Tuesday 10 April 2018

അനസിന് ദേശീയ റെക്കോർഡ്...

ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയുടെ സുവർണതീരത്തു മലയാളത്തിനു മെഡൽപ്രതീക്ഷ സമ്മാനിച്ചു കുതിച്ചുപാഞ്ഞ വൈ. മുഹമ്മദ് അനസിന് ദേശീയ റെക്കോർഡ് പ്രകടനം നടത്തിയിട്ടും നാലാം സ്ഥാനം മാത്രം. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിലാണ് 45.31 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അനസ് നാലാമതായത്.

തന്റെ തന്നെ പേരിലുള്ള 45.32 സെക്കൻഡിന്റെ റെക്കോർഡാണ് ഗോൾഡ് കോസ്റ്റിൽ അനസ് ഒരു സെക്കന്‍ഡിനു മെച്ചപ്പെടുത്തിയത്. സെമിഫൈനൽ ഹീറ്റ്സിൽ 45.44 സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ അനസ് ഫിനിഷ് ചെയ്തത്.

44.35 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയ ബോട്സ്വാനയുടെ ഐസക് മാക്വാലയ്ക്കാണ് സ്വർണം. 45.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബലോക്കി തെബെ വെള്ളിയും സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കൻ താരം ജവോൻ ഫ്രാൻസിസ് 45.11 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും നേടി.

1958ൽ കാർഡിഫിൽ നടന്ന ഗെയിംസിൽ, ഇന്നത്തെ 400 മീറ്ററിന്റെ പഴയ രൂപമായ 440 യാഡ്സ് (440 വാര–402.33 മീറ്റർ) മൽസരത്തിൽ സ്വർണം നേടിയ മിൽഖ സിങ്ങിനു ശേഷം ഈയിനത്തിൽ ഫൈനലിൽ കടന്ന ആദ്യ താരമാണ് കൊല്ലം നിലമേൽ വളയിടം സ്വദേശിയായ അനസ്. 46.6 സെക്കൻഡിലായിരുന്നു മിൽഖയുടെ സ്വർണനേട്ടം.

ഏഷ്യ കപ്പിന് യു എ ഇ വേദിയായേക്കും...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി. യു.എ.ഇയാണ് പുതിയ വേദി. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 13 മുതല്‍ 28 വരെയായായിരുന്നു ഇന്ത്യയില്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമായതാണ് വേദി മാറ്റാനുള്ള കാരണമായി പറയുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വേദി യു. എ.ഇയിലേയ്ക്ക് മാറ്റുകയാണ് ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗമെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പറഞ്ഞു. 

കോമണ്‍വെല്‍ത്ത് ഗെയിംസ്; പുരുഷന്‍മാരുടെ പാരാ-ഹെവിവെയിറ്റ് പവര്‍ലിഫ്റ്റിങ്‌ ഇനത്തിൽ ഇന്ത്യയുടെ സച്ചിന്‍ ചൗധരിക്ക് വെങ്കലം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഇരുപത്തിയൊന്നാമത്തെ മെഡല്‍ പാരാ-പവര്‍ലിഫ്റ്റര്‍ സച്ചിന്‍ ചൗധരിയിലൂടെ. പുരുഷന്‍മാരുടെ പാരാ-ഹെവിവെയിറ്റ് പവര്‍ലിഫ്റ്റിങ്ങിലാണ്‌ സച്ചിന്‍ ചൗധരി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. 201 കിലോ ഭാരം ഉയര്‍ത്തി 181 പോയന്റ് നേടിയാണ് ചൗധരിയുടെ മെഡല്‍ നേട്ടം. 

നൈജീരിയയുടെ അബ്ദുള്‍ അസീസ് ഇബ്രാഹിം ഈ ഇനത്തില്‍ സ്വര്‍ണവും മലേഷ്യയുടെ യീ കീ ജോങ് വെള്ളിയും സ്വന്തമാക്കി. മുപ്പത്തിയഞ്ചുകാരനായ ചൗധരി കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന പവര്‍ലിഫ്റ്റിങ് വേള്‍ഡ് കപ്പില്‍ വെള്ളി നേടിയിരുന്നു. 2012 സമ്മര്‍ പാരാലിമ്പിക്‌സിലും ചൗധരി പങ്കെടുത്തിട്ടുണ്ട്. 

നിലവില്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും സഹിതം 21 മെഡല്‍ നേട്ടത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 50 സ്വര്‍ണവും 38 വെള്ളിയും 42 വെങ്കലവും സ്വന്തമാക്കിയ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 24 സ്വര്‍ണവും 29 വെള്ളിയും 21 വെങ്കലവും നേടിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.