Tuesday 20 March 2018

ഗോകുലം എഫ് സി യെ കണ്ടു പഠിക്കൂ...... ബ്ലാസ്റ്റേഴ്‌സിനോട് ആരാധകർ....


ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ റിസര്‍വ് ടീമിനെ ഇറക്കി കളിക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനും രക്ഷയില്ല. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട് തുടക്കം തന്നെ പിഴച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. എന്തിനും കൂടെ നില്‍ക്കുന്ന ആരാധക പട പക്ഷേ ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്‌. ഇങ്ങനെയാണേല്‍ ഞങ്ങള്‍ നിങ്ങളെ അങ്ങ് മറക്കും, എന്നിട്ട് ഗോകുലം എഫ്‌സിക്ക് ഒപ്പം കൂടുമെന്ന്. 

നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയ ഗോകുലത്തെ കണ്ടു പഠിക്കാന്‍ പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന് നേരെയുള്ള പരിഹാസം. റിസര്‍വ് ടീമിനേയും, മെയിന്‍ താരങ്ങളേയും തിരഞ്ഞെടുക്കുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത നിന്നുമുണ്ടാകുന്ന പോരായ്മയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം മുന്‍പുണ്ടായിരുന്ന മലയാളി താരത്തിന്റെ രണ്ട് ഗോളുകള്‍ തന്നെയാണ് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആദ്യ കളിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത്. സി.എസ്.സബിത്തിനെ തളയ്ക്കാന്‍ സഹലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക സാധിച്ചില്ല. 

ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഓസോണ്‍ നാലു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് അടിച്ചു കയറ്റിയത്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കാണികളുടെ  പിന്തുണയുണ്ടായിരുന്നിട്ടും, രണ്ടാം പകുതിയില്‍ അത്ഭുതകരമായ  തിരിച്ചു വരവ് നടത്താനുള്ള ശേഷി ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിനുണ്ടായില്ല. എന്നാല്‍ ആദ്യ കളി മാത്രമാണിതെന്ന് ടീമിനും ആരാധകര്‍ക്കും അറിയാം. ടീം ഒത്തിണക്കത്തിലേക്ക് കൂടുതല്‍ കളി കഴിയുന്നതോടെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

കലൂർ സ്റ്റേഡിയത്തിൽ ആരാധകരുടെ പ്രതിഷേധം. ക്രിക്കറ്റ്‌ മത്സരം ഗ്രീൻ ഫീൽഡിലേക്ക്.....

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റാനാണ് കെസിഎയുടെ തീരുമാനം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎ യോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. വേദി മാറ്റുന്നത് സംബന്ധിച്ച് ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍, ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ അതിശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേരളാ ഫുട്ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പരിശോധിക്കുകയായിരുന്നു. ഫുട്ബോളിന് തടസമാകുമെങ്കില്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു.

2017ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ നിലപാട്.

കൊച്ചിയിൽ ഫുട്ബോൾ മതി. പറയുന്നത് ക്രിക്കറ്റ്‌ ഇതിഹാസം.....


കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ ചൊല്ലിയുളള വിവാദം മുറുകുന്നതിനിടയില്‍ പ്രതികരണവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഫിഫ അംഗീകരിച്ച ലോകനിലവാരമുളള കൊച്ചിയിലെ ടര്‍ഫിന് നാശം സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്താതെ വിഷയത്തില്‍ ഇടപെടാമെന്ന് ബിസിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ഉറപ്പുനല്‍കിയതായി സച്ചിന്‍ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നും സച്ചിന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. 


നേരത്തെ, സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ വിട്ട് നല്‍കണമെന്ന് എസ് ശ്രീശാന്തും ആവശ്യപ്പെട്ടു. കലൂരിലെ സ്‌റ്റേഡിയം ഫുട്‌ബോളിനായി തന്നെ നിലനില്‍ക്കട്ടെയെന്നും കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാവിയില്‍ ക്രിക്കറ്റിനായി ഒരു സ്‌റ്റേഡിയം കൊച്ചിയില്‍ തന്നെയുണ്ടാവട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.

കേരളത്തിന് ലഭിച്ച ഇന്ത്യ വെസ്റ്റിന്‍ഡീസ് അന്താരാഷ്ട്രഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ വേദി കൊച്ചിയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്താനുള്ള തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്. കായികമന്ത്രി എസി മൊയ്തീന്‍ ജിസിഡിഎ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുമായി സംസാരിച്ചു.

തര്‍ക്കമില്ലാതെ മല്‍സരം നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിലേത് മികച്ച ഫുട്‌ബോള്‍ ടര്‍ഫാണ്. ഇത് നശിപ്പിക്കാന്‍ അനുവദിക്കാനാകില്ല. തിരുവനന്തപുരത്തേത് ക്രിക്കറ്റിന് പറ്റിയ ഗ്രൗണ്ടാണ്. മല്‍സര വേദി സംബന്ധിച്ച് ജിസിഡിഎ അടക്കമുള്ളവരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി മൊയ്തീന്‍ വ്യക്തമാക്കി.

തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് മല്‍സരം മാറ്റുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉന്നയിക്കും. ആവശ്യമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. തര്‍ക്കമില്ലാതെ മല്‍സരവേദിയില്‍ പരിഹാരം കണ്ടെത്തുമെന്നും കായികമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ നായകന്‍ ഐഎം വിജയന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീത് തുടങ്ങി നിരവധി താരങ്ങളാണ് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെതിരെ രംഗത്തുവന്നത്. ക്രിക്കറ്റ് മല്‍സരം നടത്തുന്നത് ഗ്രൗണ്ടിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിക്കാന്‍ ഇടയാക്കുമെന്നാണ് പ്രധാന പരാതി.
 

ഐ സി സി റാങ്കിങ്. കുതിച്ചുയർന്ന് സുന്ദർ

നിഹാദാസ് ട്രോഫിയിലെ കിടിലൻ വിജയം ഇന്ത്യൻ താരങ്ങൾക്ക് നേടി കൊടുത്തത് പോയിന്റ് പട്ടികയിലെ വൻ കുതിപ്പ്. ബൗളർമാരുടെ പട്ടികയിൽ യുസ്വേന്ദ്ര ചാഹൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. വാഷിംഗ്ടൺ സുന്ദർ 31ാം സ്ഥാനത്തേക്ക് കുതിച്ച് കയറി. 151 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് റോക്കറ്റ് പോലെ സുന്ദർ 31ലേക്ക് എത്തിയത്

പരമ്പരയിലെ മാൻ ഓഫ് സിരീസായിരുന്നു വാഷിംഗ്ടൺ സുന്ദർ. 496 പോയിന്റാണ് സുന്ദറിനിപ്പോൾ ഉള്ളത്. കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റാണ് ചാഹലിന് ലഭിച്ചിരിക്കുന്നത്. 706 പോയിന്റാണ് ചാഹലിനുള്ളത്.

നിദാഹാസ് ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി എട്ട് വിക്കറ്റാണ് സുന്ദർ നേടിയത്. ഓരോവറിലെ ശരാശരി 5.75ആണ്. ഇതാണ് സുന്ദറിന്റെ കുതിപ്പിന് വേഗം വർധിപ്പിച്ചത്. അഞ്ച് മത്സരങ്ങൾ കളിച്ച ചാഹലും എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു

ബാറ്റ്‌സ്മാൻമാരിൽ ദിനേശ് കാർത്തിക്കും വൻ കുതിപ്പാണ് നടത്തിയത്. 126ാം സ്ഥാനത്തായിരുന്ന കാർത്തിക് ഇപ്പോൾ 95ാം സ്ഥാനത്തേക്കുയർന്നു. 31 സ്ഥാനങ്ങളാണ് കാർത്തിക് മുന്നേറിയത്. കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പോയിന്റായ 246 കാർത്തിക് സ്വന്തമാക്കുകയും ചെയ്തു

ശിഖർ ധവാൻ, മനീഷ് പാണ്ഡെ, ലങ്കയുടെ കുസാൽ പെരേര, കുശാൻ മെൻഡിസ്, ബംഗ്ലാ താരം മുഷ്ഫിഖർ റഹീം എന്നിവരും പോയിന്റ് പട്ടികയിൽ കുതിപ്പ് നടത്തി. ബൗളർമാരിയിൽ ജയദേവ് ഉനദ്കട്ട്, ഷാർദൂൽ താക്കൂർ എന്നിവരും കരയറിലെ ബെസ്റ്റ് പോയിന്റ് നേട്ടത്തിലെത്തി. ഉനദ്കട്ടിന് 435 പോയിന്റുമായി 52ാം സ്ഥാനത്താണ്. താക്കൂർ 358 പോയിന്റുമായി 76ാം സ്ഥാനത്തുമെത്തി

 

അനസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും

ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി സൂപ്പർ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മൂന്ന് ക്ലബ്ബുകൾ പിന്നാലെയെന്ന് റിപ്പോർട്ട്. വൻ തുകയാണ് മൂന്ന് ടീമുകളും അനസിനെ ടീമിലെത്തിക്കാൻ ഓഫർ ചെയ്തതെന്നാണ് സൂചന. പരിക്കിനെത്തുടർന്ന് ഈ സീസൺ ഐ എസ് എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായെങ്കിലും അടുത്ത സീസണിലും വൻ തുക അനസിന് ലഭിക്കും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ എന്നീ ടീമുകൾ അനസുമായി പുതിയ കരാറിലേർപ്പെടാൻ ശ്രമിക്കുമ്പോൾ നിലവിൽ അനസിന്റെ ടീമായ ജംഷദ്പൂർ എഫ് സി താരവുമായുള്ള കരാർ നീട്ടാൻ താല്പര്യപ്പെടുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് അനസിനെ ടീമിലെത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നത്. അനസിന്റെ കളിയിൽ ആകൃഷ്ടനായ ജെയിംസ്, രണ്ട് വർഷത്തെ കരാറിൽ താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ജിങ്കൻ – ലാൽ റുവാത്താര – അനസ് എന്നിവരുൾപ്പെടുന്ന പ്രതിരോധ സംഘമാണ് അടുത്ത സീസണിൽ ജെയിംസിന്റെ മനസിലുള്ളത്.

നിലവിൽ ഇന്ത്യൻ ദേശീയ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പ്രിയപ്പെട്ട പ്രതിരോധ ഭടനാണ് അനസ്. സെന്റർ ബാക്ക് പൊസിഷനിൽ ടീം ഇന്ത്യയുടെ വിശ്വസ്തനായ അനസ് മുൻ സീസൺ ഐ എസ് എല്ലുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. 31 കാരനായ അനസ് ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് വേണ്ടിയും മുൻപ് കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം

സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സിന് ആദ്യ ജയം. ഇന്ന് കലൂരില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫതേഹ് ഹൈദരാബാദിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

തുടക്കം മുതല്‍ ഇന്ന് കേരളത്തിന്റെ ആധിപത്യമാണ് കൊച്ചിയില്‍ കണ്ടത്. 13ആം മിനുട്ടിക് റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്സിനെ തുടക്കത്തില്‍ മുന്നില്‍ എത്തിച്ചത്. ആദ്യ മത്സരത്തിലും റിസ്വാന്‍ ഗോള്‍ നേടിയിരുന്നു. അനന്ദു മുരളിയും സുരാജ് റവതുമാണ് ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ മറ്റു സ്കോറേഴ്സ്.

25ആം തീയതി മധ്യഭാരത് എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.