Saturday 31 March 2018

ടീം തന്ത്രങ്ങൾ സമാനം; സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം– ബംഗാൾ ഫൈനൽ



santhosh-trophy-kerala-team-practice



കൊൽ‍ക്കത്ത ∙ സന്തോഷത്തിന്റെ ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ നടക്കും.
kerala-in-santhosh-trophy
കരുത്തന്മാർ നേർക്കുനേർ
ആക്രമണവും പ്രതിരോധവും സമാസമം ചാലിച്ചുള്ള ശൈലിയിൽ കളിക്കുന്ന കേരളവും ബംഗാളും കൊമ്പുകോർക്കുമ്പോൾ കളത്തിൽ നിറയുക ഫുട്ബോളിന്റെ സൗന്ദര്യം. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിൽ ഇരു ടീമുകളും മികച്ചുനിൽക്കുന്നു. ഫിനിഷിങ്ങിലും പോരാട്ടം സമാസമം. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപിക്കാൻ സാധിച്ചതിന്റെ മാനസിക മുൻതൂക്കം കേരളത്തിനുണ്ട്. കൂടാതെ ടൂർണമെന്റിലെ കടുകട്ടി ടീമായ മിസോറമിനെ മറികടക്കാനായതിന്റെ ആത്മവിശ്വാസവും. കേരളത്തിനോടു തോൽവി വഴങ്ങേണ്ടി വന്നതിനു കണക്കു ചോദിക്കാനാകും ബംഗാൾ ഇറങ്ങുക. ബംഗാൾ ടീമിനൊപ്പം ബംഗാളിനായി ഗാലറിയിലെത്തുന്ന ആരാധകർക്കെതിരേയും കേരളത്തിനു കളിക്കേണ്ടി വരും. പറയത്തക്ക ആരാധക പിന്തുണ ബംഗാളിൽ കേരളത്തിനു കിട്ടുന്നുമില്ല.

ടീം തന്ത്രം സമാനം
4–4–2 ശൈലിയിൽ തന്നെയാകും ഇരു ടീമുകളും കളിക്കിറങ്ങുക. സെമിയിൽ ഗോൾ നേടിയ മലപ്പുറംകാരൻ വി.കെ.അഫ്ദലിനൊപ്പം ആരാകും മുന്നേറ്റത്തിൽ എത്തുകയെന്നതിനെക്കുറിച്ചുള്ള തീരുമാനം ആയിട്ടില്ല. മിസോറം മത്സരത്തിനിടെ കേരളത്തിന്റെ രണ്ടു മുന്നേറ്റനിര താരങ്ങളായ സജിത് പൗലോസിനും പി.സി.അനുരാഗിനും പരുക്കേറ്റിരുന്നു. സജിത് ഇന്നത്തെ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. അങ്ങനെയെങ്കിൽ വി.എസ്.ശ്രീക്കുട്ടൻ ആദ്യ ഇലവനിൽ എത്താനിടയുണ്ട്. ഇടതു, വലതു വിങ്ങുകളിലെ ആക്രമണം കെ.പി.രാഹുലും എം.എസ്.ജിതിനും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ കേരളത്തിനു തലവേദനകളില്ല. ബംഗാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചതും ഈ തന്ത്രം തന്നെയാണ്. മിസോറമിനെതിരായ ഒറ്റപ്രകടനം മതി കേരളത്തിന്റെ ഗോൾ കീപ്പർ വി.മിഥുൻ ആരെന്നറിയാൻ. ഗോൾ പോസ്റ്റിനു താഴെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ഈ കണ്ണൂരുകാരൻ.
ക്യാപ്റ്റൻ ജിതൻ മുമ്റുവിലും കൗമാര താരം ബിദ്യാസാഗർ സിങ്ങിലുമാണു ബംഗാളി മുന്നേറ്റത്തിന്റെ പ്രതീക്ഷ. നാലു ഗോൾ നേടി നിൽക്കുന്ന ബിദ്യാസാഗറും മൂന്നു ഗോളുമായി ജിതനും ഫോമിലുമാണ്. ഇവർക്കൊപ്പം മധ്യനിരയിൽ നിന്നുള്ള തീർഥങ്കർ സർക്കാർ കൂടിയാകുമ്പോൾ ആക്രമണത്തിനു ബംഗാൾ സജ്ജം.

തന്ത്രങ്ങളുടെ അണിയറയിൽ സതീവൻ
സന്തോഷ് ട്രോഫി ഫൈനലിലേക്കു കേരളത്തെ നയിച്ചതു തന്ത്രജ്ഞനായ പരിശീലകൻ. സതീവൻ ബാലനെന്ന അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറിയ മനുഷ്യനാണു സന്തോഷ് ട്രോഫിയിൽ കേരളത്തിനു തലപ്പൊക്കം നൽകിയത്. സമീപകാലത്തെ ഏറ്റവും യുവത്വമുള്ള ടീമുമായി പോരാട്ടത്തിനെത്തിയ സതീവൻ നിശ്ചയിച്ച വഴിയിൽ കളി നടന്നതോടെ കേരളത്തിന്റെ സന്തോഷം കൂടിക്കൂടി വന്നു. ആക്രമണമാണു മികച്ച പ്രതിരോധം എന്നു വിശ്വസിക്കുന്ന പരിശീലകനാണു സതീവൻ.
നേട്ടങ്ങൾ ഒരുപിടി സ്വന്തം പേരിൽക്കുറിച്ചാണു സന്തോഷ് ട്രോഫി ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടിയിട്ടുള്ള സതീവൻ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. സതീവൻ ബാലന്റെ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാംപ്യന്മാരാവുകയും പാക്കിസ്ഥാനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. യൂത്ത് ഡവലപ്മെന്റിൽ ഏറെ പ്രാവീണ്യമുള്ള പരിശീലകൻ കൂടിയാണ്. ക്യൂബയിൽ പരിശീലനത്തിൽ ഉപരിപഠനം നേടിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയെ മൂന്നു വർഷം ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യന്മാരാക്കിയതിന്റെ പിന്നിലും ഈ തിരുവനന്തപുരത്തുകാരനുണ്ട്. 2013ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം സഹപരിശീലകനായിരുന്നു. തിരുവനന്തപുരം മരപ്പാലം വിശ്വവിഹാറിലാണു താമസം. ഭാര്യ ഷീജ. മക്കൾ വിദ്യാർഥികളായ ശ്രുതിയും ലയയും. 

പിന്തുണയുമായി മുൻ നായകർ
ഈസ്റ്റർ ദിനത്തിൽ വീണ്ടുമൊരു സന്തോഷ് ട്രോഫി ഫൈനൽ. ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയുടെ ഓർമകളിൽ തൃശൂരിലെ ഈ നൂറ്റാണ്ടിലെ ആദ്യ സന്തോഷ് ട്രോഫി ഫൈനൽ ഓടിയെത്തും. സ്വന്തം നാട്ടുകാർക്കു മുന്നിൽ കപ്പുയർത്താനുള്ള ഭാഗ്യം ജോ പോളിനു നിഷേധിക്കപ്പെട്ടത് 2000ലെ ഈസ്റ്റർ ദിനത്തിലാണ്. തൃശൂരിൽ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തി മഹാരാഷ്ട്ര കിരീടം സ്വന്തമാക്കി. 1993ൽ കേരളത്തിനായി ആദ്യ സന്തോഷ് ട്രോഫി കളിക്കാനിറങ്ങിയ വർഷവും ജോ പോളിനു സന്തോഷ് ട്രോഫി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. അന്ന് ഐ.എം.വിജയൻ ഉൾപ്പെടുന്ന ബംഗാൾ ടീമാണു കേരളത്തെ പരാജയപ്പെടുത്തിയത്. ബംഗാളിനുവേണ്ടി കളിച്ച് 1995ലും 1998ലും സന്തോഷ് ട്രോഫി കിരീടം ജോ പോൾ നേടിയിട്ടുണ്ട്.
ബംഗാളിനു വേണ്ടിയും കേരളത്തിനു വേണ്ടിയും സന്തോഷ് ട്രോഫി നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരം ഐ.എം.വിജയനും ഇത് ഓർമകളുടെ ഫൈനൽ. കേരളം–ബംഗാൾ മത്സരം ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത പോരാട്ടമെന്നാണ് ഇരുവരും പറയുന്നത്. ഫുട്ബോൾ ആരാധനയിൽ കളിയെ സ്നേഹിക്കുന്നതു മലയാളികളാണെന്നും വിജയൻ പറയുന്നു. ബംഗാളുകാർ ക്ലബ്ബിനെ അന്ധമായി വിശ്വസിക്കുന്നവരാണ്. ഫൈനൽ എന്ന ടെൻഷൻ ഒന്നുമില്ലാതെ വേണം കളത്തിലിറങ്ങാൻ. കേരളത്തിന്റെ ടീം സജ്ജമാണ്. അപരാജിതരായി കപ്പുമായി അവർ തിരിച്ചെത്തുമെന്നുറപ്പ്– വിജയൻ പറയുന്നു. 

വിജയങ്ങളുടെ ചരിത്രം ബംഗാളിനൊപ്പം
ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികൾ വീണ്ടും ദേശീയ ഫുട്ബോൾ കിരീടത്തിനായി ഏറ്റുമുട്ടുമ്പോൾ ചരിത്രം ബംഗാളിനൊപ്പം. 1989ൽ ഗുവാഹത്തിയിലും 1994ൽ കട്ടക്കിലുമാണ് ഇതിനു മുൻപു സന്തോഷ് ട്രോഫിയിൽ കേരളം–ബംഗാൾ ഫൈനൽ നടന്നത്. രണ്ടു ഫൈനലുകളിലും കേരളം പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളുടേയും വിധി നിർണയിച്ചതു ടൈ ബ്രേക്കറിലെന്നതും ശ്രദ്ധേയം. കേരളത്തിന്റെ സന്തോഷ് ട്രോഫി ഹാട്രിക് എന്ന സ്വപ്നത്തിനും തടയിട്ടതു ബംഗാളാണ്. 92, 93 വർഷത്തെ സന്തോഷ് ട്രോഫി സ്വന്തമാക്കി ഹാട്രിക് സ്വപ്നവുമായി കട്ടക്കിലെത്തിയ കേരളത്തിന്റെ കിരീട മോഹങ്ങൾ തകർത്തതു ബംഗാളാണ്.
നിലവിലെ ചാംപ്യന്മാരായ ബംഗാൾ 33–ാം കിരീടം ലക്ഷ്യമിടുമ്പോൾ കേരളം ആറാം കിരീടമാണു ഉന്നം വയ്ക്കുന്നത്. ആറാം കിരീടം നേടിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടീം എന്ന സ്ഥാനം കേരളത്തിന് ഒറ്റയ്ക്കു സ്വന്തമാക്കാം. നിലവിൽ ഗോവ, സർവീസസ് എന്നിവർക്കൊപ്പം അഞ്ചു കിരീടങ്ങളുമായി കേരളം മൂന്നാം സ്ഥാനം പങ്കിടുകയാണ്. 32 കിരീടങ്ങളുള്ള ബംഗാളിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എട്ടു കിരീടങ്ങളുള്ള പഞ്ചാബാണ്. 45–ാം ഫൈനലിനാണു ബംഗാൾ ബൂട്ട് കെട്ടുന്നത്. കേരളമാകട്ടെ 14–ാം ഫൈനലിനും. കഴിഞ്ഞ വർഷം ഗോവയെ തോൽപിച്ചാണു ബംഗാൾ കിരീടമുയർത്തിയത്. കേരമാകട്ടെ ഗോവയോടാണു സെമിഫൈനലിൽ തോറ്റത്. 2004ൽ ആണു കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ പഞ്ചാബിനെയാണു കേരളം തോൽപിച്ചത്. അവസാനമായി കേരളം ഫൈനൽ കളിച്ചതു 2013ലും. കൊച്ചിയിൽ നടന്ന ഫൈനലിൽ കേരളം സർവീസസിനോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. 

'മികച്ച ടീമുകളോടു മത്സരിച്ച കരുത്തുമായാണു കേരളം ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. കളിക്കാരെല്ലാം ഫൈനലിനായി തയാറെടുത്തു കഴിഞ്ഞു. ആക്രമണ ശൈലിയിൽ തന്നെയാകും കളിക്കുക. മികച്ച പ്രകടനമാകും കേരളത്തിൽ നിന്നുണ്ടാവുക.' - സതീവൻ ബാലൻ (കേരള പരിശീലകൻ)

'ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും ഫൈനലും രണ്ടാണ്. നേരത്തെ കേരളത്തോടു തോറ്റെന്നത് ഇനി പ്രസക്തമല്ല. പുതിയ മത്സരം. കളിക്കാർ എല്ലാം സജ്ജം. മികച്ച ഫോമിലാണു ബംഗാൾ കളിക്കുന്നത്.' - രഞ്ജൻ ചൗധരി (ബംഗാൾ പരിശീലകൻ)


ഫൈനലിലേക്കുള്ള വഴി

കേരളം

ചണ്ഡിഗഡ് 5–0 

മണിപ്പുർ 6–0 

മഹാരാഷ്ട്ര 3–0 

ബംഗാൾ 1–0 

മിസോറം 1–0 (സെമിഫൈനൽ)

ബംഗാൾ

മണിപ്പുർ 3–0 

മഹാരാഷ്ട്ര 5–1 

ചണ്ഡിഗഡ് 1–0 

കേരളം 0–1 

കർണാടക 2–0 (സെമിഫൈനൽ) 

വാർണറിന് പകരക്കാരൻ കുശാൽ പെരേരയല്ല. ഇത് കിടുക്കാച്ചി ഐറ്റം.....

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പുറത്തായ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഹൈദരബാദ് ടീമില്‍ പുതിയ താരം. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സിനെയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണര്‍ക്ക് പകരം ടീമിലെത്തിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സണ്‍ റൈസേഴ്‌സ് ടീമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ണറിന് പകരക്കാരനായി ശ്രീലങ്കന്‍ താരം കുശാല്‍ പെരേര ടീമിലെത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്.
വെടിക്കെട്ട് ബാറ്റിംഗിന്റെ ഉസ്താദ് എന്നറിയപ്പെടുന്ന താരമാണ് അലക്‌സ് ഹെയില്‍സ്. അന്താരാഷ്ട്ര ടി20 യില്‍ ഇംഗ്ലണ്ടിന് വേണ്ടി 52 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയുള്‍പ്പെടെ 1456 റണ്‍സ് നേടിയിട്ടുണ്ട്. കരിയറില്‍ മൊത്തം 174 ടി20 മത്സരങ്ങളില്‍ 143.54 പ്രഹരശേഷിയില്‍ 4704 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുളളത്. വാര്‍ണറിന് പകരം ശിഖാര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് ഹെയില്‍സ് എന്നതുകൊണ്ടു തന്നെ താരത്തെ ടീമിലെത്തിച്ചത് സണ്‍ റൈസേഴ്‌സിന്റെ മികച്ച ഒരു നീക്കമായാണ് ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്നു ബംഗാളിനെ നേരിടും......

പതിനാല് വർഷത്തിന് സന്തോഷ് ട്രോഫി പിടിക്കാൻ കേരളം ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ആറാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്ന് ബംഗാളിനെതിരെ അവരുടെ തട്ടകത്തിൽ ബൂട്ട് കെട്ടുന്നത്. കിരീടം വീണ്ടെടുക്കാന്‍ കേരളം പൂര്‍ണ  സജ്ജരാണെന്ന് കോച്ച് സതീവന്‍  ബാലന്‍ പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ആറാം കിരീടത്തിനായി കേരളം ഇന്നിറങ്ങുന്നു.

എതിര്‍ പോസ്റ്റില്‍ പതിനാറ് ഗോള്‍ നിക്ഷേപിച്ച് ഒറ്റഗോള്‍ മാത്രം വഴങ്ങിയാണ്  രാഹുല്‍ വി രാജും സംഘവും കലാശപ്പോരിനിറങ്ങുന്നത്. ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗാളിനെയും സെമിയില്‍ കരുത്തരായ മിസോറമിനെയും വീഴ്ത്താനായത് കേരളത്തിന്റെ ആത്മവിശ്വാസംകൂട്ടുന്നു.

അതേസമയം, സ്വന്തം കാണികള്‍ക്ക് മുന്നില്‍ വര്‍ധിത വീര്യത്തോടെ ഇറങ്ങുന്ന ബംഗാള്‍ നിരയ്‌ക്കൊപ്പമാണ് ചരിത്രം. സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് ബംഗാള്‍ കടമ്പ കടക്കാനായിട്ടില്ല. ഏറ്റവും ഒടുവില്‍ കൊമ്പുകോര്‍ത്ത 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്റെ വിധി. തീര്‍ന്നില്ല, ഇതിന് മുന്‍പ് ഒന്‍പത് തവണ സന്തോഷ് ട്രോഫി ബംഗാളില്‍ നടന്നു. ഒരിക്കല്‍പ്പോലും ബംഗാള്‍ കിരീടം കൈവിട്ടില്ല. 

ചരിത്രത്തെ ഭയക്കാതെ കിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിൽ നിലനിർത്തിയ ഫോം തുടരാനായാൽ കിരീടം ഇത്തവണ കേരളത്തിനൊപ്പം പോരും.

SIL MEDIA
South India Live

ഫുട്ബോൾ ലഹരി മാറുന്നതിന് മുൻപ് ക്രിക്കറ്റ് ലഹരിയിലേക് ഇന്ത്യ

ട്വന്റി 20 ക്രിക്കറ്റിന്റെ പൂരക്കാലത്തിന് ഇനി ഒരാഴ്ചത്തെ കാത്തിരുപ്പ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഈ മാസം ഏഴിനു ‘ടോസ്’ ഉയർന്നുവീഴും. ഉദ്ഘാടന മൽസരം നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും വിലക്ക് മാറിയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ. വേദി മുംബൈ വാങ്കഡെ സ്റ്റേഡിയം. ഇതേ സ്റ്റേഡിയത്തിൽ മേയ് 27നു കലാശപ്പോരാട്ടം. മധ്യവേനലവധിക്കാലത്തെ 51 ദിനരാത്രങ്ങൾ ക്രിക്കറ്റിന്റെ ‘കോക്ക്ടെയ്ൽ’ പോരാട്ടങ്ങളുടേതാണ്. എട്ടു ടീമുകൾ, 60 മൽസരങ്ങൾ. പത്തു രാജ്യങ്ങളിൽ നിന്നായി 187 താരങ്ങളാണു ക്രിക്കറ്റ് ലോകത്തേറ്റവും തിളക്കമുള്ള ലീഗിന്റെ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. 

റോയൽസ് ആൻഡ് കിങ്സ്

പ്രീമിയർ ലീഗിലെ ‘വില’ പിടിപ്പുള്ള ടീമുകളായ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും രണ്ടുവർഷത്തെ വിലക്ക് മാറിത്തിരിച്ചെത്തുന്നതു തന്നെയാണ് ഈ സീസണിലെ ഹൈലൈറ്റ്. ഇടക്കാല സാന്നിധ്യങ്ങളായി പോയ വർഷങ്ങളിൽ ലീഗിൽ ഇടംനേടിയ പുണെ സൂപ്പർ ജയന്റ്സും ഗുജറാത്ത് ലയൺസും കളംവിട്ടു. പഴയ മുഖങ്ങളിൽ അശ്വിനൊഴികെയുള്ള പ്രമുഖരെ നിരത്തിയാണു ചെന്നൈയുടെ മടക്കം. നായകൻ ധോണി തന്നെ. ഒപ്പം റെയ്നയും ജഡേജയും ഡുപ്ലസിയും ബ്രാവോയും പോലുള്ളവരുമുണ്ട്. റോയൽസിനു തിരിച്ചുവരവിൽ മുൻപത്തേതിനേക്കാൾ പ്രതാപം. രഹാനെയും സഞ്ജുവും ബിന്നിയും കുൽക്കർണിയുമെല്ലാം തിരിച്ചെത്തുന്ന നീലപ്പടയിൽ ഇക്കുറി കുട്ടിക്രിക്കറ്റിലെ സെൻസേഷനൽ താരങ്ങളുടെ സാന്നിധ്യമുണ്ട്. സ്റ്റോക്സും ഷോർട്ടും ബട്‌ലറും ആർച്ചറുമെല്ലാമാണ് റോയൽസിലെ ‘അപ്രതീക്ഷിത’ ആയുധങ്ങൾ. 

ഇന്ത്യൻ നായകരുടെ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുത്തൻ പതിപ്പ് ഇന്ത്യൻ ക്യാപ്റ്റൻമാരുടേതു കൂടിയാണ്. എട്ടു ടീമുകളിൽ ഏഴു ടീമിലും ഇന്ത്യൻ താരങ്ങളാണു തലപ്പത്ത്. പത്തു വർഷം മുൻപ് ഐക്കൺ പദവിയുള്ള ഇന്ത്യൻ താരങ്ങളുമായി ലീഗ് ആരംഭിക്കുമ്പോൾപോലും ഇത്രയേറെ‘നാടൻ’ നായകരെ പരീക്ഷിക്കാൻ ഫ്രാഞ്ചൈസികൾ തയാറായിട്ടില്ല. ഒൻപത് ലീഗുകളിൽ നായകനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണി മുതൽ നവാഗതനായ അജിൻക്യ രഹാനെ വരെയുള്ളവർ ഈ സീസണിൽ വിവിധ ടീമുകളുടെ ക്യാപ്റ്റനാകും. ഹൈദരാബാദ് സൺറൈസേഴ്സ് മാത്രമാണ് വിദേശ ക്യാപ്റ്റനു കീഴിലെത്തുക. പന്തിൽ കൃത്രിമം കാട്ടിയതിനു വിലക്ക് നേരിട്ട ഡേവിഡ് വാർണർക്കു പകരം കിവീസ് നായകൻ കെയ്ൻ വില്യംസൺ ഹൈദരാബാദിനെ നയിക്കും. ഇതേ കുറ്റത്തിനു സ്ഥാനം പോയ സ്റ്റീവ് സ്മിത്തിനു പകരമായാണ് റോയൽസ് തലപ്പത്തേയ്ക്കുള്ള രഹാനെയുടെ വരവും. 

പരിഷ്കാരങ്ങളുടെ ലീഗ്

അംപയറിങ്ങിലും പുതിയ പരീക്ഷണങ്ങൾക്കു തുടക്കമിടുകയാണ് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ്. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാകും. രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽ ഐസിസി അടുത്തിടെ ഡിആർസ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് ഐപിഎല്ലും ആ വഴിക്കു നീങ്ങുന്നത്. ഓരോ ഇന്നിങ്സിലും ഒരു റിവ്യൂ വീതമാണ് ടീമുകൾക്ക് അനുവദിക്കുക. തേഡ് അംപയറുടെ വിധിനിർണയത്തിനായി ബോൾ ട്രാക്കിങ്ങും അൾട്രാ എഡ്ജും പോലുള്ള സാങ്കേതിക സംവിധാനങ്ങൾ കൂടി ഈ സീസൺ മുതൽ ഐപിഎല്ലിൽ പരീക്ഷിക്കപ്പെടും. ടിവി സംപ്രേഷണത്തിലും വന്നു മാറ്റം. സ്റ്റാർ സ്പോർട്സിലാണ് ഐപിഎൽ കാണാനാവുക. 

കൂടും കൂറും മാറി

പുത്തൻ താരങ്ങളുടെ വരവിനെക്കാളേറെ ഇക്കുറി ലീഗിൽ ശ്രദ്ധിക്കപ്പെടുക കൂട് മാറിയെത്തിയ താരങ്ങളുടെ സാന്നിധ്യങ്ങളാകും. പല ടീമുകളുടെയും ‘മുഖം’ തന്നെയായി മാറിക്കഴിഞ്ഞ ചില വമ്പൻമാരെ ഇനി ഇതര ടീമുകളിൽ കാണാം. മുംബൈയുടെ മുന്നിൽ തന്നെയുണ്ടായിരുന്ന ഹർഭജൻ ഇക്കുറി ചെന്നൈയുടെ മഞ്ഞ ബ്ലേസറിലാണ്. ചെന്നൈ വിജയക്കൂട്ടിലെ അവിഭാജ്യഘടകമായിരുന്ന അശ്വിൻ ഈ വരവിൽ പഞ്ചാബിന്റെ നായകനും. റോയൽസിന്റെ സ്വന്തം വാട്സൺ തന്റെ ബദ്ധവൈരികളെന്നു വിശേഷിപ്പിച്ചിരുന്ന ചെന്നൈയുടെ ഭാഗമായപ്പോൾ ഗെയ്‌ലിന്റെ ചാലഞ്ച് ബെംഗളൂരു കടന്നു പഞ്ചാബിലെത്തി. കൊൽക്കത്തയിലെ സ്ഥിരക്കാരായ യൂസഫ് പഠാനും ഷാക്കിബ് ഹസനും ഹൈദരാബാദിനു വേണ്ടിയാണെത്തുക. ശ്രദ്ധേയമായ ചില തിരിച്ചുപോക്കുകളും ലീഗിലുണ്ട്. കൊൽക്കത്ത നായകസ്ഥാനം ഒഴിഞ്ഞു ഗൗതം ഗംഭീർ കരിയറിലെ ആദ്യ ഇടമായ ഡൽഹിയിലെത്തുന്നു. പഞ്ചാബിലെത്തിയ യുവ്‍രാജിനും ഇതാദ്യ ടീമിലേക്കുള്ള മടക്കം തന്നെ. 

അഫ്ഗാൻ തരംഗം

ശ്രീലങ്കയിൽനിന്നും ബംഗ്ലദേശിൽ നിന്നുമുള്ളതിനെക്കാൾ കൂടുതൽ ക്രിക്കറ്റർമാർ ഇക്കുറി അഫ്ഗാനിസ്ഥാനിൽനിന്ന് ഐപിഎൽ കളിക്കാനെത്തും. പാക്കിസ്ഥാൻ താരങ്ങളെ അതിർത്തിക്കു പുറത്തു നിർത്തുന്ന ലീഗിൽ ഇത്തവണ നാല് അഫ്ഗാൻ താരങ്ങളാണുള്ളത്. റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും സൺറൈസേഴ്സ് നിലനിർത്തിയപ്പോൾ യുവതാരം സാഹിർ ഖാനെ രാജസ്ഥാൻ ടീമിലെടുത്തു. കിങ്സ് ഇലവനിലുള്ള മുജീബ് സദ്രാനാണു നാലാമൻ. അടുത്തിടെ ഏകദിന പദവി ലഭിച്ച നേപ്പാളിൽ നിന്നൊരു താരവും ആദ്യമായി ഇന്ത്യൻ ലീഗ് കളിക്കാനെത്തുന്നുണ്ട്. ഡൽഹി ഡെയർ ഡെവിൾസിന്റെ സ്പിന്നർ സന്ദീപ് ലമിചാനെയാണ് ആ താരം. 

LEADERS

മുംബൈ ഇന്ത്യൻസ് 

ക്യാപ്റ്റൻ: രോഹിത് ശർമ 

ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് 

ക്യാപ്റ്റൻ: വിരാട് കോഹ്‌ലി 

ഡൽഹി ഡെയർഡെവിൾസ് 

ക്യാപ്റ്റൻ: ഗൗതം ഗംഭീർ 

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 

ക്യാപ്റ്റൻ: ദിനേഷ് കാർത്തിക് 

രാജസ്ഥാൻ റോയൽസ് 

ക്യാപ്റ്റൻ: അജിൻക്യ രഹാനെ 

ചെന്നൈ സൂപ്പർ കിങ്സ് 

ക്യാപ്റ്റൻ: എം.എസ്.ധോണി 

കിങ്സ് ഇലവൻ പഞ്ചാബ് 

ക്യാപ്റ്റൻ: രവിചന്ദ്ര അശ്വിൻ 

സൺറൈസേഴ്സ് ഹൈദരാബാദ് 

ക്യാപ്റ്റൻ: കെയ്ൻ വില്യംസൺ 

KERALA @ IPL

സഞ്ജു സാംസൺ 

ടീം: രാജസ്ഥാൻ റോയൽസ്

ബേസിൽ തമ്പി 

ടീം: സൺറൈസേഴ്സ് ഹൈദരാബാദ്

സച്ചിൻ ബേബി 

ടീം: സൺറൈസേഴ്സ് ഹൈദരാബാദ്

എം.ഡി.നിധീഷ് 

ടീം: മുംബൈ ഇന്ത്യൻസ്

കെ.എം.ആസിഫ് 

ടീം: ചെന്നൈ സൂപ്പർ കിങ്സ്

എസ്.മിഥുൻ 

ടീം: രാജസ്ഥാൻ റോയൽസ്

സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു... ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.

സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു.. ബ്ലാസ്റ്റേഴ്സ് ഗോളിയെ റാഞ്ചിയത് ജ൦ഷഡ്പൂർ.

ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ ഗോളി എന്ന് പേരുകേട്ട സുബാഷിഷ് റോയ് ബ്ലാസ്റ്റേഴ്സ് വിട്ടു ജ൦ഷഡ്പൂരിൽ എത്തി. ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് വല കാത്ത റോയ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഒരുപാട് മികച്ച സേവുകൾ നടത്തി ബ്ലാസ്റ്റേഴ്സിനെ പല തവണ റോയ് രക്ഷിച്ചു . എന്നാല്‍ സുബ്രതാ പോളിനെ നിലനിർത്തിയ ജ൦ഷഡ്പൂർ ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

റോയ് ബ്ലാസ്റ്റേഴ്സ് വിടുന്നത് വലിയ തിരിച്ചടി ആകും എന്നാണ് കണക്ക് കൂട്ടൽ. ഇതുവരെ വേറൊരു ഗോളിയെ ബ്ലാസ്റ്റേഴ്സ് എടുത്തിട്ടില്ല. നിലവില്‍ പോൾ റച്ച്ബുക്ക ഉള്ളതിനാൽ വേറൊരു ഗോളിയെ സൂപ്പര്‍ കപ്പിന് മുമ്പ് എടുക്കാന്‍ സാധ്യത കുറവാണ് .