Friday 11 May 2018

ചെന്നൈയെ വിഴുത്തി രാജസ്ഥാൻ റോയൽസ്

മറുവശത്ത് പടയാളികളെ ഓരോരുത്തരെയായി നഷ്ടപ്പെട്ടപ്പോഴും ഒറ്റയ്ക്കു പൊരുതിയ ജോസ് ബട്‌ലറിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്പിച്ചത് 4 വിക്കറ്റിനാണ്. ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ രാജസ്ഥാനായി. അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ബട്‌ലര്‍ അനായാസം ആതിഥേയരെ ജയത്തിലെത്തിച്ചു. 60 പന്തില്‍ നിന്ന് 11 ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടെ 95 റണ്‍സാണ് ഇംഗ്ലീഷ് താരം അടിച്ചുകൂട്ടിയത്. സ്‌കോര്‍- ചെന്നൈ 176-4, രാജസ്ഥാന്‍ 177-6

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വെല്ലുവിളി നേരിടാന്‍ ജോസ് ബട്‌ലര്‍ക്കൊപ്പം ബെന്‍ സ്റ്റോക്ക്‌സിനെയാണ് രാജസ്ഥാന്‍ ഓപ്പണിംഗില്‍ നിയോഗിച്ചത്. എന്നാല്‍ തന്ത്രം പാളിയെന്ന് മാത്രം. ഏഴു പന്തില്‍ 11 റണ്‍സെടുത്ത സ്റ്റോക്ക്‌സിനെ ഹര്‍ഭജന്‍ പുറത്താക്കി. അതിനുമുമ്പ് ബട്‌ലറുമൊത്ത് 48 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്റ്റോക്ക്‌സിനായി. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെയും (4) വേഗത്തില്‍ മടങ്ങി. സഞ്ജു സാംസണ്‍ ബട്‌ലര്‍ക്കൊപ്പം ചേര്‍ന്നതോടെയാണ് രാജസ്ഥാന്‍ വീണ്ടും ട്രാക്കിലായത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലര്‍ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11 ഓവര്‍ വരെ രാജസ്ഥാന്റെ കൈയിലായിരുന്നു കളി.

സ്‌കോര്‍ബോര്‍ഡില്‍ 99 റണ്‍സുള്ളപ്പോള്‍ സഞ്ജു റണ്ണൗട്ടായത് കളിയില്‍ നിര്‍ണായകമായി. അഞ്ചാമനായി ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബിന്നി ബട്‌ലര്‍ക്ക് ഉറച്ച പിന്തുണ നല്കി. ജയിക്കാന്‍ 15 പന്തില്‍ 31 റണ്‍സ് വേണ്ടപ്പോള്‍ ബിന്നി (22) പുറത്ത്. പിന്നാലെയെത്തിയ കെ. ഗൗതം 4 പന്തില്‍ 12 റണ്‍സെടുത്ത് ജയത്തിന് കളമൊരുക്കി. നേരത്തേ, ടോസ് നേടിയ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായുഡുവിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ചെന്നൈയെ ഞെട്ടിച്ചു.

രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചു. അടുത്ത വരവില്‍ ആര്‍ച്ചര്‍ 39 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണെയും വീഴ്ത്തി. അതിനിടെ സുരേഷ് റെയ്‌ന തന്റെ മുപ്പത്തിനാലാം ഐപിഎല്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ അമ്പതു കടന്നയുടനെ റെയ്‌ന ഇഷ് സോധിക്ക് വിക്കറ്റ് സമ്മാനിച്ചു. അതോടെ ഇന്നിംഗ്‌സിന് വേഗം കുറയുകയും ചെയ്തു. അവസാന ഓവറിലെ രണ്ടു പന്തുകള്‍ ബൗണ്ടറിയടിച്ച് സാം ബില്ലിംഗ്‌സ് തുടങ്ങിയെങ്കിലും നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. 22 പന്തില്‍ 27 റണ്‍സാണ് ബില്ലിംഗ്‌സ് നേടിയത്. 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു.

മുംബൈ സിറ്റി എഫ് സി താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂര്‍ എഫ് സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ മുംബൈ സിറ്റി എഫ് സി താരമായിരുന്നു രാജു ഗെയ്ക്ക്‌വാദിനെ ജംഷഡ്പൂര്‍ എഫ് സി സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ ഗെയ്ക്ക്‌വാദ് ജംഷഡ്പൂര്‍ പ്രതിരോധത്തില്‍ കളിക്കുമെന്ന് ഗോള്‍.കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.

27കാരനായ താരം ഈ സീസണില്‍ 15 മത്സരങ്ങളാണ് മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഒരു അസിസ്റ്റും ഗെയ്ക്ക്‌വാദ് സ്വന്തം പേരിലാക്കി. എന്നാല്‍ സീസണില്‍ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനമായിരുന്നില്ല മുംബൈ സിറ്റിയുടേത്. 18 കളികളില്‍ നിന്ന് 7 വിജയം നേടിയ അവര്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു. ലീഗിലെ പുതുമുഖങ്ങളായിരുന്ന ജംഷഡ്പൂര്‍ എഫ് സിയാകട്ടെ, അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തു.

അടുത്ത സീസണിലേക്ക് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ വേണ്ടിയാണ് ഇരുടീമുകളും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മുന്‍ പൈലന്‍ ആരോസ് താരമായ രാജു ഗെയ്ക്ക്‌വാദ് നേരത്തെ ഐ എസ് എല്ലില്‍ എഫ് സി ഗോവക്ക് വേണ്ടിയും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ഐ ലീഗ് ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമില്‍ 23 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.