Friday 8 June 2018

ഇന്ത്യയിലെ ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും; സൂപ്പർ താരങ്ങളെ പ്രതീക്ഷിച്ച് ആരാധകർ


ഇന്ത്യന്‍ ക്ലബുകള്‍ക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതിന് വേണ്ടിയുള്ള ഫിഫ ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് തുറക്കും. ഓഗസ്റ്റ് 31 വരെയാണ് ആദ്യ വിന്‍ഡോ നീണ്ടു നില്‍ക്കുന്നത്. അടുത്ത ഐ എസ് എല്‍ സീസണ് മുമ്പായി വമ്പന്‍ താരങ്ങളെ എത്തിക്കാന്‍ ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണിത്. ഫിഫയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലാണ് ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണ്‍ മുതല്‍ നവംബര്‍-മാര്‍ച്ച് കാലയളവിലാണ് ഐ എസ് എല്‍ നടക്കുന്നത്. ഇത്തവണത്തെ ഐ എസ് എല്ലിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ക്ലബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള സമയം നാളെ മുതല്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് അവസാനം വരെ നീണ്ടു നില്‍ക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐ എസ് എൽ ക്ലബുകളിൽ നിലവിൽ എ ടി കെ, ബെംഗളുരു എഫ് സി, ചെന്നൈയിന്‍, എഫ് സി ഗോവ, ജംഷഡ്പൂര്‍ തുടങ്ങിയ ടീമുകളില്‍ മാത്രമാണ് വിദേശസാന്നിധ്യമുള്ളത്. മറ്റു ടീമുകളൊന്നും വിദേശതാരങ്ങളുടെ കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഐ എസ് എല്‍ തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ 2019 ജനുവരി 1 മുതല്‍ 31 വരെയുമായിരിക്കും.