Thursday 7 June 2018

തോറ്റെങ്കിലും ഛേത്രിപ്പട ഫൈനലില്‍


പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. പകരക്കാരക്കാര്‍ക്ക് അവസരം നല്കി കളത്തിലിറങ്ങിയ ഇന്ത്യയെ 2-1നാണ് കിവികള്‍ തോല്‍പ്പിച്ചത്. തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ ഇന്ത്യ ഫൈനലിലെത്തി. മികച്ച ഗോള്‍ ശരാശരിയാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നു മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ആറു പോയിന്റുണ്ട്. ഗോള്‍വ്യത്യാസം എട്ടാണ്. കിവികളും രണ്ടെണ്ണം ജയിച്ചെങ്കിലും ഗോള്‍വ്യാത്യാസത്തില്‍ അവര്‍ പിന്നിലാണ്. അടുത്ത മത്സരത്തില്‍ വലിയ മാര്‍ജിനില്‍ കെനിയ ജയിച്ചില്ലെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലാകും നടക്കുക.

ഏഴു മാറ്റങ്ങളോടെയാണ് ഇന്ത്യ അവസാന മത്സരത്തിന് ഇറങ്ങിയത്. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ പകരക്കാര്‍ക്ക് പരമാവധി അവസരം നല്കാന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി താരം ആഷിഖ് കരുണിയനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. അമരീന്ദര്‍ സിംഗ്, സലാം സിംഗ്, നാരായണ്‍ ദാസ്, റൗളിന്‍ ബോര്‍ഗസ്, മുഹമ്മദ് റഫീഖ് ബല്‍വന്ദ് സിംഗ് എന്നിവരാണ് തുടക്കം മുതല്‍ കളത്തിലിറങ്ങിയത്. അനസ് എടത്തൊടികയ്ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു.

മറുവശത്ത് ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന ന്യൂസിലന്‍ഡ് നാലു മാറ്റങ്ങള്‍ വരുത്തി. കിവികളുടെ ആക്രമണത്തോടെയാണ് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആരവം ഉയര്‍ന്നത്. പതിനഞ്ചാം മിനിറ്റില്‍ അപകടകരമായ ഫൗളിനു ശ്രമിച്ച ഇന്ത്യന്‍ താരം നാരായണ്‍ദാസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ 25 മിനിറ്റില്‍ ഗോളിന് അടുത്തെത്തിയ ചില മുന്നേറ്റങ്ങള്‍ സന്ദര്‍ശക ടീമില്‍ നിന്നുണ്ടായി. പ്രതിരോധത്തില്‍ അനസിന്റെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.

രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വലകുലുക്കി. സുനില്‍ ഛേത്രി തന്നെയായിരുന്നു ഇത്തവണയും സ്‌കോറര്‍. നാല്പത്തിയേഴാം മിനിറ്റിലെ ഈ ഗോളിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ആന്ദ്രെ മിച്ചലാണ് വലകുലുക്കിയത്. ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിംഗിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. കളി സമനിലയില്‍ അവസാനിച്ചെന്ന് തോന്നിച്ചിടത്താണ് എണ്‍പത്തഞ്ചാം മിനിറ്റില്‍ മോസെസ് ഡയര്‍ കിവികളെ ജയത്തിലെത്തിച്ച ഗോള്‍ നേടിയത്.