Thursday 19 April 2018

സൂപ്പര്‍ കപ്പ് ഫൈനൽ ഇന്ന്.. ആശ്വാസ വാർത്തയിൽ സന്തോഷിച്ച് ഈസ്റ്റ് ബ൦ഗാൾ ആരാധകർ...നഷ്ടമായ ഐഎസ്എൽ കിരീടത്തിന് പകരം സൂപ്പര്‍ കപ്പ് നേടാനുറച്ച് ബ൦ഗ്ലുരുവിന്റെ പടയൊരുക്കം..


സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് ഐ ലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ഐ എസ് എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളുരു എഫ് സിയും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. സെമിഫൈനലില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയത്. ബെംഗളുരു സെമിയില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്.

എഫ് സി ഗോവയ്‌ക്കെതിരെ പരുക്കേറ്റ സൂപ്പര്‍ താരം ഡുഡു ഫൈനലില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഖാലിദ് ജമീല്‍ വ്യക്തമാക്കിയതോടെ അത് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. നേരത്തെ ഡുഡു ഫൈനലില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ലബ് ഡയറക്ടര്‍ സുഭാഷ് ഭൗമിക് തന്നെ ഇക്കാര്യം പറഞ്ഞതോടെ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ താരം തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ പ്രകടിപ്പിച്ചത്. ‘ പരുക്ക് ഭേദമായി ഡുഡു ഇന്ന് കളിച്ചേക്കും, അദ്ദേഹത്തെ പൂര്‍ണ്ണമായും കായികക്ഷമതയിലേക്ക് കൊണ്ടു വരുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍’ – ഖാലിദ് ജമാല്‍ പറഞ്ഞു.

അതേസമയം, ബെംഗളുരു കരുത്തുറ്റ നിരയാണെന്നും അവര്‍ക്കെതിരെ വിജയിക്കുന്നത് വളരെ പ്രയാസകരമാണെന്നും ഖാലിദ് ജമീല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് നാലു മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ... എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം..

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ ര൦ഗത്ത് .. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം ..

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലും, ആദ്യ സൂപ്പര്‍ കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ താരം ലാല്‍റുവാത്താര ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച പ്രതിരോധതാരവുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലാല്‍റുവാത്താരയോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിക്കുകയാണ്.

മുംബൈ സിറ്റി എഫ് സി, ജംഷഡ്പൂര്‍ എഫ് സി തുടങ്ങിയ അഞ്ചു ക്ലബുകളില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നത്. ഇതില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് താരത്തിന് മൂന്നു കോടി തുക ഓഫര്‍ ചെയ്ത ക്ലബുമുണ്ടായിരുന്നു. എന്നാല്‍ അതേ കാലയളവില്‍ ഏകദേശം രണ്ടര കോടി രൂപയ്ക്കാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. കേരളത്തില്‍ തുടരാനുള്ള തീരുമാനത്തെ കുറിച്ച് മിസോറം കാരനായ ലാല്‍റുവാത്താര വിശദികരിക്കുന്നുമുണ്ട്. ‘ മിസോറാമിലെ പോലെ തന്നെ കേരളത്തില്‍ മികച്ച ഫുട്‌ബോള്‍ ആരാധകരാണുള്ളത്, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലും അക്കാര്യത്തില്‍ വ്യത്യാസമില്ല, ഒരു താരമെന്ന നിലയില്‍ ഈ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നു, വീട്ടുകാരും വലിയ സന്തോഷത്തിലായിരുന്നു’ – 23 കാരനായ താരം പറഞ്ഞു.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 17 മത്സരങ്ങളാണ് റുവാത്താര കളിച്ചത്. 85 ടാക്കിളുകളും 14 ഇടപെടലുകളും 59 ക്ലിയറന്‍സുകളും താരം നടത്തി. 22 ബ്ലോക്കുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സീസണിലെ മൊത്തം ടാക്കിളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റുവാത്താര. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലൂസിയന്‍ ഗോയനും 85 ടാക്കിളുകളാണ് നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരത്തെ ഐ എസ് എൽ അവസാനിച്ചയുടനെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

ഗെയില്‍ താണ്ഡവമാടി പഞ്ചാബിന് കൂറ്റന്‍ സ്കോർ.. ഗെയിലിന്റെ സെഞ്ചുറി വെടിക്കെട്ടിൽ പഞ്ചാബ് ഉയര്‍ന്ന സ്കോറിൽ..


മൊഹാലിയില്‍ ക്രിസ് ഗെയ്ല്‍ വെടിക്കെട്ടിന്റെ ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗെയ്ല്‍ കളംവാണ മത്സരത്തില്‍ 193-3 റണ്‍സാണ് സൺറൈസേഴ്സിനെതിരെ പഞ്ചാബ് നേടിയത്. 63 പന്തിൽ 104 റൺസാണ് ഗെയ്ൽ നേടിയത്.  മത്സരത്തില്‍ ഗെയ്ല്‍ 11 സിക്‌സുകളും ഒരു ബൗണ്ടറിയും അടിച്ചു പറത്തി.

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിച്ചപ്പോൾ ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ ആവര്‍ത്തിച്ചു. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ 53-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 21 പന്തില്‍ 18 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായെങ്കിലും ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് തുടര്‍ന്നു.

അതിനിടെ 9 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ സിദ്ധാര്‍ത്ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ചു. 14ാം ഓവറില്‍ ക്രിസ് ഗെയ്‌ലിന് മുന്നില്‍ വന്നത് അന്താരാഷ്ട്ര ടി20 റാങ്കിംഗിലെ ഒന്നാമനായ സ്പിന്നര്‍ റാഷിദ് ഖാന്‍. എന്നാല്‍ ഒരു ദയയും ഗെയ്ല്‍ അഫ്ഗാന്‍ താരത്തോട് കാണിച്ചില്ല. ആ ഓവറില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. ഗെയ്‌ലിനൊപ്പം ഒത്തുചേര്‍ന്ന കരുണ്‍ നായര്‍ വിന്‍ഡീസ് വെടിക്കെട്ട് താരത്തിന് ഉറച്ച പിന്തുണ നല്‍കി.

കരുൺ നായർ 31 റൺസെടുത്ത് പുറത്തായെങ്കിലും മത്സരത്തിലെ 18ാം ഓവറിൽ ഗെയ്ൽ തൻ്റെ 6ാം ഐ പി എൽ സെഞ്ചുറി പൂർത്തിയാക്കി. 58 പന്തുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം. ഫിഞ്ച് 14 റൺസെടുത്ത് പുറത്താവാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ് കൗളും റാഷിദ് ഖാനും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

സികെ വിനീത് തന്റെ മതമില്ലാത്ത മകന് വ്യത്യസ്ത പേരുമായി.. വീണ്ടും ഫുട്ബോള്‍ കേരളത്തിലെ ആരാധകരെ ഞെട്ടിച്ചു താര൦..

കളത്തിന് പുറത്തുള്ള നിലപാടുകള്‍ കൊണ്ട് പല കായിക താരങ്ങളും വേറിട്ടു നില്‍ക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീതും ഇത്തരത്തിലുള്ള നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ കളിക്കാരനാണ്. ഐഎസ്എല്ലും സൂപ്പര്‍ കപ്പും കേരള ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് പൂര്‍ത്തിയായപ്പോള്‍ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം വീട്ടില്‍ തന്റെ മകനൊപ്പമാണ് ഇപ്പോള്‍.

നേരത്തെ മകന് മതമില്ലെന്ന് വ്യക്തമാക്കിയ സികെ വിനീത് അവനൊരു തകര്‍പ്പന്‍ പേരുമിട്ടു. പേര് കണ്ട് സോഷ്യല്‍ മീഡിയയ്‌ക്കൊരു സംശയം. വിനീതും ഒരു ഫുട്‌ബോള്‍ ഭ്രാന്തന്‍ തന്നെയോ എന്ന്. കാരണം മറ്റൊന്നും അല്ല. മകന്റെ പേര് കണ്ടിട്ടാണ്. ഏദന്‍ സ്റ്റീവ് എന്നാണ് ജൂനിയര്‍ വിനീതിന് സൂപ്പര്‍ താരം പേരിട്ടിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡിന്റെയും ലിവര്‍പൂള്‍ ഇതിഹാസം ജെറാര്‍ഡിന്റെയും പേര് ചേര്‍ത്താണ് ഏദന്‍ സ്റ്റീവ് എന്ന് മകന് പേരിട്ടിരിക്കുന്നത്. ലിവര്‍പൂളിന്റെ കറകളഞ്ഞ ആരാധകനാണ് താനെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും ജൂനിയര്‍ വിനീതിന്റെ പേര് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ മകനെ മതമില്ലാതെ വളര്‍ത്തുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന്റെ മതം അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന വിനീതിന്റെ നിലപാടിന് സോഷ്യല്‍ മീഡിയ വന്‍ കയ്യടി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനീതിനും ഭാര്യ ശരണ്യയ്ക്കും മകന്‍ പിറന്നത്.