Tuesday 3 April 2018

ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായി മുന്‍ സ്പിന്നര്‍ ആശിഷ് കപൂറിനെ നിയമിച്ചു




മുംബൈ: ഓള്‍ ഇന്ത്യ ജൂനിയര്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി അംഗമായി മുന്‍ സ്പിന്നര്‍ ആശിഷ് കപൂറിനെ നിയമിച്ചു. വെങ്കിടേഷ് പ്രസാദ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐയുടെ മൂന്നംഗ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ രാകേഷ് പരീഖ്, ഗ്യാനേന്ദ്ര പാണ്ഡെ എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങള്‍.
ഇന്ത്യക്കായി 17 ഏകദിനങ്ങളും നാല് ടെസ്റ്റുകളും കളിച്ച ആശിഷ് 1996 ലെ ഐസിസി ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇതിനു പുറമെ 128 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ആശിഷ് കളിച്ചിട്ടുണ്ട്. സെലക്ഷന്‍ സമിതിയിലേക്ക് നിയമിക്കപ്പെട്ട ആശിഷിനെ അഭിനന്ദിച്ച് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന രംഗത്തെത്തി. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പ്രാഗത്ഭ്യവും യുവ പ്രതിഭകളെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റിയെ സഹായിക്കുമെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ വെങ്കിടേഷ് പ്രസാദ് രാജിവെച്ചത്. അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യ വിജയിച്ച് ഒരുമാസം തികയുന്നതിനിടയിലായിരുന്നു മുന്‍ പേസര്‍ കൂടിയായ പ്രസാദിന്റെ രാജി. ചില വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു പ്രസാദ് നല്‍കിയ വിശദീകരണം. എന്നാല്‍ സെലക്ടര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രസാദിനെ ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് കോച്ചായി നിയമിക്കുകയും ചെയ്തു.