Saturday 9 June 2018

എന്തൊരു വിഡ്ഢിത്തമാണത്; മെസ്സിയുമായുള്ള താരതമ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഛേത്രി


സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി മൂന്നാം സ്ഥാനത്താണ്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ പേരില്‍ 81 ഗോളും ലയണല്‍ മെസ്സിയുടെ അക്കൗണ്ടില്‍ 64 ഗോളുകളുമാണുള്ളത്. 61 ഗോളുകളാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്.

ഇപ്പോള്‍ തന്നെയും മെസ്സിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.’ മെസ്സിയേയും റൊണാള്‍ഡോയേയും ഞാനുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമോശമാണ്. മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ മെസ്സിയേ മറികടന്ന രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും ഞാന്‍ അവരേക്കാള്‍ കേമനാണ് എന്നുമുള്ള തരത്തില്‍ പലരും പറയുന്നത് കേട്ടു. എന്തൊരു വിഢിത്തമാണത്. മെസ്സിയും റൊണാള്‍ഡോയും എന്നേക്കാള്‍ എത്രയോ ഉയരങ്ങളിലാണ്. ഞാന്‍ ഏവരേയുംപോലെ അവരുടെ ആരാധകനാണ്. അവരും ഞാനും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. അങ്ങനൊരു താരതമ്യത്തിന് ഞാന്‍ അര്‍ഹനല്ല’ ഛേത്രി ഇന്ത്യ ടുഡെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ രാജ്യത്തിനു വേണ്ടി 60 നു മുകളില്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. എന്റെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞു എന്നതു തന്നെ വലിയ നേട്ടം. ഇന്ത്യന്‍ ജേഴ്‌സിയില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക , ഇന്ത്യന്‍ ടീമിന്റെ നായകനാവുക. ഇതൊക്കെ ഒരു സ്വപനംപോലെ തോന്നുന്നൂള്ളു ഛേത്രി കൂട്ടിച്ചേര്‍ത്തു.