Sunday 6 May 2018

ഐ ലീഗിലെ ടോപ്സ്കോററാവുക ലക്ഷ്യം ; ജെർമ്മൻ


അടുത്ത വർഷത്തെ ഐലീഗിൽ ടോപ്സ്കോററാവുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഗോകുലം കേരള എഫ് സി താരം അന്റോണിയോ ജെർമ്മൻ. കഴിഞ്ഞ ദിവസം ഗോകുലവുമായി കരാറിലെത്തിയ താരം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച‌ജെർമ്മൻ കേരളത്തിലേക്കുള്ള തന്റെ തിരിച്ചു വരവിന്റെ സന്തോഷവും മറച്ചു പിടിച്ചില്ല.

”ഗോകുലത്തിനോടൊപ്പമുള്ള പുതിയ വെല്ലുവിളി തന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നു, ഇന്ത്യ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സ്ഥലമാണ്, കേരളവും. ഇവിടേക്ക് തിരിച്ച് വരാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. തന്റെ പുതിയ ടീമിനൊപ്പം മികച്ച‌ പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാസ്റ്റേഴ്സല്ലാതെ മറ്റൊരു ക്ലബ്ബ് തിരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നാൽ ഇന്ത്യയിൽ തിരിച്ചെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു”. ജെർമ്മൻ പറഞ്ഞു. ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടുക എന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും, ഐ ലീഗിലെ ടോപ്സ്കോർ പദവിയാണ് താൻ സ്വപ്നംകാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അതേ സമയം 2015 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജെർമ്മൻ 23 മത്സരങ്ങളിൽ അവർക്കായി കളത്തിലിറങ്ങി. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ആറ് ഗോളുകൾ നേടിയ ജെർമ്മൻ അഞ്ചെണ്ണത്തിന് വഴിയുമൊരുക്കി. ഗോളുകൾ നേടാനും. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഏറെ മികവ് പുലർത്തുന്ന ജെർമ്മൻ, ഗോകുലത്തിൽ നിന്ന് പോയ സൂപ്പർ താരം ഹെൻ റി കിസേക്കയുടെ ഒഴിവ് നികത്താൻ കഴിവുള്ള താരമാണ്. മുൻ ക്യൂ.പി.ആർ താരം കൂടിയായ ജെർമ്മനെ ടീമിലെത്തിച്ചത് ഗോകുലത്തിന്റെ മികച്ച നീക്കങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

​ബാറ്റിംഗ് മറന്ന് രാജസ്ഥാൻ


പതിനാറുകാരന്‍ ബൗളര്‍ മുജീബ് ഉര്‍ റഹ്മാന്‍ പന്തുകൊണ്ട് വിസ്മയം കാണിച്ചപ്പോള്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മോശം സ്‌കോര്‍. പഞ്ചാബിന് ജയിക്കാന്‍ വേണ്ടത്  153 റണ്‍സ്. ജോസ് ബട്‌ലര്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാര്‍ കളി മറന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. ബട്‌ലര്‍ 39 പന്തില്‍ 51 റണ്‍സെടുത്തു. 28 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് മറ്റൊരു പ്രധാന സ്‌കോറര്‍. പഞ്ചാബിനായി മുജീബ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

നന്നായി തുടങ്ങുക മോശമായി അവസാനിപ്പിക്കുക; ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രീതിയാണിത്. ഇന്‍ഡോറില്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയപ്പോഴും പതിവ് പറ്റിച്ചില്ല രാജസ്ഥാന്‍. ഷോര്‍ട്ട് (2) തുടക്കത്തിലേ മടങ്ങിയെങ്കിലും ഓപ്പണര്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്റെ തുടക്കം ഗംഭീരമായി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5) മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആയിരുന്നു ബട്‌ലറിന്റെ നല്ല കൂട്ടുകാരന്‍. ഇരുവരും ക്ലാസ് ഷോട്ടുകളുമായി മുന്നേറിയതോടെ പഞ്ചാബിന്റെ പിടിയയഞ്ഞു. എന്നാല്‍ ആന്‍ഡ്രു ടൈ എറിഞ്ഞ പതിനൊന്നാം ഓവറില്‍ കളിമാറി.

പുള്‍ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ബൗണ്ടറിലൈനില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ മലയാളിതാരത്തിന്റെ സമ്പാദ്യം 28 റണ്‍സ്. പിന്നെയൊരു കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. മുജീബിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിനെ മനോഹരമായ റിലേ ക്യാച്ചില്‍ മയങ്ക് അഗര്‍വാള്‍- മനോജ് തിവാരി കുട്ടുകെട്ട് പുറത്താക്കി. 12 റണ്‍സായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ ബട്‌ലറും (51), ജോഫ്ര ആര്‍ച്ചറും (പൂജ്യം) മുജീബിന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്ത്. അധികം വൈകാതെ കൃഷ്ണപ്പ ഗൗതവും (5) വീണു. വാലറ്റക്കാര്‍ തട്ടിയും മുട്ടിയും കുറച്ചു റണ്‍സ് നേടിയതോടെ പന്തെറിയാനുള്ള ആത്മവിശ്വാസം രാജസ്ഥാന് കൈവന്നു.

കൊല്‍ക്കത്തയെ തകർത്ത് മുംബൈ


അവസാന ഓവര്‍വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് ജയം. കൃണാല്‍ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 23 രണ്‍സായിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറി കണ്ടെത്തിയ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍ രണ്ടാമത്തെ ബോളില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച് നല്‍കി മടങ്ങുകയായിരുന്നു. അതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു. പിന്നീട് റണ്‍സിനായി നായകന്‍ ദിനേശ് കാര്‍ത്തിക് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഉത്തപ്പയും റാണയും ചേര്‍ന്നപ്പോള്‍ കൊല്‍ക്കത്ത പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 59 റണ്‍സെടുത്ത ഉത്തപ്പ പോയതിനു ശേഷം കൊല്‍ക്കത്തയ്ക്ക് റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ 31 രണ്‍സെടുത്ത റാണയും 9 രണ്‍സെടുത്ത റസ്സലും മടങ്ങി. 36 രണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ് മതിയാവുകയില്ലായിരുന്നു കൊല്‍ക്കത്തയുടെ ജയത്തിന്.

മുംബൈയ്ക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടും കൃണാല്‍,മാര്‍ക്കണ്ഡെ,ഭൂംറ,മക്ലെനന്‍ എന്നിവര്‍ ഓരോ വിക്കറ്റുമ വീഴ്ത്തി. മുംബൈയുടെ നാലാമത്തെ ജയമാണിത്