Wednesday 28 March 2018

എതിരാളികൾ മിസോറാം....ഇനി സെമി പോരാട്ടം!!

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ മിസോറാം. ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കര്‍ണാടക ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഇതോടെയാണ് മിസോറം സെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കേരളത്തിന് എതിരാളിയായത്. രണ്ടാം സെമിയില്‍ മിസോറാമിനെ തോല്‍പ്പിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കര്‍ണാടക നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ ബംഗാളിനെ നേരിടും.

മത്സരത്തിന്റെ 74-ാം മിനിറ്റില്‍ മലയാളി താരം എസ്. രാജേഷ് നേടിയ ഗോളിലാണ് കര്‍ണാട മിസോറാമിനെ തോല്‍പ്പിച്ചത്.ഒരു തോൽവി പോലും അറിയാതെ ആയിരുന്നു കേരളത്തിന്റെ പോരാട്ടം.വെള്ളിയാഴ്ച കൊല്‍ത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടിലാണ് കേരള-മിസോറാം സെമി ഫൈനല്‍. അതേദിവസം തന്നെ ഹൗറ മൈതാന്‍ സ്റ്റേഡിയത്തില്‍ കര്‍ണാടക-ബംഗാളിനെ നേരിടും...

അണ്ടർ 16 ടൂർണമെന്റിൽ ഇന്ത്യക്ക് വിജയം

സ്പെയിനിൽ നടക്കുന്ന അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റിൽ ഐ എഫ് കെ സ്റ്റോക്ക്സൺ‌ണ്ടിനെതിനെ ഇന്ത്യയുടെ ചുണക്കുട്ടികൾക്ക്‌ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. ചൈനീസ്‌ , സി൦ഗപൂർ ക്ലബ്ബ്‌  തുടങ്ങിയ വൻ ശക്തികള്‍ക്ക് എതിരെ തുടർ  വിജയങ്ങൾക്ക് ശേഷം സ്പെയിനിലും ജൈത്രയാത്ര തുടരുന്ന  ഇന്ത്യക്ക് വേണ്ടി വിക്രം ആണ് 46-ആം മിനുട്ടിൽ വിജയ ഗോൾ നേടിയത്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഭദ്രമാകും എന്ന് ഈ അടുത്തകാലം മുതൽ തുടർ വിജയങ്ങളുമായി യുവ നിര തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്പെയിനിൽ ഐ എഫ് കെ സ്റ്റോക്ക്സൺ‌ണ്ടിനെതിനെ നേടിയ ഈ വിജയം ടീം മാനേജ്മെന്റിലും പ്രതീക്ഷകൾ ഉണ്ടാക്കുന്നു

പന്തിൽ കൃത്രിമം കാണിച്ചതിൽ സച്ചിൻ ടെണ്ടുൽക്കറും......

5.5 ഔൺസ് ഭാരവും  ഒൻപത് ഇഞ്ച് ചുറ്റളവുമുള്ള പന്തിൽ ഉരസിയോ ചുരണ്ടിയോ കൃത്രിമം കാണിച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതുന്ന കളളക്കളളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പന്തിൽ ചുരണ്ടി കളിയുടെ ഗതി തന്നെ മാറ്റി എഴുതാമെന്നുളളത് ടീം ഓസ്ട്രേലിയ ആസൂത്രിതമായി നടപ്പാക്കിയതാണെന്നും ടീം ഒന്നാകെ അതിൽ പങ്കാളിയാണ് എന്നുളളതും കള്ളക്കളിയുടെ ആഴം വർധിപ്പിക്കുന്നതുമാണ്. 

പന്തില്‍ കൃത്രിമം കാട്ടാന്‍ ഡ്രസിങ് റൂമില്‍ വച്ചുതന്നെ തീരുമാനെമടുത്തിരുന്നുവെന്ന് ഒാസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് വ്യക്തമാക്കിയിരുന്നു. ടീമൊന്നാകെ കളിക്കളത്തില്‍ അത് നടപ്പാക്കി. കൃത്രിമം കാട്ടാന്‍ ബാന്‍ക്രോഫ്റ്റിന് പന്ത് എറിഞ്ഞു നല്‍കിയത് വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ . ഗൂഢാലോചന പുറത്തു വന്നതോടെ ഓസ്ട്രേലിയയുടെ അഗ്രസീവ് ക്യാപ്റ്റൻ പ്രതിരോധത്തിലായി പല തൊടുന്യായങ്ങളും പറഞ്ഞ് രക്ഷപ്പെടാനായി ശ്രമം. 

പന്തിൽ കൃതിമം കാണിച്ചുവെന്ന് തുറന്നു സമ്മതിക്കുകയാണ് സ്മിത്ത്. ഏത് വിധേനേയും ജയിക്കേണ്ട കളിയായതിനാലാണ് അപ്രകാരം ചെയ്തതെന്നായിരുന്നു വിശദീകരണം. ഇതെല്ലാം സാധാരണ എല്ലാവരും തന്നെ ചെയ്യുന്നതാണെന്നും സാക്ഷാൽ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ പോലും അപ്രകാരം ചെയ്തിട്ടുണ്ടെന്ന് സ്മിത്ത് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പഴയ വിവാദം തലപൊക്കുകയാണ്. 

പന്ത് ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ദൈവവും 

2001 ൽ പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് മാച്ച് റഫറി മൈക്ക് ഡെനിസ് സച്ചിനെ ഒരു മൽസരത്തിൽനിന്നു സസ്പെൻഡ് ചെയ്തു. സച്ചിൻ പന്തിന്റെ തുന്നൽ പറിച്ചെടുക്കുന്നത് ടിവി കാമറയിൽ കണ്ടു എന്നു പറഞ്ഞായിരുന്നു ഇത്. എന്നാൽ, പന്തിൽ പറ്റിപ്പിടിച്ച പുല്ല് നീക്കുക മാത്രമാണ് താൻ ചെയ്തത് എന്നു സച്ചിൻ. ആരോപണത്തിനു വംശീയച്ചുവവരെ വന്നതോടെ വിവാദം കത്തിപ്പടർന്നു. ഡെനിസിനെ മൂന്നാം മൽസരത്തിൽനിന്ന് ഐസിസി വിലക്കി. മൽസരത്തിന്റെ ടെസ്റ്റ് പദവി റദ്ദാക്കി. സച്ചിനെ പിന്നീട് ഐസിസി കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഈ വിവാദം ക്രിക്കറ്റ് ഓസ്ട്രേലിയ വീണ്ടും ഉയർത്തി കൊണ്ടു വരികയാണെന്നാണ് ആരോപണം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിരവധി തവണ പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നായകനായ ഡൂ പ്ലെസിസും ഉണ്ടായിരുന്നു. 2016ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ വായില്‍ ഉണ്ടായിരുന്ന ച്യൂവിംഗ്‌ഗം തൊട്ട് പന്തില്‍ ഉരസിയായിരുന്നു അദ്ദേഹം പിടിക്കപ്പെട്ടത്. അന്ന് ഓസ്ട്രേലിയന്‍ ടീം പരാതി നല്‍കിയില്ലെങ്കിലും ഐസിസി നടപടി എടുത്തു. അദ്ദേഹത്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കേണ്ടിയും വന്നു.

1994 ൽ ലോർഡ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിൽ  ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കേൽ ആതർട്ടൻ പന്തിൽ കൃത്രിമം കാണിച്ചതിന് പിടിയിലായിരുന്നു. പോക്കറ്റിൽനിന്ന് എന്തോ എടുത്തു പന്തിൽ പുരട്ടുകയാണ് ആതർട്ടൻ ചെയ്തത്. സംഭവം വിവാദമായപ്പോൾ കയ്യുണക്കാൻ പോക്കറ്റിൽ വച്ചിരുന്ന ചെളിയാണ് അതെന്നായിരുന്നു മറുപടി. എന്നാൽ മാച്ച് റഫറിക്കു മുൻപിൽ നിരപരാധിത്വം തെളിയിക്കാൻ ആതർട്ടനായില്ല. 

2006 ൽ . ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചു എന്നു പറഞ്ഞ് അംപയർമാരായ ഡാരെൽ ഹെയറും ബില്ലി ഡോക്ട്രോവും പാക്കിസ്ഥാൻ ടീമിന് അഞ്ചു റൺസ് പെനൽറ്റി നൽകി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ പോൾ കോളിങ്‌വുഡിന് പന്ത് മാറ്റിയെടുക്കാനുള്ള അനുവാദവും നൽകിയിരുന്നു. എന്നാൽ തീരുമാനത്തിൽ പ്രതിഷേധിച്ച് പിന്നീട് പാക്കിസ്ഥാൻ കളിക്കളത്തിൽ ഇറങ്ങിയില്ല. തുടർന്നു മൽസരത്തിൽ ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിച്ചു. 2013ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലും പ്ലെസിസ് ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ട്. ദുബായില്‍ നടന്ന മത്സരത്തിനിടെ പാന്റിന്റെ പോക്കറ്റില്‍ ഘടിപ്പിച്ച സിബ്ബില്‍ പന്ത് ഉരസുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അന്ന് മാച്ച് ഫീയുടെ 50 ശതമാനമാണ് അദ്ദേഹത്തിന് പിഴ ഒടുക്കേണ്ടി വന്നത്. ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണന്‍ ഫിലാണ്ടര്‍ 2014ല്‍ പന്തില്‍ ഉരസി പാട് വരുത്തിയതിനും പിടിക്കപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനും, ഹൈദരാബാദിനും തിരിച്ചടി ; വാർണറെയും, സ്മിത്തിനെയും ഐപിഎല്ലിൽ കളിപ്പിക്കില്ല

   പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് പടിവാതിൽക്കലെത്തി നിൽക്കേ രാജസ്ഥാൻ റോയൽസിനും, സൺ റൈസേഴ്സ് ഹൈദരാബാദിനും കനത്ത തിരിച്ചടി. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനേയും, ഡേവിഡ് വാർണറേയും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കിയതിനാൽ ഇരു താരങ്ങളേയും ഐപിഎല്ലിലും കളിക്കാൻ അനുവദിക്കില്ലെന്ന് ഐപിഎൽ കമ്മീഷണർ രാജീവ് ശുക്ല വ്യക്തമാക്കി. ടീമിലെ നിർണായക താരങ്ങളെ നഷ്ടമാകുന്നത് വൻ തിരിച്ചടിയാണ് രാജസ്ഥാനും, ഹൈദരാബാദിനും നൽകുക.  എന്നാൽ ഇവർക്ക് പകരക്കാരായി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള അനുവാദം ഇരു ടീമുകൾക്കും ബിസിസിഐ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനും, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്ന ഡേവിഡ് വാർണറിനും വിവാദ സംഭവങ്ങളെത്തുടർന്ന് നേരത്തെ ടീമുകളുടെ നായക സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് ഐപിഎല്ലിൽ നിന്നും പുറത്ത് പോവേണ്ടി വന്നിരിക്കുന്നത്.  ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി രാജസ്ഥാനും, ഹൈദരാബാദും തങ്ങളുടെ ടീമുകളിൽ നിലനിർത്തിയ താരങ്ങളാണ് സ്മിത്തും വാർണറും. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഇരുവർക്കും കളിക്കാനാവാതെ വരുന്നത് രാജസ്ഥാന്റെയും ഹൈദരാബാദിന്റെയും കിരീട പ്രതീക്ഷകളേയും പ്രതികൂലമായി ബാധിക്കും. 69 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 37.02 ശരാശരിയിൽ 1703 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. ഐപിഎല്ലിൽ 114 മത്സരങ്ങൾ കളിച്ചിട്ടുള്ള വാർണർ, 40.55 ശരാശരിയിൽ 4014 റണ്ണുകൾ നേടിയിട്ടുണ്ട്.

സ്മിത്തിനും വാർണർക്കും ഒരു വർഷം വിലക്ക്



പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിയിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തേയ്ക്കാണ് വിലക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് ശിക്ഷാ നപടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനിടെയാണ് ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് സ്മിത്തിനെതിരെ ഒരു മത്സരത്തിലെ വിലക്കും ബാന്‍ക്രോഫ്റ്റിനെതിരെ 75 ശതമാനം മാച്ച് ഫീസ് പിഴയുമായിരുന്നു ഐസിസി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ വാര്‍ണറും സ്മിത്തും ഐപിഎല്‍ കളിക്കില്ലെന്നും ഉറപ്പായി. ബിസിസിഐയുടെ വിലക്കില്ലെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ എന്‍ഒസി നഷ്ടമാകുന്നതാണ് ഇരുതാരങ്ങള്‍ക്കും തിരിച്ചടിയാകുക. നേരത്തെ ഇരുവരേയും നായക സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസസ് ഹൈദരാബാദും പുറത്താക്കിയിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ പ്രഥമ അന്വേഷണത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും പന്ത് ചുരണ്ടലില്‍ പങ്കില്ല. പരിശീലകന്‍ ഡാരന്‍ ലേമാനോ, സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ ഈ കാര്യത്തെക്കുറിച്ച് നേരത്തെ അറിവില്ലായിരുന്നു. അത് കൊണ്ടു തന്നെ ഓസീസ് പരിശീലകനായി ഡാരന്‍ ലേമാന്‍ തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു. പിന്നീട് വാര്‍ത്ത സമ്മേളനത്തിലാണ് നായകന്‍ സ്മിത്ത് കുറ്റം ഏറ്റെടുത്തത്.