Sunday 1 April 2018

ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു..... ആരാധകരെ മുഴുവൻ വിഡ്ഢികളാക്കി സെവാഗ്.

മുംബൈ: വിരേന്ദര്‍ സെവാഗ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു എന്നതായിരുന്നു ക്രിക്കറ്റ് ലോകം ഇന്നലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്ത. വീരുവിന്റെ സ്വഭാവം കണക്കിലെടുത്ത് ഏപ്രില്‍ ഫൂളാകുമെന്നായിരുന്നു ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നാലെ സഹതാരം യുവരാജ് സിംഗ് കൂടി വാര്‍ത്തയുമായി രംഗത്തെത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. എല്ലാവരും തങ്ങളുടെ പ്രിയങ്കരന്റെ തിരിച്ചു വരവ് ആഘോഷിക്കാന്‍ തുടങ്ങി.

എന്നാല്‍ ആരാധകരുടെ എല്ലാ സന്തോഷങ്ങളേയും തല്ലിക്കെടുത്തി കൊണ്ട് ഇന്നലെ രാത്രിയോടെ സെവാഗ് തന്നെ പ്രതികരണവുമായി എത്തി. താന്‍ തിരികെ വരുന്നു എന്നത് ആരാധകരെ കബളിപ്പിക്കാനുള്ള ട്വീറ്റ് മാത്രമായിരുന്നുവെന്നും ഏപ്രില്‍ ഫൂള്‍ ആയിരുന്നുവെന്നും സെവാഗ് വെളിപ്പെടുത്തി. ഇതിന് സഹായിച്ച മാധ്യമങ്ങള്‍ക്കും സെവാഗ് പറഞ്ഞു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് നന്ദി എന്നായിരുന്നു സെവാഗിന്റെ വാക്കുകള്‍.

തനിക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനും ഇതുപോലെ തന്നെ എന്നും നിങ്ങളുടെ പിന്തുണ നല്‍കണമെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ സെവാഗിന്റെ വെളിപ്പെടുത്തലോടെ ആരാധകരില്‍ ഭൂരിപക്ഷവും കലിപ്പിലാണ്. തങ്ങളുടെ വിശ്വാസത്തെയാണ് സെവാഗും കിംഗ്‌സ് ഇലവനും തകര്‍ത്തതെന്നും വഞ്ചിച്ച ഈ ടീമിനെ പിന്തുണയ്ക്കില്ലെന്നും ചിലര്‍ പറയുന്നു. ടീമിന്റെ തമാശയെ എതിര്‍ത്ത് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, നേരത്തെ തന്നെ ഇത് ഏപ്രില്‍ ഫൂള്‍ ആണെന്ന് പറഞ്ഞ ആരാധകര്‍ ഇപ്പോള്‍ തങ്ങളുടെ ബുദ്ധിയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്.

സെവാഗ് വീണ്ടും ഐപിഎല്‍ മൈതാനത്തേക്ക് മടങ്ങിയെത്തുമെന്നും ആരോണ്‍ ഫിഞ്ചിന് പകരക്കാരനായി ആദ്യ മത്സരത്തില്‍ പഞ്ചാബിനായി ഇറങ്ങുമെന്നുമായിരുന്നു ട്വീറ്റ്. ടീം അധികൃതരും നായകന്‍ ആര്‍ അശ്വിനുമടക്കമുള്ളവര്‍ ദീര്‍ഘ നേരത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് സെവാഗിന്റെ മടങ്ങി വരവ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഐസ് ക്രിക്കറ്റ് മത്സരത്തില്‍ സെവാഗ് തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിരുന്നു.

തിരിച്ചു വരവ് തീരുമാനത്തിന് മുന്നോടിയായി താരം പഞ്ചാബ് ടീമിനൊപ്പം പരിശീലനം നടത്തി തെളിഞ്ഞെന്നും ഔദ്യോഗിക കുറിപ്പില്‍ കിംഗ്സ് ഇലവന്‍ പറഞ്ഞു. എന്നാല്‍ പിന്നാലെ ഇന്ത്യന്‍ താരം യുവരാജ് സിംഗും വാര്‍ത്ത സ്ഥീരീകരിച്ച് രംഗത്തെത്തി.