടികയിലെ വൻ കുതിപ്പ്. ബൗളർമാരുടെ പട്ടികയിൽ യുസ്വേന്ദ്ര ചാഹൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. വാഷിംഗ്ടൺ സുന്ദർ 31ാം സ്ഥാനത്തേക്ക് കുതിച്ച് കയറി. 151 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് റോക്കറ്റ് പോലെ സുന്ദർ 31ലേക്ക് എത്തിയത്

പരമ്പരയിലെ മാൻ ഓഫ് സിരീസായിരുന്നു വാഷിംഗ്ടൺ സുന്ദർ. 496 പോയിന്റാണ് സുന്ദറിനിപ്പോൾ ഉള്ളത്. കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റാണ് ചാഹലിന് ലഭിച്ചിരിക്കുന്നത്. 706 പോയിന്റാണ് ചാഹലിനുള്ളത്.

നിദാഹാസ് ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് വിക്കറ്റാണ് സുന്ദർ നേടിയത്. ഓരോവറിലെ ശരാശരി 5.75ആണ്. ഇതാണ് സുന്ദറിന്റെ കുതിപ്പിന് വേഗം വർധിപ്പിച്ചത്. അഞ്ച് മത്സരങ്ങൾ കളിച്ച ചാഹലും എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു

ബാറ്റ്‌സ്മാൻമാരിൽ ദിനേശ് കാർത്തിക്കും വൻ കുതിപ്പാണ് നടത്തിയത്. 126ാം സ്ഥാനത്തായിരുന്ന കാർത്തിക് ഇപ്പോൾ 95ാം സ്ഥാനത്തേക്കുയർന്നു. 31 സ്ഥാനങ്ങളാണ് കാർത്തിക് മുന്നേറിയത്. കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പോയിന്റായ 246 കാർത്തിക് സ്വന്തമാക്കുകയും ചെയ്തു

ശിഖർ ധവാൻ, മനീഷ് പാണ്ഡെ, ലങ്കയുടെ കുസാൽ പെരേര, കുശാൻ മെൻഡിസ്, ബംഗ്ലാ താരം മുഷ്ഫിഖർ റഹീം എന്നിവരും പോയിന്റ് പട്ടികയിൽ കുതിപ്പ് നടത്തി. ബൗളർമാരിയിൽ ജയദേവ് ഉനദ്കട്ട്, ഷാർദൂൽ താക്കൂർ എന്നിവരും കരയറിലെ ബെസ്റ്റ് പോയിന്റ് നേട്ടത്തിലെത്തി. ഉനദ്കട്ടിന് 435 പോയിന്റുമായി 52ാം സ്ഥാനത്താണ്. താക്കൂർ 358 പോയിന്റുമായി 76ാം സ്ഥാനത്തുമെത്തി

 

അനസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും

ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി സൂപ്പർ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മൂന്ന് ക്ലബ്ബുകൾ പിന്നാലെയെന്ന് റിപ്പോർട്ട്. വൻ തുകയാണ് മൂന്ന് ടീമുകളും അനസിനെ ടീമിലെത്തിക്കാൻ ഓഫർ ചെയ്തതെന്നാണ് സൂചന. പരിക്കിനെത്തുടർന്ന് ഈ സീസൺ ഐ എസ് എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായെങ്കിലും അടുത്ത സീസണിലും വൻ തുക അനസിന് ലഭിക്കും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ എന്നീ ടീമുകൾ അനസുമായി പുതിയ കരാറിലേർപ്പെടാൻ ശ്രമിക്കുമ്പോൾ നിലവിൽ അനസിന്റെ ടീമായ ജംഷദ്പൂർ എഫ് സി താരവുമായുള്ള കരാർ നീട്ടാൻ താല്പര്യപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് അനസിനെ ടീമിലെത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നത്. അനസിന്റെ കളിയിൽ ആകൃഷ്ടനായ ജെയിംസ്, രണ്ട് വർഷത്തെ കരാറിൽ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജിങ്കൻ – ലാൽ റുവാത്താര – അനസ് എന്നിവരുൾപ്പെടുന്ന പ്രതിരോധ സംഘമാണ് അടുത്ത സീസണിൽ ജെയിംസിന്റെ മനസിലുള്ളത്.

നിലവിൽ ഇന്ത്യൻ ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പ്രിയപ്പെട്ട പ്രതിരോധ ഭടനാണ് അനസ്. സെന്റർ ബാക്ക് പൊസിഷനിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായ അനസ് മുൻ സീസൺ ഐ എസ് എല്ലുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. 31 കാരനായ അനസ് ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടിയും മുൻപ് കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം. ഇന്ന് കലൂരില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫതേഹ് ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

തുടക്കം മുതല്‍ ഇന്ന് കേരളത്തിന്റെ ആധിപത്യമാണ് കൊച്ചിയില്‍ കണ്ടത്. 13ആം മിനുട്ടിക് റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്സിനെ തുടക്കത്തില്‍ മുന്നില്‍ എത്തിച്ചത്. ആദ്യ മത്സരത്തിലും റിസ്വാന്‍ ഗോള്‍ നേടിയിരുന്നു. അനന്ദു മുരളിയും സുരാജ് റവതുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്.

25ആം തീയതി മധ്യഭാരത് എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Monday, 19 March 2018

കൊച്ചിയിലെ ക്രിക്കറ്റ് മത്സരം..പ്രതിഷേധവുമായി ഫുട്ബോള്‍ ആരാധകരു൦, പ്രമുഖരും.. ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മകൾ ശക്തമായി ര൦ഗത്ത്...

നവംബര്‍ മാസത്തില്‍ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നടത്താൻ  ജിസിഡിഎ യു൦ കെസിഎ യു൦ കൂടി നടന്ന ചർച്ചയിൽ തീരുമാനം എടുത്തു എന്ന വാർത്ത വന്നതിന് തൊട്ടു പിന്നാലെ വിവാദവും പ്രതിഷേധവു൦ സോഷ്യല്‍ മീഡിയകള്‍ വഴി ആളി കത്തുകയാണ്... പല പ്രമുഖകരു൦ ഇതിനെ അനുകൂലിച്ചു൦ പ്രതികൂലിച്ചു൦ ര൦ഗത്ത് വന്നിട്ടുണ്ട്.. അവർ നിരത്തുന്ന വാദങ്ങളും ചിന്താ പ്രസക്തി ഉള്ളവയാണ്...

ഇതിനെതിരെ ശക്തമായി പ്രതിഷേധവുമായി ആദ്യമേ ര൦ഗത്ത് വന്നത് ബ്ലാസ്റ്റേഴ്സ് ആരാധകര സ൦ഘടനകളായ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് ആർമി എന്നിവരാണ്.. ഇവർക്ക് പിന്തുണയുമായി ഐഎ൦ വിജയൻ, ഇയാൻ ഹ്യൂ൦ തുടങ്ങിയ പ്രശസ്ത ഫുട്ബോള്‍ താരങ്ങളു൦ കേരളത്തിലെ ഒന്നടങ്കം ഫുട്ബോള്‍ ആരാധകരു൦ അണി നിരന്നു...

നിലവില്‍ കൊച്ചി സ്റ്റേഡിയത്തിൽ U17 വേൾഡ് കപ്പോട് കൂടി അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ മൈതാനമാണ് കോടികള്‍ ചിലവില്‍ സജ്ജീകരിച്ചിട്ടുള്ളത് അത് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരം നടത്താൻ വേണ്ടി മാറ്റി ക്രിക്കറ്റ് പിച്ച് ആക്കുന്നതിന് എതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.. കൂടാതെ തിരുവനന്തപൂരത്ത് ക്രിക്കറ്റിനായി അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളതും, അവിടെ തീരുമാനിച്ച മത്സരം ഇങ്ങോട്ട് മാറ്റിയതും, നവംബര്‍ മാസത്തില്‍ തന്നെ ISL ഫുട്ബോള്‍ ലീഗ് തുടങ്ങുന്നതു൦ ആരോപണങ്ങൾക്ക് പ്രസക്തിയേറുന്നു... എന്നാല്‍ ISL തുടങ്ങുന്നതിന് മുമ്പ് മൈതാന൦ ഫുട്ബോളിന് വേണ്ടി സജ്ജീകരിക്കാൻ കഴിയും എന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത്..എന്നാല്‍ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ഉള്ളപ്പോൾ എന്തിനാണ് ഇത്രയും കോടികള്‍ മുടക്കി നിർമിച്ച അന്താരാഷ്ട്ര നിലവാരം ഉള്ള ഫുട്ബോള്‍ മൈതാന൦ ഇളക്കി മാറ്റി വീണ്ടും നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നാണ് മറുചോദ്യം...മാത്രമല്ല ISL തുടങ്ങുമ്പോൾ ആ നിലവാരമുള്ള ഗ്രൌണ്ട് ലഭിക്കുകയില്ലന്നു൦, പണി തീരാതെ വരുകയാണേൽ കേരള ടീമിന്റെ മത്സരം കൊച്ചിയിൽ നടക്കാതെ വരുമെന്നും ചൂണ്ടി കാണിക്കുന്നു ഗ്രൌണ്ട് നിലവാരം തങ്ങളുടെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നു൦ ആരാധക സ൦ഘടനകൾ ആരോപിക്കുന്നു...

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മകളാണ് സോഷ്യല്‍ മീഡിയകള്‍  വഴി പ്രതിഷേധവു൦, അപേക്ഷയുമായി ആദ്യം ര൦ഗത്ത് എത്തിയത്... അവരുടെ ജിസിഡിഎ ക്ക് ഫുട്ബോള്‍ ആരാധകരുടെ അപേക്ഷ എന്ന രീതിയില്‍ വന്ന പ്രതിഷേധ പോസ്റ്റുകൾ താഴെ ചേർക്കുന്നു...

മഞ്ഞപ്പട...

ഫുട്ബോൾമലയാളത്തിന്റെ അപേക്ഷ:
പത്ര മാധ്യമങ്ങളിൽ കൂടിയും ദൃശ്യ മാധ്യമങ്ങളിൽ കൂടിയും അറിയാൻ ഇടയായത് അനുസരിച്ചു വരുന്ന നവംബർ മാസത്തിൽ കൊച്ചി അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടക്കുന്ന സാഹചര്യം ഒരു ഫുട്ബോൾ സ്നേഹിയെ സംബന്ധിച്ചിടത്തോളം വളരെ ഏറെ വിഷമം ഉണ്ടാകുന്നതാണ്,, ആ ഒരൊറ്റ മത്സരത്തിന് വേണ്ടി 6 മാസ കാലം കൊച്ചിയെയും കേരളത്തിലെ ഫുട്ബോൾ പ്രമികളെ ആകെയും ഫുട്ബോളിന്റെ ഉത്സവ ലഹരിയിൽ ആറാടികുന്ന ISL മത്സരങ്ങൾ നടക്കുന്ന,, ഫിഫ U17 വേൾഡ് കപ്പിന് വേണ്ടി കോടികൾ മുടക്കി നിർമിച്ച ലോകോത്തര നിലവാരം ഉള്ള ഫുട്ബോൾ മൈതാനം ഇളക്കി മറിക്കുന്നത് ഞങ്ങൾക് ഹൃദയബെധകം ആണ്,,, ഈ നടപടി ഉണ്ടാകാതെ ഫുട്ബാൾ മലയാളത്തിന് GCDA സംരക്ഷണം നൽകണം എന്ന് അപേക്ഷിക്കുന്നു

ഫുട്ബാൾ മലയാളത്തിന്റെ ആവശ്യം കണ്ടില്ല എന്ന് നടിക്കരുത്..

*#SaveKochiTurf*

https://www.facebook.com/manjappadaKBFCfans/posts/1842163489417477

കേരള ബ്ലാസ്റ്റേഴ്സ് ആർമി...

അപേക്ഷിക്കുന്നു ഞങ്ങള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

പ്രിയ GCDA അധികൃതരേ..
       ഞങ്ങള്‍ ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന കാൽപന്ത് കളിയുടെ കേരളത്തിലെ ആരാധകരാണ് മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വിവരം അനുസരിച്ച് വരുന്ന നവംബര്‍ ഒന്നാം തിയതി കൊച്ചി സ്റ്റേഡിയത്തിൽ ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നടത്താൻ തീരുമാനിച്ചതായി അറിഞ്ഞു ഹൃദയം തകരുന്ന വേദനയോടെ ആണ് ആ വാർത്ത ഞങ്ങള്‍ ഓരോരുത്തരു൦ കേട്ടത് നിലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള തിരുവനന്തപൂര൦ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയ൦ ക്രിക്കറ്റിന് സജ്ജമായിരിക്കെ .. ഒരേയൊരു മത്സരം നടത്താൻ കേരളത്തിലെ ഫുട്ബോള്‍ ആവേശം തിരികെ കൊണ്ടുവന്ന ISL ഫുട്ബോള്‍ മാമാങ്കം നടക്കുന്ന, കഴിഞ്ഞിടക്ക് കോടികള്‍ മുതൽ മുടക്കിൽ U17 വേൾഡ് കപ്പിന് വേണ്ടി സജ്ജീകരിച്ച അന്താരാഷ്ട്ര നിലവാരമുള്ള മൈതാന൦ ഇളക്കി ഇല്ലാതാക്കുന്നത് കേരളത്തിലെ ഫുട്ബോളു൦ , ഫുട്ബോള്‍ ആരാധകരെയു൦ ഇല്ലാതാക്കുന്നതിന് തുല്യമാണ്... ഈ നടപടി കൈക്കൊള്ളാതെ GCDA കേരളത്തിലെ ഫുട്ബോളിനേയു൦, ആരാധകരേയു൦ സ൦രക്ഷിക്കണമെന്നു൦, രക്ഷിക്കണമെന്നു൦ ഹൃദയത്തീന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു...

ഈ അപേക്ഷ സ്വീകരിച്ച് ലോക ശ്രദ്ധ നേടിയ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോള്‍ ആരാധകരുടെ ആവശ്യ൦ തള്ളിക്കളയരുത്.
Jawaharlal Nehru Stadium, Kochi
Kerala Cricket Association
Kerala Football AssociatiBon KFA
Kerala Blasters
#UnitedForKochiTurf
#SaveKochiTurf
Kerala Blasters Army®
https://m.facebook.com/story.php?story_fbid=1896752893732544&id=1326717000736139

എന്തായാലും ജിസിഡിഎ യു൦ കെസിഎ യു൦ അനുയോജ്യമായ തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകർ...

ചണ്ഡിഗഡിനെതിരെ കേരളത്തിനു 5-1 ന്റെ തകർപ്പൻ വിജയം.

കൊൽക്കത്ത∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് ഫൈനൽ റൗണ്ടിൽ ചണ്ഡിഗഡിനെതിരെ കേരളത്തിനു ഗംഭീര വിജയം.

കേരളത്തിനായി എം.എസ്.ജിതിൻ രണ്ടു ഗോൾ നേടി. 11–ാം മിനിറ്റിൽ ആദ്യഗോൾ നേടി സ്കോർ ബോർഡ് തുറന്ന ജിതിൻ 51–ാം മിനിറ്റിലും വല കുലുക്കിയാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. സജിത്ത് പൗലോസ് 19–ാം മിനിറ്റിലും വി.കെ.അഫ്ദാൽ 48–ാം മിനിറ്റിലും പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടൻ 77–ാം മിനിറ്റിലും ലീഡുയർത്തി. ചണ്ഡിഗഡിനു വേണ്ടി വിശാൽ ശർമ 88–ാം മിനിറ്റിൽ സമാശ്വാസ ഗോൾ നേടി.

ബംഗാളും മണിപ്പുരുമടങ്ങുന്ന ഗ്രൂപ്പ് എയിലെ ചണ്ഡിഗഡിനെതിരെ മികച്ച കളിയാണു ക്യാപ്റ്റൻ രാഹുൽ വി.രാജിന്റെ നേതൃത്വത്തിലുള്ള കേരളം പുറത്തെടുത്തത്.

ഇനിയെസ്റ്റ ചൈനീസ് സൂപ്പർ ലീഗിലേക്കോ?


ചൈനീസ് സൂപ്പര്‍ ലീഗിന്റെ ഭാഗമാകാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് ബാഴ്‌സ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ. ഇക്കാര്യത്തില്‍ ഏപ്രില്‍ അവസാനത്തിനുള്ളില്‍ തീരുമാനം വ്യക്തമാക്കുമെന്നും ഇനിയെസ്റ്റ പറയുന്നു. 

400 മത്സരങ്ങളില്‍ ഇതിനോടകം തന്നെ ബാഴ്‌സയ്ക്കായി ഇറങ്ങിയ ഇനിയെസ്റ്റയുമായി ലൈഫ്‌ടൈം കരാറാണ് കാറ്റലോണിയന്‍ ക്ലബ് ഒക്ടോബറില്‍ ഒപ്പുവെച്ചത്. മറ്റെവിടെയോ ആയിരിക്കാം ഇനിയെന്റെ ഭാവി  എന്നായിരുന്നു എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിക്കെതിരെ ജയം പിടിച്ചതിന് പിന്നാലെ ഇനിയെസ്റ്റയുടെ പ്രതികരണം. 

ബാഴ്‌സയില്‍ തന്നെ തുടരുമോ, ചൈനയിലേക്ക് പോകുമോ എന്ന് ഏപ്രില്‍ 30നുള്ളില്‍ എനിക്ക് തീരുമാനിക്കണം. എനിക്കും ക്ലബിനും എന്താണ് നല്ലതെന്ന് വിലയിരുത്തിയാകും എന്റെ പ്രഖ്യാപനം ഉണ്ടാവുകയെന്നും ഇനിയെസ്റ്റ പറയുന്നു. ടിയാഞ്ചിന്‍ ഖ്വാഞ്ചിയാനുമായി ഇനിയെസ്റ്റയെ ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്തകള്‍ വന്നത്. 

എന്നാല്‍ ഇനിയെസ്റ്റയെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് തള്ളിയിരുന്നു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്ലബ് ഭീഷണിപ്പെടുത്തുകയുമുണ്ടായി. 

ക്ലബ് വിട്ടു പോകുന്നത് സംബന്ധിച്ചത് ഇനിയെസ്റ്റയുടെ വ്യക്തിപരമായ കാര്യമാണ്. ഇനിയെസ്റ്റ ഇല്ലാത്ത ബാഴ്‌സയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല, കാരണം ഇപ്പോള്‍ ഇനിയെസ്റ്റയുള്ള ബാഴ്‌സയാണ് നമ്മുടേത് എന്നായിരുന്നു കോച്ച് വാല്‍വെര്‍ദേയുടെ പ്രതികരണം

SIL MEDIA