Saturday 5 May 2018

ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ തോൽവിയുടെ കാരണം തുറന്നു പറഞ്ഞു കോഹ്ലി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന ഐ പി എല്‍ പോരാട്ടം പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി. ബോളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് 127-9 റണ്‍സിലൊതുങ്ങിയപ്പോള്‍ ചെന്നൈ 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിന് ശേഷം സ്പിന്നര്‍മാരെ പ്രശംസിച്ച് ധോണി രംഗത്ത് വന്നപ്പോള്‍ കോഹ്ലി വിട്ടുകളഞ്ഞ ക്യാച്ചുകളെ കുറിച്ചാണ് പറഞ്ഞത്. ‘ വളരെ കടുത്ത മത്സരമായിരുന്നു, മധ്യ ഓവറുകളില്‍ ചെന്നൈയെ പിടിച്ചു നിര്‍ത്തുകയും ചെയ്തു, എന്നാല്‍ വിട്ടു കളഞ്ഞ ക്യാച്ചുകള്‍, അതൊരിക്കലും കളി ജയിക്കാന്‍ സഹായിക്കില്ല’ – കോഹ്ലി പറഞ്ഞു. ഡ്വെയിന്‍ ബ്രാവോയുടെ ക്യാച്ചുകള്‍ പാര്‍ത്ഥിവ് പട്ടേലും യുസ്‌വേന്ദ്ര ചാഹലും വിട്ടു കളഞ്ഞത് സൂചിപ്പിച്ചാണ് കോഹ്ലിയുടെ വാക്കുകള്‍.

‘ സ്പിന്നര്‍മാരാണ് കളി ജയിപ്പിച്ചത്, ജഡേജയും ഭാജിയും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, വിരാടിനെ ജഡേജയും ഡിവില്ലിയേഴ്‌സിനെ ഹര്‍ഭജനും വീഴ്ത്തിയത് മത്സരത്തിലെ ടേണിംഗ് പോയന്റായി’ – ധോണി പറഞ്ഞു. മത്സരത്തില്‍ ജഡേജ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തയിരുന്നു. ഹര്‍ഭജന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ജഡ്ഡുവിന് ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തിങ്കളാഴ്ച്ചയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ചെന്നൈയ്ക്ക് ഇനി 11നാണ് മത്സരം. രാജസ്ഥാനാണ് അവരുടെ അടുത്ത എതിരാളികള്‍.

വിരാടിൻെറ വിക്കറ്റ് എന്തുകൊണ്ട് ആഘോഷിച്ചില്ല ആരാധകരുടെ ചോദ്യത്തിന് മറുപടിയുമയി ജഡേജ


പൂനെ: ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നിമിഷം ബെംഗളൂരു നായകന്‍ വിരാട് കോഹ്ലിയുടെ പുറത്താകലായിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു വിരാടിനെ പുറത്താക്കിയത്. എന്നാല്‍ വിക്കറ്റ് നേട്ടം ജഡേജ ആഘോഷിച്ചില്ലായിരുന്നു. ഇതിന് പിന്നിലെ കാരണം എന്തായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തത്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് വിക്കറ്റ് ആഘോഷിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഡേജ. ഇന്നിംഗ്‌സ് ബ്രേക്കിനിടെ അവതാരകനായ രോഹന്‍ ഗവാസ്‌കറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ജഡേജയുടെ വെളിപ്പെടുത്തല്‍.
ആദ്യ പന്തായിരുന്നു അതെന്നും അതുകൊണ്ട് തന്നെ വിക്കറ്റ് എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ജഡേജയുടെ മറുപടി. അതുകൊണ്ട് താന്‍ ആഘോഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറയുന്നു.വിരാടിന്റെ വിക്കറ്റ് നേട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും ആ മൊമന്റം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
അതിവേഗത്തില്‍ കോഹ്ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന്‍ പരുങ്ങി നിന്നപ്പോള്‍ പന്ത് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കോഹ്ലി നിന്നപ്പോള്‍ വിക്കറ്റ് ആഘോഷി്ക്കാനായി കൈ ഉയര്‍ത്തിയ ജഡേജ ഒന്ന് ശങ്കിച്ച് നില്‍ക്കുകയായിരുന്നു.

ആഘോഷിക്കണോ വേണ്ടയോ എന്ന ഭാവത്തില്‍ നിന്ന ജഡേജ മുന്‍ ടീമിനെതിരെ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നായിരുന്നു കമന്റേര്‍മാരുടെ പ്രതികരണം. എന്താണ് ജഡേജയുടെ മുഖത്ത് വിരിഞ്ഞ വ്യത്യസ്തമായ ഭാവത്തിന് പിന്നിലെന്ന ചിന്തയിലാണ് ആരാധകര്‍. 1 പന്തില്‍ എട്ട് റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് വിജയം. നാല് ഓവര്‍ എറിഞ്ഞ മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍.

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്‌ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

ബെംഗളൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണമായിരുന്നു. ചെന്നൈ ബൗളര്‍മാരുടെ കരുത്തു കണ്ട മത്സരത്തില്‍ ബെംഗളൂരു ചെറിയ സ്‌കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഗോകുലം കേരള എഫ് സിയിലോട്ട്‌

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം കേരള എഫ് സിയുമായി കരാറിലെത്തി. അല്‍പ്പസമയം മുമ്പ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ താരം ഗോകുലവുമായി ചര്‍ച്ചയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സീസണില്‍ ഗോകുലത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച ഉഗാണ്ടന്‍ താരം ഹെന്റി കിസ്സേക്ക മോഹന്‍ ബഗാനിലേക്ക് കൂടുമാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് ജര്‍മ്മനുമായി ഗോകുലം കരാറിലെത്തിയിരിക്കുന്നത്.

2015-16 സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങളാണ് ജര്‍മ്മന്‍ കളിച്ചത്. ആറു ഗോളുകളും അഞ്ചു അസിസ്റ്റുകളും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ ഇംഗ്ലീഷ് താരം സ്വന്തമാക്കി. പിന്നീട് ബ്ലാസ്റ്റേഴ്‌സിലും കേരളത്തിലും തിരിച്ചെത്താനുള്ള താല്‍പ്പര്യം താരം ഇടക്കിടെ പ്രകടിപ്പിച്ചിരുന്നു. എന്തായാലും ഇക്കാര്യത്തിലുള്ള ആശങ്കകളെല്ലാം ഇപ്പോള്‍ അകന്നിരിക്കുകയാണ്. അടുത്ത ഐ ലീഗ് സീസണില്‍ ഗോകുലത്തിന്റെ കരുത്തായി അന്റോണിയോ ജര്‍മ്മന്‍ ഉണ്ടാവുമെന്നറിയുന്നതോടെ ആരാധകരും ആവേശത്തിലാണ്.

ഇക്കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു ഗോകുലം. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മിനര്‍വ്വ പഞ്ചാബ് തുടങ്ങിയ വമ്പന്‍മാരെ കേരള ടീം പരാജയപ്പെടുത്തിയിരുന്നു . പിന്നീട് സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ഗോകുലം പ്രീ ക്വാര്‍ട്ടറില്‍ ബെംഗളുരുവിനോട് പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിലെ അഞ്ചാം ഡിവിഷന്‍ ക്ലബ് എബ്‌സ്ഫ്‌ളീറ്റ് യുണൈറ്റഡിന് വേണ്ടിയാണ് ജര്‍മ്മന്‍ അവസാനം കളിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ക്ലബ് വിട്ട ജർമ്മൻ ഫ്രീ ഏജൻ്റായിരുന്നു നിലവിൽ.

എഎഫ്സി ഏഷ്യാ കപ്പ് ഇന്ത്യ ഗ്രൂപ്പ് എ യിൽ.. ആ കടമ്പ മറികടക്കുമെന്ന് കോച്ച് .. ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഇതിഹാസ താര൦..

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടം മറികടന്ന് നോക്കൗട്ട് സ്റ്റേജിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്നും, ഗ്രൂപ്പ് മത്സരങ്ങളെന്ന കടമ്പ മറികടക്കാനുള്ള കഴിവ് നിലവിലെ ഇന്ത്യൻ ടീമിനുണ്ടെന്നും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കഴിഞ്ഞ ദിവസം ദുബായിയിൽ നടന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹ്റൈൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് അത്രയ്ക്ക് എളുപ്പമല്ലെങ്കിലും കൂട്ടത്തിലുള്ള ചില ടീമുകളെ തോൽപ്പിക്കാനുള്ള കെല്പ് ഇന്ത്യയ്ക്കുണ്ട്. തങ്ങളുടേതായ ദിവസം ആരെയും തോൽപ്പിക്കാൻ നമ്മുടെ ടീമിന് കഴിയും.” ഗ്രൂപ്പ് നറുക്കെടുപ്പിന് ശേഷം കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇതിന് മുൻപ് ഇന്ത്യ ഏഷ്യാകപ്പ് കളിച്ചത് 2011ലാണ്. എന്നാൽ കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ബഹ റൈൻ എന്നിവരോട് തകർന്നടിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായിരുന്നു അന്ന് ടീമിന് വിധി. അന്ന് ടീമിലുണ്ടായിരുന്ന സുനിൽ ഛേത്രി ഇന്ന് ടീമിന്റെ ക്യാപ്റ്റനാണ്. തെക്കൻ ഏഷ്യയിൽ നിന്ന് അടുത്ത വർഷത്തെ ഏഷ്യാകപ്പിന് യോഗ്യത നേടിയ ഏകടീമും ഇന്ത്യയാണ്. യു.എ.ഇ യിലെ എട്ട് വേദികളിലായി ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെയാണ് അടുത്ത വർഷത്തെ ടൂർണമെന്റ് നടക്കുക.

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടീം ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ. ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ലഭിച്ച ഗ്രൂപ്പിൽ അത്ര ശക്തരായ എതിരാളികളില്ലെന്നും കൂട്ടത്തിലെ ഉയർന്ന രണ്ടാം റാങ്ക് ടീമായതിനാൽ ഇന്ത്യയ്ക്ക് അനായാസം നോക്കൗട്ടിലെത്താമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ബൂട്ടിയ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് നിർണയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പ് നറുക്കെടുപ്പിൽ താൻ പൂർണ സന്തോഷവാനാണെന്ന് ബൂട്ടിയ പറയുന്നു.ഏഷ്യൻ ഫുട്ബോൾ ശക്തികളായ ഓസ്ട്രേലിയ, ഇറാൻ, ഇറാഖ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ ഗ്രൂപ്പിൽ വന്നില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ആതിഥേയരായ യു.എ.ഇ, തായ്ലാൻഡ്, ബഹറൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ യിലാണ് ടൂർണമെന്റിൽ ഇന്ത്യ കളിക്കുക. എ ഗ്രൂപ്പിലെ ഉയർന്ന രണ്ടാം റാങ്കുകാരും ടീം ഇന്ത്യയാണ്.

കടുകട്ടി ഗ്രൂപ്പിലൊന്നുമല്ല ഇന്ത്യ കളിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ നന്നായി കളിക്കാൻ കഴിഞ്ഞാൽ നമുക്ക് മുന്നേറാൻ കഴിയും. ബൂട്ടിയ പറയുന്നു. ഇതിന് മുൻപ് 2011ലാണ്ഇന്ത്യ ഏഷ്യാകപ്പ് കളിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ പക്ഷേ ദയനീയ തോൽവിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്‌. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ അന്ന് ബൈച്ചുംഗ് ബൂട്ടിയയും ഉണ്ടായിരുന്നു.

ദുബായ്: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഗ്രൂപ്പ് നിര്‍ണ്ണയം പൂര്‍ത്തിയായി. ആതിഥേയരായ യുഎഇയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബഹ്‌റൈന്‍, തായ്‌ലാന്‍ഡ് തുടങ്ങിയവയാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.

ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകള്‍ മത്സരിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഉള്‍പ്പെട്ടതാണ് ഗ്രൂപ്പ് ബി. സിറിയ, പലസ്തീന്‍, ജോര്‍ദാന്‍, എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുന്നു.

ഗ്രൂപ്പ് എ- യുഎഇ, തായ്‌ലാന്‍ഡ്, ഇന്ത്യ, ബഹ്‌റൈന്‍.
ഗ്രൂപ്പ് ബി-ഓസ്‌ട്രേലിയ, സിറിയ, പലസ്തീന്‍, ജോര്‍ദാന്‍.
ഗ്രൂപ്പ് സി- കൊറിയ റിപ്പബ്ലിക്, ചൈന, കിര്‍ഗ്‌സ് റിപ്പബ്ബിക്, ഫിലിപ്പിന്‍സ്.
ഗ്രൂപ്പ് ഡി-ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യമന്‍.
ഗ്രൂപ്പ് ഇ- സൗദി അറേബ്യ, ഖത്തര്‍, ലെബനാന്‍, ഉത്തരകൊറിയ
ഗ്രൂപ്പ് എഫ്- ജപ്പാന്‍, ഉസ്ബക്കിസ്ഥാന്‍, ഒമാന്‍, തുര്‍ക്‌മെനിസ്ഥാന്‍.

ബെര്‍ബറ്റോവിന്റെ കളി ഇനി സിനിമയിൽ


മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ ഡിമിറ്റാര്‍ ബെര്‍ബറ്റോവ് അഭിനയ രംഗത്തേക്ക് കടക്കുന്നു. തന്റെ നാടായ ബള്‍ഗേറിയയിലെ ഒരു ആക്ഷന്‍ സിനിമയിലൂടെയാണ് ബെര്‍ബ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. റവല്യൂഷന്‍ എക്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരു ഡോണിന്റെ വേഷത്തിലാണ് ബെര്‍ബ എത്തുക.
   2014ല്‍ ആണ് സിനിമയില്‍ അഭിനയിക്കാന്‍ ബെര്‍ബ തീരുമാനിച്ചത്. സിനിമയുടെ ട്രെയിലര്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മെയ് 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫുട്ബോള്‍ കളി നിര്‍ത്തി ഫുട്ബോള്‍ മാനേജ്മെന്റിലേക്ക് വരാന്‍ ഒരുങ്ങുന്നതിനിടയിലാണ് ബെര്‍ബറ്റോവ് സിനിമയിലും ഒരു കൈ നോക്കുന്നത്. നേരത്തന്നെ ഹോളിവുഡിലെ പ്രസിദ്ധമായ സിനിമ ഗോഡ് ഫാദറിന്റെ മൂന്നാം ഭാഗത്തിലെ ആന്‍ഡി ഗാര്‍സിയയുമായി ബെര്‍ബറ്റോവിനെ താരതമ്യപെടുത്താറുണ്ടായിരുന്നു. അത് അറിഞ്ഞു കൊണ്ടാകണം ഒരു മാഫിയ ലീഡര്‍ റോളില്‍ തന്നെ ബെര്‍ബ തന്റെ അരങ്ങേറ്റം കുറിക്കുന്നതും.

അഫ്ഗാനെതിരെ ഇന്ത്യയുടെ യുവനിരയോ?

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പുറമെ കൂടുതല്‍ മുതിര്‍ന്ന താരങ്ങള്‍ അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘം നേരത്തെ യാത്ര തിരിക്കുന്നതാണ് ഇതിനുള്ള കാരണം. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇന്ത്യയുടെ രണ്ടാം നിരയായിരിക്കും അഫ്ഗാനെതിരായ ടെസ്റ്റ് മത്സരത്തിനിറങ്ങുക.
കോഹ്‌ലിക്ക് പുറമെ, അജിന്‍ക്യ രഹാന, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ഭവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ തുടങ്ങിയവരും അഫ്ഗാനെതിരായ ടെസ്റ്റിനുണ്ടാകില്ല. ശ്രീലങ്കയില്‍ വെച്ച് നടന്ന നിഥാഹസ് ട്രോഫി ടൂര്‍ണമെന്റിലിറങ്ങിയ ഇന്ത്യയുടെ യുവനിരയായിരിക്കും അഫ്ഗാനെതിരെയും ഇറങ്ങുക. കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാന് ഐസിസി ടെസ്റ്റ് പദവി ലഭിച്ചത്. തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിനാണ് അഫ്ഗാന്‍ തയ്യാറെടുക്കുന്നതും. ജൂണ്‍ 14 ന് ബംഗളുരുവിലാണ് മത്സരം.

തോൽവിയിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ് ചരിത്രം ആവർത്തിക്കാൻ വീണ്ടും മുംബൈ ഇന്ത്യൻസ്


പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് ജീവന്‍ വയ്ക്കാന്‍ ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യന്‍സിന് ഐപിഎല്ലില്‍ മൂന്നാം ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആവേശത്തെ 4 വിക്കറ്റിനാണ് മുംബൈ മറികടന്നത്. സൂര്യകുമാര്‍ യാദവ് തുടക്കമിട്ട കടന്നാക്രമണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 42 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 11 പന്തില്‍ 33 റണ്‍സെടുത്ത ക്രൂണാലിന്റെ ബാറ്റിംഗ് മുംബൈ ജയത്തില്‍ നിര്‍ണായകമായി. രോഹിത് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍ പഞ്ചാബ് 174-6, മുംബൈ 176-4.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഇന്‍ഡോറിലെ പിച്ചില്‍ അത്ര വലിയ ലക്ഷ്യമായിരുന്നില്ല മുംബൈയ്ക്ക് പിന്തുടരേണ്ടിയിരുന്നത്. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ശ്രദ്ധയോടെ തുടങ്ങിയതോടെ ആദ്യ ഓവറുകളില്‍ റണ്‍സ് വരുന്നത് കുറഞ്ഞു. പവര്‍പ്ലേയുടെ അവസാന ഓവറില്‍ 13 പന്തില്‍ 10 റണ്‍സെടുത്ത ലൂയിസിനെ മുജീബ് ഉര്‍ റഹ്മാന്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പതിവില്‍ നിന്നു വ്യത്യസ്തമായി രോഹിത് ശര്‍മയ്ക്കു പകരം ഇഷാന്‍ കിഷനാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്.

തുടക്കത്തിലെ പതറിയ കിഷാന് കൂടുതല്‍ സമ്മര്‍ദം നല്കാതെ മറുവശത്ത് സൂര്യകുമാര്‍ ആക്രമിച്ചു കളിച്ചു. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ സൂര്യകുമാറിനെ മാര്‍ സ്റ്റോയിനിസ് വീഴ്ത്തി. 42 പന്തില്‍ 57 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം. മൂന്നു സിക്‌സറുകളടക്കം 18 പന്തില്‍ 25 റണ്‍സെടുത്ത കിഷാനും തൊട്ടടുത്ത ഓവറില്‍ വീണു. മുജീബിന്റെ രണ്ടാം വിക്കറ്റ്. ഹര്‍ദിക് പാണ്ഡ്യയ്ക്കു കൂട്ടായി രോഹിത് ക്രീസിലെത്തിയതോടെ മുംബൈ വീണ്ടും ട്രാക്കിലായി. പഞ്ചാബിന് ഭീഷണിയായി സഖ്യം വളര്‍ന്നതോടെ കളി ആവേശകരമായി.

ആന്‍ഡ്രു ടൈയുടെ പന്തില്‍ 23 റണ്‍സെടുത്ത ഹര്‍ദിക് പുറത്തായെങ്കിലും രോഹിത് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തതോടെ മുംബൈ വിജയതീരത്തെത്തി. ഹര്‍ദിക് ആയിരുന്നു കൂടുതല്‍ അപകടരകാരി. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഓള്‍റൗണ്ടര്‍ക്ക് കൃത്യമായി സ്‌ട്രൈക്ക് കൈമാറി രോഹിത് മികച്ച പങ്കാളിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങി. ആദ്യം വെടിക്കെട്ട് തുടങ്ങിയ രാഹുല്‍ പതിയെ ആ ഉത്തരവാദിത്വം ഗെയ്‌ലിനെ ഏല്‍പ്പിച്ചു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറില്‍ സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡേ രാഹുലിനെ പവലിയനിലേക്ക് അയച്ചു. 20 പന്തില്‍ 24 റണ്‍സാണ് രാഹുല്‍ നേടിയത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ടറികളടിച്ച് റണ്‍സ് കണ്ടെത്തിയ ഗെയ്ല്‍ സ്‌കോറിനെ മുന്നോട്ടു നയിച്ചു.

യുവരാജ് സിംഗ് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും മെല്ലെപ്പോക്ക് തുടര്‍ന്ന്. 40 പന്തില്‍ 50 റണ്‍സെടുത്ത ഗെയ്ല്‍ ബെന്‍ കട്ടിംഗിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ യുവരാജ് 14 പന്ത് നേരിട്ട് 14 റണ്‍സെടുത്ത് റണ്ണൗട്ടായി. ആറു ബൗണ്ടറികളും രണ്ടു സിക്‌സുകളും അടങ്ങിയതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. കരുണ്‍ നായര്‍ 12 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഓവര്‍ പഞ്ചാബിന് അനുകൂലമാക്കി. 15 പന്തില്‍ 29 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. എന്നാല്‍ അഗര്‍വാള്‍ 11 റണ്‍സെടുത്ത് ആ ഓവറില്‍ പുറത്താവുകയും ചെയ്തു.