Monday 4 June 2018

'ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും' ഈ രാത്രി ഏറെ പ്രിയപ്പെട്ടത്'; സുനിൽ ഛേത്രി


മുംബൈ: തന്റെ വാക്കു കേട്ട് ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. കെനിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. രണ്ട് ഗോളുകളുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ തന്നെയായിരുന്നു.

‘ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.

71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള്‍ ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.

ഛേത്രിയിലൂടെ ഇന്ത്യൻ ഫുട്ബോളിന് ഉയിർത്തെഴുന്നേൽപ്പ്


മുംബൈ: ഇന്ത്യൻ ഫുട്ബോളിൻെറ ചരിത്രത്തിലെ സുവർണ നിമിഷങ്ങൾക്കാണ് ഞായറാഴ്ച മുംബൈയിലെ അന്ധേരി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആരവമുയർത്തി തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇന്ത്യ കെനിയയെ നേരിട്ടു. നായകൻ സുനിൽ ഛേത്രിക്ക് 100ാം മത്സരം.വിമർശിച്ചാലും തെറി പറഞ്ഞാലും തങ്ങളുടെ കളി കാണാൻ വരണമെന്ന ഛേത്രിയുടെ അഭ്യർഥന ഫലം കണ്ടു. മത്സരത്തിൻെറ ടിക്കറ്റുകൾ മുഴുവൻ നേരത്തെ തന്നെ വിറ്റ് തീർന്നു. തങ്ങളുടെ കളി കാണാനെത്തിയവർക്ക് ഛേത്രിയും സംഘവും ഒരുക്കിയത് അസ്സൽ വിരുന്നായിരുന്നു.68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി തന്നെയാണ് ആദ്യം കെനിയയുടെ ഗോൾവല ചലിപ്പിച്ചത്. 71ാം മിനിറ്റിൽ ജേജേ ടീമിൻെറ രണ്ടാം ഗോൾ നേടി. എക്സ്ട്രാ ടൈമിൽ തകർപ്പൻ ഗോളിലൂടെ ഛേത്രി കാണികളുടെ മനം കവർന്നു. ആരാധകർക്ക് നേരെ നിന്ന് കൈ കൂപ്പി കൊണ്ടാണ്ഇന്ത്യൻ നായകൻ തൻെറ സന്തോഷം പങ്കു വെച്ചത്.അക്ഷരാർഥത്തിൽ ഇന്ത്യൻ ഫുട്ബോൾ ഉയിർത്തെണീക്കുകയാണ്. ഛേത്രി എന്ന ഫുട്ബോളർ അതിനെ മുന്നിൽ നിന്ന് നയിക്കുകയാണ്.

ആരാധകർക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി

ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തിയ ആയിരങ്ങൾക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി. ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കാൻ ആയിരങ്ങളാണ് മുംബൈ ഫുട്ബാൾ അരീനയിൽ എത്തിച്ചേർന്നത്.തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകർക്ക് മത്സര ശേഷമാണ് സുനിൽ ഛേത്രി നന്ദി രേഖപ്പെടുത്തിയത്.കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകർ മത്സരം കാണാൻ എത്തിച്ചേർന്നത്. കാലങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത്. “നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തേക്കാൻ ഞങ്ങൾ ശ്രമിക്കും” സുനിൽ ഛേത്രി പറഞ്ഞു.“ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങൾക്ക് വളരെയേറെ ഊർജ്ജം നൽകും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ ഞാൻ തയ്യാറാണ്” സുനിൽ ഛേത്രി കൂട്ടി ചേർത്തു.നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുൻപ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐഎം വിജയനും ചേർന്ന് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചു.