Tuesday 20 March 2018

കൊച്ചിയിൽ ഫുട്ബോൾ മതി. പറയുന്നത് ക്രിക്കറ്റ്‌ ഇതിഹാസം.....


കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ ചൊല്ലിയുളള വിവാദം മുറുകുന്നതിനിടയില്‍ പ്രതികരണവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഫിഫ അംഗീകരിച്ച ലോകനിലവാരമുളള കൊച്ചിയിലെ ടര്‍ഫിന് നാശം സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്താതെ വിഷയത്തില്‍ ഇടപെടാമെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ഉറപ്പുനല്‍കിയതായി സച്ചിന്‍ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും സച്ചിന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. 


നേരത്തെ, സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ വിട്ട് നല്‍കണമെന്ന് എസ് ശ്രീശാന്തും ആവശ്യപ്പെട്ടു. കലൂരിലെ സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ നിലനില്‍ക്കട്ടെയെന്നും കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാവിയില്‍ ക്രിക്കറ്റിനായി ഒരു സ്‌റ്റേഡിയം കൊച്ചിയില്‍ തന്നെയുണ്ടാവട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.

കേരളത്തിന് ലഭിച്ച ഇന്ത്യ വെസ്റ്റിന്‍ഡീസ് അന്താരാഷ്ട്രഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി കൊച്ചിയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. കായികമന്ത്രി എസി മൊയ്തീന്‍ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുമായി സംസാരിച്ചു.

തര്‍ക്കമില്ലാതെ മല്‍സരം നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിലേത് മികച്ച ഫുട്‌ബോള്‍ ടര്‍ഫാണ്. ഇത് നശിപ്പിക്കാന്‍ അനുവദിക്കാനാകില്ല. തിരുവനന്തപുരത്തേത് ക്രിക്കറ്റിന് പറ്റിയ ഗ്രൗണ്ടാണ്. മല്‍സര വേദി സംബന്ധിച്ച് ജിസിഡിഎ അടക്കമുള്ളവരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി മൊയ്തീന്‍ വ്യക്തമാക്കി.

തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മല്‍സരം മാറ്റുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. ആവശ്യമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. തര്‍ക്കമില്ലാതെ മല്‍സരവേദിയില്‍ പരിഹാരം കണ്ടെത്തുമെന്നും കായികമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീത് തുടങ്ങി നിരവധി താരങ്ങളാണ് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെതിരെ രംഗത്തുവന്നത്. ക്രിക്കറ്റ് മല്‍സരം നടത്തുന്നത് ഗ്രൗണ്ടിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിക്കാന്‍ ഇടയാക്കുമെന്നാണ് പ്രധാന പരാതി.
 

No comments:

Post a Comment