Friday 23 March 2018

ചൈനയെ തകർത്തതിന് പിന്നാലെ സി൦ഗപ്പൂരിനെ തോൽപ്പിച്ച് ഇന്ത്യന്‍ കുട്ടി പുലികളുടെ ജൈത്രയാത്ര..


ഹോങ്കോങ്ങിൽ നടക്കുന്ന ജോക്കി ക്ലബ് ഇന്റർനാഷണൽ ഫുട്ബോൾ ടൂര്ണമെൻറ്റിൽ സിംഗപ്പൂരിനെയും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ U16 ചുണക്കുട്ടികൾ .ഇന്നലെ നടന്ന മത്സരത്തിൽ ചൈനീസ് തായ്‌പേ യെ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു  .24ആം മിനിറ്റിൽ റിക്കിയുടെ പാസിൽ രോഹിത് ധനു ഇന്ത്യക്ക് ഇന്ന് ആദ്യ ലീഡ് നേടി .ആക്രമണം തുടർന്ന ഇന്ത്യ ഭെകെ യുടെ അസ്സിസ്റ്റിൽ രോഹിത് ധനു 26ആം മിനിറ്റിൽ തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യക്ക് വേണ്ടി നേടി .
ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ രണ്ടാം പകുതിയിലും ആക്രമണം തുടർന്നു .71ആം മിനിറ്റിൽ മേൽവിന്റെ ഗോളിൽ ഇന്ത്യ ലീഡ് മൂന്നായി ഉയർത്തി .82ആം മിനിറ്റിൽ സിങ്കപ്പൂർ ഒരു ഗോൾ തിരിച്ചടിച്ച് സ്കോർ 3-1 ആയി . നാളെ ഹോങ്കോങ് u17 മായാണ് ഇന്ത്യയുടെ അവസാന മത്സരം .

കേരള സർവകലാശാല കലോത്സവം മാർ ഇവാനിയോസ് കിരീടത്തിലേക്കി


കൊല്ലത്ത് നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ ഇവാനിയോസ് കലാ കിരീടത്തിലേക്ക്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മാര്‍ ഇവാനിയോസ് കിരീടത്തില്‍ മുത്ത മിടുന്നത്. മത്സരങ്ങള്‍ ഇന്ന് രാത്രിയോടെ അവസാനിക്കും.

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ ഇവാനിയോസിന് ഇത്തവണയും വെല്ലുവിളിയുണ്ടായില്ല. മത്സരം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ 140 പോയിന്റാണ് ഇവാനിയോസിനുള്ളത്. 62 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് രണ്ടാം സ്ഥാനത്തും നാലാംഞ്ചിറയിലെ മാര്‍ ബസേലിയോസ് കോളെജ് മൂന്നാം സ്ഥാനത്തുമാണുള്ളത്. മത്സരങ്ങള്‍ കാണാനായി വന്‍ ജന സഞ്ചയമാണ് എല്ലാ വേദിയിലേക്കും ഒഴുകി എത്തുന്നത്

സംഘ നൃത്തം, നാടോടി നൃത്തം, ഗാനമേള എന്നീ ഇനങ്ങള്‍ കൂടി ഇന്ന് മത്സരം നടക്കാനുണ്ട്. നാളെ വൈകിട്ടാണ് കലോത്സവത്തിന് കൊടി ഇറങ്ങുന്നത്.

കേരളം ആറടിച്ചു ആറാടി.. മണിപ്പൂരിനെ പിച്ചി ചീന്തി കേരളത്തിന് സന്തോഷ് ട്രോഫിയിൽ രണ്ടാം വിജയം.


കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ വമ്പന്‍ ജയം. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്. കേരളത്തിനുവേണ്ടി ജിതിന്‍ ഗോപാൽ ഇരട്ടഗോൾ നേടി. ഗോളുകളെല്ലാം രണ്ടാം പകുതിയിലാണ് പിറന്നത്.

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം ആക്രമണതന്ത്രം മാറ്റിയാണ് കേരളം ഗോള്‍ വര്‍ഷം തുടങ്ങിയത്. 46-ാം മിനിറ്റില്‍ അഫ്ദാലാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. രാഹുലാണ് പാസ് നല്‍കിയത്.
59-ാം മിനിറ്റില്‍ കെ.പി. രാഹുല്‍ ലീഡ് ഇരട്ടിയാക്കി. 61-ാം മിനിറ്റിലായസിരുന്നു ജിതിന്റെ ആദ്യ ഗോള്‍. 71-ാം മിനിറ്റില്‍ ജിതിന്‍. എം. എസ്. നാലാം ഗോള്‍ വലയിലാക്കി. പിന്നീട് 82-ാം മിനിറ്റിലായിരുന്നു രാഹുലിന്റെ രണ്ടാം ഗോൾ.  94 മിനിറ്റിൽ മണിപ്പൂരിന്റെ ഡിഫൻഡറുടെ കാലിൽ നിന്ന് ഒരു ഗോൾ വീണതോടെ കേരളത്തിന്റെ ഗോൾപട്ടിക പൂത്തിയായി.

ഇരുപത്തിയഞ്ചിന് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇത് കൂടി ജയിച്ചാല്‍ കേരളം സെമിയില്‍  പ്രവേശിക്കും.

സന്തോഷ് ട്രോഫി: കേരളം ഇന്ന് മണിപ്പൂരിനെതിരെ, ടീമിൽ രണ്ടു മാറ്റങ്ങൾ

കൊൽക്കത്ത∙ സന്തോഷ് ട്രോഫി രണ്ടാം മത്സരത്തിൽ കേരളം ഇന്ന് മണിപ്പൂരിനെ നേരിടും. ആദ്യ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നു രണ്ടു മാറ്റങ്ങളുമായാണ് കേരളത്തിന്റെ രണ്ടാം പോര്. ജസ്റ്റിൻ ജോര്‍ജിനു പകരം ജി. ശ്രീരാഗും വി.കെ. അഫ്ദാലിനു പകരം പി.സി. അനുരാഗും ടീമിൽ ഇടം നേടി.