Sunday 8 April 2018

ഉന്ന൦ തെറ്റാത്ത ഈ പതിനാറുകാരി ഇന്ത്യയുടെ അഭിമാനം... ഷൂട്ടിംഗ് പിഴക്കാത്ത ഉന്നവുമായി പതിനാറുകാരി മനുഭാക്കർ നടന്നു കയറുന്നത് ചരിത്രത്തിലേക്ക്...

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങിയതു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ പതിനാറുകാരി മനു ഭാക്കറിലൂടെ സ്വര്‍ണവും ഹീന സിദ്ധുവിലൂടെ വെള്ളിയും നേടിയാണ്‌ ഇന്ത്യ തുടങ്ങിയത്‌.

ഹരിയാനക്കാരിയായ മനു ഭാക്കറിന്റെ കന്നി ഗെയിംസാണിത്‌. ബെല്‍മോണ്ട്‌ ഷൂട്ടിങ്‌ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഹീന അടക്കമുള്ള വെറ്ററന്‍ താരങ്ങളെ മറികടക്കാന്‍ മനുവിനായി. ആകെ 240.9 പോയിന്റ്‌ നേടിയാണു മനു സ്വര്‍ണമണിഞ്ഞത്‌.
യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ഹീന ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 234 പോയിന്റുമായാണ്‌ 28 വയസുകാരിയായ ഹീന വെള്ളി നേടിയത്‌. ഓസ്‌ട്രേലിയയുടെ യെലേന ഗാലിബോവിച്‌ 214.9 പോയിന്റുമായി വെങ്കലം നേടി. അവസാന ഷോട്ടില്‍ 10.4 പോയിന്റ്‌ നേടിയതോടെയാണു മനു സ്വര്‍ണം നേടിയത്‌.

ഷൂട്ടിങ്‌ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍, മിക്‌സഡ്‌ ടീം പിസ്‌റ്റള്‍ ഇനത്തിലും സ്വര്‍ണം നേടിയാണു മനു കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെത്തിയത്‌. ഹരിയാനയിലെ ഝാജാര്‍ ജില്ലക്കാരിയാണു മനു ഭാസ്‌കര്‍.
ഗോരിയ ഗ്രാമത്തിലെ യൂണിവേഴ്‌സല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണു മനു. ഹീന സിദ്ധു 2010 ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്‌തിഗതമായി വെള്ളിയും നേടി.

2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടിയില്ല. പുരുഷ വിഭാഗം എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം നേടി. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്‌ഥാനക്കാരനായ രവി കുമാര്‍ ഫൈനലിലും മികച്ച പോരാട്ടം നടത്തി. സഹതാരം ദീപക്‌ കുമാര്‍ ആദ്യം തന്നെ പുറത്തായെങ്കിലും രവി കുമാറിനെ ബാധിച്ചില്ല.
രവി കുമാര്‍ 224.1 പോയിന്റുമായാണു വെങ്കലം നേടിയത്‌. ഓസ്‌ട്രേലിയയുടെ ഡാനെ സാംസണ്‍ സ്വര്‍ണവും ബംഗ്ലാദേശിന്റെ അബ്‌ദുള്ള ഹെല്‍ ബാകി വെള്ളിയും നേടി.

No comments:

Post a Comment