Sunday 6 May 2018

ഐ ലീഗിലെ ടോപ്സ്കോററാവുക ലക്ഷ്യം ; ജെർമ്മൻ


അടുത്ത വർഷത്തെ ഐലീഗിൽ ടോപ്സ്കോററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗോകുലം കേരള എഫ് സി താരം അന്റോണിയോ ജെർമ്മൻ. കഴിഞ്ഞ ദിവസം ഗോകുലവുമായി കരാറിലെത്തിയ താരം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച‌ജെർമ്മൻ കേരളത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന്റെ സന്തോഷവും മറച്ചു പിടിച്ചില്ല.

”ഗോകുലത്തിനോടൊപ്പമുള്ള പുതിയ വെല്ലുവിളി തന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നു, ഇന്ത്യ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സ്ഥലമാണ്, കേരളവും. ഇവിടേക്ക് തിരിച്ച് വരാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. തന്റെ പുതിയ ടീമിനൊപ്പം മികച്ച‌ പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാസ്റ്റേഴ്സല്ലാതെ മറ്റൊരു ക്ലബ്ബ് തിരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാൽ ഇന്ത്യയിൽ തിരിച്ചെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു”. ജെർമ്മൻ പറഞ്ഞു. ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും, ഐ ലീഗിലെ ടോപ്സ്കോർ പദവിയാണ് താൻ സ്വപ്നംകാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അതേ സമയം 2015 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജെർമ്മൻ 23 മത്സരങ്ങളിൽ അവർക്കായി കളത്തിലിറങ്ങി. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ആറ് ഗോളുകൾ നേടിയ ജെർമ്മൻ അഞ്ചെണ്ണത്തിന് വഴിയുമൊരുക്കി. ഗോളുകൾ നേടാനും. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഏറെ മികവ് പുലർത്തുന്ന ജെർമ്മൻ, ഗോകുലത്തിൽ നിന്ന് പോയ സൂപ്പർ താരം ഹെൻ റി കിസേക്കയുടെ ഒഴിവ് നികത്താൻ കഴിവുള്ള താരമാണ്. മുൻ ക്യൂ.പി.ആർ താരം കൂടിയായ ജെർമ്മനെ ടീമിലെത്തിച്ചത് ഗോകുലത്തിന്റെ മികച്ച നീക്കങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

No comments:

Post a Comment