Thursday 10 May 2018

ഋഷഭ് പന്തിന്‌ സെഞ്ചുറി ഡൽഹിയെ തുണച്ചില്ല; ജയം ഹൈദരാബാദിന്

ന്യൂഡൽഹി : യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹിയെ തുണച്ചില്ല. ഡൽഹി ഡെയർ‌ഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഡൽഹി അഞ്ചു വിക്കറ്റു നഷ്ടത്തിൽ 187 റൺസെടുത്തു. എന്നാൽ ഏഴു പന്തുകൾ ബാക്കി നില്‍ക്കെ ഒരു വിക്കറ്റു നഷ്ടത്തിൽ സൺറൈസേഴ്സ് വിജയറൺസ് കുറിക്കുകയായിരുന്നു. ജയത്തോടെ സൺറൈസേഴ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. 

ശിഖർ ധവാൻ–കെയ്ൻ വില്യംസൺ എന്നിവരുടെ കൂട്ടുകെട്ടാണു സൺറൈസേഴ്സിന് സീസണിലെ ഒൻപതാം ജയം സമ്മാനിച്ചത്. 50 പന്തുകൾ നേരിട്ട ധവാൻ 92 റൺസും വില്യംസൺ 53 പന്തുകളിൽ 83 റൺസും നേടി പുറത്താകാതെ നിന്നു. ഓപ്പണർ അലക്സ് ഹെയ്ൽസ് മാത്രമാണ് ഹൈദരാബാദ് നിരയിൽ പുറത്തായത്. 10 പന്തുകളിൽ 14 റൺസെടുത്ത ഹെയ്ൽസ് ഹർഷൽ പട്ടേലിന്റെ പന്തിൽ‌ എൽബി ആയാണു പുറത്തായത്.

സെഞ്ചുറിയുമായി ഋഷഭ് പന്ത്; എന്നിട്ടും തോറ്റു

പോയിന്റു പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ഡെയർഡെവിൾസിന്റെ സീസണിലെ എട്ടാം തോൽവിയാണ് വ്യാഴാഴ്ച ഏറ്റുവാങ്ങിയത്. മൂന്നു ജയം മാത്രം സ്വന്തമായുള്ള അവർക്ക് ഇനിയുള്ള മൽസരങ്ങൾ അപ്രസ്കതമാണ്. 

യുവതാരം ഋഷഭ് പന്ത് പുറത്താകാതെ സെഞ്ചുറി നേടിയിട്ടും തോൽക്കാനായിരുന്നു ഡൽഹിയുടെ വിധി. 56 പന്തുകളിൽ നിന്നാണ് ഋഷഭ് സീസണിലെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ചുറി കുറിച്ചത്. 63 പന്തുകൾ നേരിട്ട താരം 128 റൺസുമായി പുറത്താകാതെ നിന്നു. പൃഥ്വി ഷാ (11 പന്തിൽ ഒൻപത്), ജേസൺ റോയ് (13 പന്തിൽ 11), ശ്രേയസ് അയ്യർ (എട്ട് പന്തിൽ മൂന്ന്), ഹർഷൽ പട്ടേല്‍ (17 പന്തിൽ 24), ഗ്ലെൻ മാക്സ്‍വെൽ (എട്ട് പന്തിൽ ഒൻപത്) എന്നിങ്ങനെയാണു മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ. സൺറൈസേഴ്സിനു വേണ്ടി ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി. 

ജോർഡനെ തോൽപിച്ച് ഇന്ത്യൻ അണ്ടർ 16 ഫുട്ബാൾ ടീം


ബെൽഗ്രേഡ് : ഏഷ്യൻ ചാമ്പ്യൻഷിപ്പിന്​ മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടർ 16 ഫുട്​ബാൾ ടീമിന്​ വിജയത്തുടക്കം. സെർബിയയിൽ നടക്കുന്ന ചതുർരാഷ്​ട്ര  ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജോർഡനെയാണ്​ ഇന്ത്യ 2-1ന്​ കീഴടക്കിയത്​. ഒരു ഗോളിന്​ പിന്നിട്ടുനിന്ന ശേഷമായിരുന്നു കൗമാരപ്പടയുടെ തിരിച്ചുവരവ്​. 

രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ ഇന്ത്യ പിന്നീട്​ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 17ാം മിനിറ്റിൽ വിക്രമി​​െൻറ ക്രോസിൽ ക്ലോസ്​ റേഞ്ച്​ ഫിനിഷിങ്ങിലൂടെ റിഡ്​ജെയാണ്​ സ്​കോർ ചെയ്​തത്​. 26ാം മിനിറ്റിൽ റിഡ്​ജെയുടെ ശ്രമം പോസ്​റ്റിൽതട്ടി മടങ്ങിയപ്പോൾ റീബൗണ്ട്​ ലക്ഷ്യത്തിലെത്തിച്ച്​ രോഹിത്​ ഇന്ത്യക്ക്​ ജയം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ സമനിലക്കായി ജോർഡൻ ഇരമ്പിക്കയറിയെങ്കിലും ഗോൾകീപ്പർ ലാൽബിയാക്​ലുവ ജോങ്​തെയുടെ മികച്ച സേവുകൾ ഇന്ത്യയെ കാത്തു. അടുത്ത കളിയിൽ വെള്ളിയാഴ്​ച​ ഇന്ത്യ ആതിഥേയരായ സെർബിയയെ നേരിടും.