Saturday 26 May 2018

കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി വീണു; ഷില്ലോംഗിന് യുത്ത് ലീഗ് കിരീടം


അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടത്തില്‍ മുത്തമിട്ട് ഷില്ലോംഗ് ലാജോംഗ് എഫ് സി. ഷില്ലോംഗിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ഷില്ലോംഗ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഷില്ലോംഗിന്റെ വിജയം. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി ഗോള്‍ നേടിയത്. ഒരു ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സംഭാവനയായിരുന്നു.

കളിയുടെ നാലാം മിനുട്ടിലാണ് നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സ് യുവനിരയെ തേടിയെത്തിയത്. ബോക്‌സിനടുത്ത് നിന്ന് ലാജോംഗിന് ലഭിച്ച ത്രോയില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനകത്തേക്ക് എത്തിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കാലിത്തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് യുവനിര കൂടുതല്‍ ഉണര്‍ന്ന് കളിക്കുന്നതാണ് കണ്ടത്. മുന്‍ മത്സരങ്ങളിലെ ഹീറോയായ കെ എസ് അബ്ദുള്ളയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ നെയ്തപ്പോള്‍ ഷില്ലോംഗ് പ്രതിരോധം അവയെല്ലാം തകര്‍ത്ത് കൊണ്ടിരുന്നു.

മറുവശത്ത് ഡോന്‍ബോക്ലാംഗ് ലിംഗ്‌ദോയാണ് ഷില്ലോംഗ് മുന്നേറ്റത്തെ നയിച്ചത്. ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഒരു ലീഡിന്റെ ആനുകൂല്യത്തില്‍ ഷില്ലോംഗ് കളിച്ചു. ഒടുവില്‍ ഇഞ്ചുറിടൈമില്‍ അവര്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിലേക്ക് രണ്ടാമത്തെ ഗോളും നിക്ഷേപിച്ചു. കെയ്ന്‍സൈലാംഗ് ഖോംഗ്‌സിറ്റാണ് ഷില്ലോംഗിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. അതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിക്കുകയും ചെയ്തു. രണ്ടു ഗോള്‍ വിജയത്തോടെ ഷില്ലോംഗ് യുവനിരക്ക് അണ്ടര്‍ 18 യൂത്ത് ലീഗ് കിരീടം.