Tuesday 8 May 2018

ചെന്നൈ ഇലവനിൽ സ്ഥാനം ലഭിക്കുന്നില്ല; CSK ഇംഗ്ലീഷ് താരം നാട്ടിലേക്ക് മടങ്ങുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ അവസരം ലഭിക്കാത്തതിനാല്‍ മാര്‍ക്ക് വുഡ് നാട്ടിലേക്ക് മടങ്ങുന്നു. വരുന്ന സീസണില്‍ ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന യുവതാരം ദര്‍ഹാമിന് വേണ്ടി കൗണ്ടി കളിക്കാനുള്ള തീരുമാനത്തിലാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വുഡ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘അടുത്ത സീസണു വേണ്ടി തയ്യാറെടുക്കാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്, വളരെ കഷ്ടപ്പെട്ടാണ് ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിക്കാനുള്ള സാഹചര്യത്തില്‍ എത്തിയിരിക്കുന്നത്’ ചെന്നൈ ഇലവനില്‍ ഇടം ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങി ദര്‍ഹാമിന് വേണ്ടി കളിക്കണം, അങ്ങനെ ഇംഗ്ലീഷ് ദൗത്യത്തിന് വേണ്ടി തയ്യാറെടുക്കണം’ വുഡ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇംഗ്ലീഷ് താരങ്ങളോട് നേരത്തെ ഐപിഎല്‍ ഒഴിവാക്കി നാട്ടിലെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വുഡ് അതിനും മുമ്പ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഐപിഎല്‍ താരലേലത്തിലൂടെ ചെന്നൈയിലെത്തിയ വുഡിന് ആദ്യ മത്സരത്തില്‍ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. മുംബൈക്കെതിരെ അന്ന് വിക്കറ്റുകളൊന്നും നേടാതെ താരം 49 റണ്‍സ് വഴങ്ങിയിരുന്നു.

വിജയ വഴിയിൽ രാജസ്ഥാൻ, ഒറ്റയാനായി രാഹുൽ


തുടര്‍ തോല്‍വികളില്‍ പ്ലേഓഫ് അപകടത്തിലായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഒടുവില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ലോകേഷ് രാഹുല്‍ (95) എന്ന ഏകാംഗ പടയാളി പൊരുതിയിട്ടും 15 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു പഞ്ചാബിന്റെ വിധി. പിച്ച് അപ്രതീക്ഷിത സ്വഭാവം കാണിച്ച മത്സരത്തില്‍ രാജസ്ഥാന് തുണയായത് ബൗളര്‍മാരുടെ മികവാണ്. ജയത്തോടെ അവസാനക്കാരില്‍ നിന്ന് ആറാംസ്ഥാനത്തേക്ക് ഉയരാനും അജിങ്ക്യ രഹാനെയുടെ സംഘത്തിനായി. സ്‌കോര്‍ രാജസ്ഥാന്‍ 158-8, പഞ്ചാബ് 143-7.

ജയ്പൂരിലെ പിച്ചില്‍ അത്ര വലുതല്ലാത്ത സ്‌കോര്‍ പിന്തുടരാനിറങ്ങിയ പഞ്ചാബിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ നഷ്ടമായി. ഒരു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കരീബിയന്‍ താരത്തിന് നേടാനായത്. തൊട്ടുപിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ അശ്വിനും സംപൂജ്യനായി പുറത്ത്. ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ട ദിവസം കരുണ്‍ നായര്‍ക്കും രാശിയായില്ല. ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ വെറും മൂന്നു റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം.

മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ ആറിന് 81 റണ്‍സെന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. രാഹുല്‍ ക്രീസിലുള്ളത് മാത്രമായിരുന്നു പഞ്ചാബിന്റെ ഏക പ്രതീക്ഷ. എന്നാല്‍ മറുവശത്ത് പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെ പഞ്ചാബ് തോല്‍വിയേറ്റു വാങ്ങി. നേരത്തെ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ രഹാനെയ്ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ബട്‌ലറുമെത്ത് 3.4 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായി. ആന്‍ഡ്രു ടൈയാണ് ഒന്‍പത് റണ്‍സെടുത്ത രഹാനെയെ വീഴ്ത്തിയത്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ കൃഷ്ണപ്പ ഗൗതമിനും (8) കാര്യമായൊന്നും ചെയ്യാനായില്ല.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടാതിരുന്ന സങ്കടത്തില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്കി. ഇതിനിടെ 27 പന്തില്‍ ബട്‌ലര്‍ അര്‍ധശതകം തികച്ചു. സ്‌കോര്‍ബോര്‍ഡില്‍ 117 റണ്‍സുള്ളപ്പോള്‍ 22 റണ്‍സെടുത്ത സഞ്ജുവിനെ മുജീബ് ഉര്‍ റഹ്മാന്‍ തിരിച്ചയച്ചു. തൊട്ടടുത്ത ഓവറില്‍ മുജീബ് വീണ്ടും ആഞ്ഞടിച്ചു. 82 റണ്‍സെടുത്ത ബട്‌ലറും പുറത്ത്. അവസാന ഓവറുകളില്‍ കാര്യമായ കൂറ്റനടികള്‍ വരാതിരുന്നതോടെ വലിയ സ്‌കോറെന്ന രാജസ്ഥാന്‍ സ്വപ്നം പൊലിഞ്ഞു. പഞ്ചാബിനായി നാലുവിക്കറ്റെടുത്ത ആന്‍ഡ്രു ടൈയും രണ്ടു വിക്കറ്റ് പിഴുത മുജീബ് ഉര്‍ റഹ്മാനും തിളങ്ങി.

എന്തുകൊണ്ട് ഗോകുലം തെരഞ്ഞെടുത്തു, ജെര്‍മെയ്ന്‍ പറയുന്നു


കേരള ബ്ലാസ്റ്റേഴ്‌സിനായി രണ്ടു സീസണുകളില്‍ കളിച്ച താരമാണ് അന്റോണിയോ ജെര്‍മെയ്ന്‍. ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോയിട്ടും കേരളത്തിലെ ആരാധകരുമായി തുടര്‍ച്ചയായി സോഷ്യല്‍മീഡിയയിലുടെ സംവദിച്ച ജെര്‍മെയ്ന്‍ വീണ്ടും മലയാളക്കരയിലേക്ക് എത്തുകയാണ്. അടുത്ത ഐലീഗ് സീസണില്‍ ഗോകുലം കേരള എഫ്‌സിക്കായി പന്തുതട്ടാനൊരുങ്ങുന്ന ജെര്‍മെയ്ന്‍ താന്‍ എന്തുകൊണ്ട് ഈ ടീമിനൊപ്പം ചേര്‍ന്നെന്ന കാര്യം വ്യക്തമാക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പോയശേഷം മറ്റൊരു ക്ലബിനായി കളിക്കേണ്ടി വന്നത് വലിയ വേദനയായിരുന്നു. കാരണം ഈ ടീമിനെയും ആരാധകരെയും അത്രമേല്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷം. ബ്ലാസ്‌റ്റേഴ്‌സിലേക്ക് അല്ല തിരിച്ചുവരുന്നതെങ്കിലും ഗോകുലത്തിനായി കളിക്കുന്നതില്‍ നിറഞ്ഞ സന്തോഷമാണ്- ജെര്‍മെയ്ന്‍ പറയുന്നു.

ഗോകുലത്തെ അടുത്ത സീസണില്‍ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ പറയുന്നു. ലീഗില്‍ എനിക്ക് ടോപ് സ്‌കോറര്‍ ആകണം. ഒപ്പം ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും വേണം. പുതിയ വെല്ലുവിളിയെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയാണെന്നും ജെര്‍മെയ്ന്‍ പറയുന്നു. ഗോകുലത്തിന്റെ പ്രീസീസണ്‍ ക്യാമ്പ് ജൂണ്‍ അവസാനം തുടങ്ങുമെന്നാണ് സൂചന.

ഗോകുലം താരത്തെ സ്വന്തമാക്കാൻ ISL ക്ലബുകൾ

കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച‌ പ്രതിരോധ താരം പ്രൊവത് ലാക്രയെ ടീമിലെത്തിക്കാൻ ഐ എസ് എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രംഗത്ത്. കൽക്കട്ട പ്രീമിയർ ഡിവിഷൻ ക്ലബ്ബായ പതചക്രയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് ലാക്ര കഴിഞ്ഞ സീസണിൽ ഗോകുലത്തിലെത്തിയത്. ലാക്രയെ സ്വന്തമാക്കാൻ എട്ട് ലക്ഷം രൂപയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നോട്ട് വെക്കുന്നത്. എന്നാൽ പതചക്ര ഇക്കാര്യത്തിൽ അഭിപ്രായമൊന്നും വ്യക്തമാക്കിയിട്ടില്ല. 2020 വരെയാണ് ലാക്രയ്ക്ക് പതചക്രയുമായി കരാറുള്ളത്.

ഇരുപതുകാരനായ ഈ ലെഫ്റ്റ് ബാക്ക് താരം കഴിഞ്ഞ സീസണിൽ  ലോണടിസ്ഥാനത്തിലാണ് ഗോകുലം കേരളാ എഫ്സിയിലെത്തുന്നത്. ഐലീഗിലെ പുതുമുഖങ്ങളായ ഗോകുലത്തിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ലാക്ര സീസണിൽ കാഴ്ച വെച്ചത്. 15 മത്സരങ്ങളിൽ ടീമിന്റെ പ്രതിരോധനിര കാത്ത താരം ടീമിന്റെ വിശ്വസ്തനായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

അതേ സമയം കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, തങ്ങളുടെ ടീമിനെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ലാക്രയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഐ എസ് എല്ലിൽ അവസാന‌സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നാലാം സീസണിൽ 27 ഗോളുകളാണ് നോർത്ത് ഈസ്റ്റ് പ്രതിരോധം വഴങ്ങിയത്. ലാക്രയെ ടീമിലെത്തിക്കുന്നത് വഴി ടീമിന്റെ പ്രതിരോധ കരുത്ത് വർധിപ്പിക്കാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

ഇന്ത്യന്‍ യുവനിരയെ മികവിലേക്കുയര്‍ത്താന്‍ പുതിയ നീക്കവുമായി എ ഐ എഫ് എഫ്


ഇന്ത്യന്‍ യുവതാരങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ വേണ്ടി എ ഐ എഫ് എഫ്, ഐ ലീഗില്‍ അണിനിരത്തുന്ന ഡെവലപ്‌മെന്റ് ടീമാണ് ഇന്ത്യന്‍ ആരോസ്. ആരോസിനെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്താന്‍ ഡെംപോ ഗോവയെ കൂട്ടുപിടിക്കാന്‍ ഒരുങ്ങുകയാണ് എ ഐ എഫ് എഫ്.

ഐ ലീഗിലും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലും സംയുക്തമായി ഏറ്റവുമധികം കിരീടവിജയം സ്വന്തമാക്കിയ ഡെംപോ കഴിഞ്ഞ രണ്ടു വര്‍ഷമായി ഐ ലീഗില്‍ കളിക്കുന്നില്ല. ഐ എസ് എല്ലിലെ രാജ്യത്തെ ഏറ്റവും വലിയ ലീഗാക്കാന്‍ നടന്ന ശ്രമങ്ങളില്‍ പ്രതിഷേധിച്ച് അവര്‍ പിന്മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡെംപോയെ വീണ്ടും ഐ ലീഗിലേക്ക് കൊണ്ടു വരാനും ഇന്ത്യന്‍ ആരോസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുപ്പിക്കാനും ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം.

എ ഐ എഫ് എഫ് പ്രസിഡന്റ് ഇക്കാര്യം ശ്രീനിവാസ് ഡെംപോയുമായി ചര്‍ച്ച നടത്തിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ആരോസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ആരെങ്കിലും പങ്കാളിയാവുകയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി.