Wednesday 2 May 2018

ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍.. ആവേശകരമായ മത്സരത്തിനൊടുവിൽ പൊരുതി വീണ് റോമ..

ക്വാർട്ടറിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അത്ഭുത തിരിച്ചുവരവ് ആവർത്തിക്കുന്നതിന് അടുത്തെത്തി റോമ വീണൂ. ലിവർപൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോൾ മാത്രമെ മടക്കുന്നതിൽ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റിൽ 7-6ന്റെ ആനുകൂല്യത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ ഫൈനലിലേക്ക് കടന്നു.

രണ്ട് വർഷമായി ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ലാത്ത റോമൻ സംഘത്തിനെതിരെ ആദ്യ 25 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ സ്കോർ ചെയ്താണ് റോമയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ ലിവർപൂൾ അവസാനിപ്പിച്ചത്. കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ നൈംഗോളന്റെ ഒരു പിഴവാണ് ലിവർപൂളിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. നൈംഗോളന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ലിവർപൂൾ മാനെയിലൂടെയാണ് ലീഡെടുത്തത്.

ആറു മിനുറ്റുകൾക്കകം ഒരു സെൽഫ് ഗോളിലൂടെ റോമ ഒരു ഗോൾ മടക്കി പ്രതീക്ഷ തിരിച്ചുകൊണ്ടു വന്നു. ലിവർപൂളിന്റെ ഡിഫൻസീവ് ക്ലിയറൻസിനിടെ മിൽനറിന്റെ തലയ്ക്ക് തട്ടി പന്ത് ലിവർപൂൾ വലയിൽ തന്നെ വീഴുകയായിരുന്നു. പക്ഷെ ആ പ്രതീക്ഷയും നീണ്ടില്ല. 25ആം മിനുട്ടിൽ വൈനാൾഡന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ലിവർപൂളിന്റെ ഫൈനൽ പ്രതീക്ഷ സജീവമാക്കി. 7-3ന്റെ അഗ്രിഗേറ്റ് ലീഡായിരുന്നു അപ്പോൾ ലിവർപൂളിന്.

രണ്ടാം പകുതിയിൽ ജെക്കോയിലൂടെ റോമ സമനില പിടിച്ചെങ്കിലും കളി റോമയ്ക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും ദൂരത്തായിരുന്നു. 86ആം മിനുട്ടിൽ നൈഗോളാൻ ഒരു ഗോൾ കൂടെ നേടി മത്സരം 3-2ഉം അഗ്രിഗേറ്റ് 5-7ഉം ആക്കിയെങ്കിലും അപ്പോഴും രണ്ട് ഗോളിന്റെ ദൂരം. പിന്നീടും പൊരുതുന്നത് തുടർന്ന റോമ ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലെ നാലാം ഗോളും നേടി. നൈംഗോളൻ തന്നെ ആയിരുന്നു നാലാം ഗോളും നേടിയത്. അഗ്രിഗേറ്റ് 6-7. പക്ഷെ ആ ഗോളും ഫൈനലിൽ എത്താൻ സഹായിച്ചില്ല. 13 ഗോളുകളാണ് ഈ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇരു പാദങ്ങളിലുമായി വീണത്. അത് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു റെക്കോർഡുമാണ്.

ലിവർപൂൾ യുക്രൈനിലേക്ക് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് പോകുന്നത്. ഇന്നലെ ബയേണിനെ തോൽപ്പിച്ച് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന സിദാന്റെ സംഘമാകും ലിവർപൂളിനെ കാത്തിരിക്കുന്നത്.

ബട്ലറുടെ വെടികെട്ട് ബാറ്റിംഗിനു൦ രാജസ്ഥാനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല.. ഡൽഹിക്ക് നാല് റൺസിന്റെ വിജയ൦.. പൊരുതി തോറ്റ് രാജസ്ഥാന്‍..


മഴയത്തും ആവേശം ചോരാതിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ആവേശജയം. ജയപരാജയങ്ങള്‍ അവസാന നിമിഷം വരെ മാറിമറിഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് ശ്രേയസ് അയ്യരും കൂട്ടരും രാജസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇടിമിന്നലായി പെയ്തിറങ്ങിയ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണത് നിര്‍ണായകമായി.

26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. 29 പന്തില്‍ 69 റണ്‍സെടുത്ത റിഷാഭ് പന്താണ് ഡെല്‍ഹിയുടെ വിജയശില്പി. മഴമൂലം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുന:നിശ്ചയിച്ചിരുന്നു. സ്‌കോര്‍ ഡെല്‍ഹി 196-6 (17.1 ഓവര്‍) ഡെല്‍ഹി 146-5 (12)

ജയിക്കാന്‍ ഓവറില്‍ 12 റണ്‍സിന് മുകളില്‍ തുടക്കം മുതല്‍ വേണ്ടിയിരുന്ന രാജസ്ഥാന്‍ മാത്യു ഷോര്‍ട്ടിനൊപ്പം വെടിക്കെട്ടുകാരന്‍ ജോസ് ബട്‌ലറെയാണ് ഓപ്പണിംഗിനായി നിയോഗിച്ചത്. രാജസ്ഥാന്‍ ക്യാംപിന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ബട്‌ലര്‍ അടിച്ചു മുന്നേറിയതോടെ ഡെല്‍ഹി ബൗളിംഗിന്റെ താളം തെറ്റി. പേസര്‍ ആവേശ് ഖാനാണ് ബട്‌ലറിന്റെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത്. ആവേശിന്റെ ആദ്യ ഓവറില്‍ 23 റണ്‍സാണ് ഇംഗ്ലീഷ് താരം അടിച്ചെടുത്തത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലര്‍ ഒടുവില്‍ അമിത് മിശ്രയുടെ ഗൂഗ്‌ളിക്കു മുന്നില്‍ വീണു.

കേവലം 26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സെടുത്ത ബട്‌ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 6.4 ഓവറില്‍ 82. 32 പന്തില്‍ ജയിക്കാന്‍ 67 റണ്‍സെന്ന അവസ്ഥ. ആഞ്ഞു പിടിച്ചാല്‍ രാജസ്ഥാന് ജയിക്കാമായിരുന്ന സന്ദര്‍ഭം. എന്നാല്‍ ഷോര്‍ട്ട് മുടന്തിയോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ കുറഞ്ഞു വന്നു. വണ്‍ഡൗണായി ബെന്‍ സ്‌റ്റോക്ക്‌സിനെ ഇറക്കാതെ സഞ്ജുവിനെ നിയോഗിച്ചതും ക്യാപ്റ്റന്‍സിയിലെ പാളിച്ചായി. അഞ്ചു പന്തില്‍ കേവലം മൂന്നു റണ്‍സ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ബോള്‍ട്ടെറിഞ്ഞ ഒന്‍പതാം ഓവറില്‍ സഞ്ജുവിനൊപ്പം ഒരു റണ്‍സെടുത്ത സ്റ്റോക്ക്‌സും പുറത്തായതോടെ ഡെല്‍ഹിക്ക് മേല്‍ക്കൈയായി. എന്നാല്‍ കൃഷ്ണപ്പ ഗൗതം തകര്‍ത്തടിച്ചതോടെ കളി അവസാന ഓവറിലേക്ക് നീങ്ങി. 15 റണ്‍സ് മതിയായിരുന്നു അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍. എന്നാല്‍ ബോള്‍ട്ട് പത്തു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം ഡെല്‍ഹിക്ക് അനുകൂലമാക്കി.

നേരത്തേ ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഡെല്‍ഹിക്ക് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പൂജ്യത്തിന് നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു തകര്‍ച്ചയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യുവതാരം പൃഥ്വി ഷായ്‌ക്കൊപ്പം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചേര്‍ന്നതോടെ ഡെല്‍ഹി കളിയിലേക്ക് തിരിച്ചുവന്നു. കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി പൃഥ്വി ആയിരുന്നു. മോശം പന്തുകള്‍ യാതൊരു ദയയുമില്ലാതെ അതിര്‍ത്തി കടത്തിയ ഷാ 25 പന്തില്‍ 47 റണ്‍സെടുത്താണ് മടങ്ങിയത്. ശ്രേയസ് ഗോപാലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങും മുമ്പ് നാലു കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നിരുന്നു.

ഷായ്ക്ക് പകരമെത്തിയ റിഷാഭ് പന്ത് കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് മുന്നേറിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി ശ്രേയസ് മറുവശത്ത് നിലയുറപ്പിച്ചു. ഇതിനിടെ കേവലം 23 പന്തുകളില്‍ പന്ത് അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് ജയദേവ് ഉനദ്ഖട്ടിന്റെ പന്തില്‍ വീണു. അവസാന പന്തില്‍ പന്തും. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറു പന്തില്‍ 17) നടത്തിയ മിന്നലാക്രമണവും ഡെല്‍ഹിക്ക് കരുത്തായി.