Tuesday 17 April 2018

സൂപ്പര്‍ കപ്പ് ബ൦ഗ്ലൂരു ഫൈനലില്‍.. പത്തു പേരുമായി മോഹന്‍ ബഗാനെ തകര്‍ത്തു തരിപ്പണമാക്കി ബ൦ഗ്ലൂരുവിന് സെമിയിൽ 4-2 വിജയം...

സൂപ്പര്‍ കപ്പിലും ബ൦ഗ്ലൂരു ഫൈനലില്‍ പ്രവേശിച്ചു.. മോഹന്‍ ബഗാനെ രണ്ടിന് എതിരെ നാല് ഗോളുകൾക്കാണ് ബ൦ഗ്ലൂരു തകര്‍ത്തു വിട്ടത്...

അവസാന നാല്‍പ്പതു മിനുട്ടുകള്‍ 10 പേരുമായി കളിച്ചിട്ടും മോഹന്‍ ബഗാനെ തച്ചുതര്‍ത്ത് ബെംഗളൂരു എഫ് സി പ്രഥമ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍. ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒരു ഗോളിന് പിറകില്‍ പോയതിനു ശേഷം ആണ് പത്തു പേരെയും വെച്ച്‌ 4-2ന് ജയിച്ച്‌ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്. മികുവിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന്റെ എല്ലാ സീസണിലും ഒരു കിരീടം എന്ന സ്വപ്നം ജീവനോടെ നിലനിര്‍ത്തിയത്.

42ആം മിനുട്ടില്‍ ദിപാന്ത ഡിക നല്‍കിയ ഗോളിലാണ് ബഗാന്‍ മുന്നിട്ടു നിന്നിരുന്നത്. 50ആം മിനുട്ടില്‍ നിഖിലിനെ ഫൗള്‍ ചെയ്തതിന് നിശുകുമാര്‍ ചുവപ്പ് കണ്ടപ്പോള്‍ ബെംഗളൂരു 10 പേരായി ചുരുങ്ങി. ഒരു കൊല്‍ക്കത്തന്‍ ഡെര്‍ബിയാകും സൂപ്പര്‍ കപ്പ് ഫൈനലില്‍ എന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷെ ബഗാന്‍ ആരാധകരുടെ ഒക്കെ വില്ലനായി മികു അവതരിച്ചു.

63ആം മിനുട്ടിലും 65ആം മിനുട്ടില്‍ മികുവിന്റെ എണ്ണം പറഞ്ഞ സ്ട്രൈക്കുകള്‍. ബെംഗളൂരു 2-1ന് മുന്നില്‍. പിച്ചില്‍ ഒരാള്‍ അധികം എന്ന അഡ്വാന്റേജ് മുതലാക്കാന്‍ അതിനു ശേഷവും ബഗാമന് സമയമുണ്ടായിരുന്നു എങ്കിലും ബെംഗളൂരു ഡിഫന്‍സിനെ ഭേദിക്കാന്‍ ബഗാന്‍ അറ്റാക്കിനായില്ല. 89ആം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ മികു ഹാട്രിക്ക് തികച്ചു. തൊട്ടടുത്ത നിമിഷം ബഗാന്റെ പരാജയം ദുരന്തമാക്കി മാറ്റി ഛേത്രിയുടെ വക നാലാം ഗോളും. ഡിക ഒരു ഗോള്‍ കൂടെ ബഗാനായി മടക്കി എങ്കിലും അപ്പോഴേക്ക് ബെംഗളൂരു ഫൈനലില്‍ എത്തിയിരുന്നു.

ഈസ്റ്റ് ബംഗാളിനെയാണ് ബെംഗളൂരു ഫൈനലില്‍ നേരിടുക. ജയിച്ചാല്‍ നിലവില്‍ വന്ന ശേഷം എല്ലാവര്‍ഷവും ഒരു കപ്പ് നേടുക എന്ന ബെംഗളൂരുവിന്റെ ചരിത്രം ആവര്‍ത്തിക്കാം.