Sunday 27 May 2018

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളി? ഇടനിലക്കാരനായി മുന്‍ മുംബൈ താരം


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ നിഴലില്‍. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലും, ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മില്‍ 2016 ഓഗസ്റ്റിലും നടന്ന ടെസ്റ്റ് മത്സരങ്ങളാണ് ഒത്തുകളി ആരോപണം നേരിടുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്കും വേദിയായത് ഗാലെ സ്‌റ്റേഡിയമായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐ.സി.സി അന്വേഷണത്തിന് ഉത്തരവിട്ടു. 

ടെസ്റ്റ് മത്സരത്തിന്റെ പിച്ച് ഒത്തുകളിക്കാരുടെ താത്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരം നടന്ന ഗാലെ മൈതാനത്തിന്റെ ചുമതലക്കാരനെ പണം നല്‍കി റോബിന്‍ വശത്താക്കുകയായിരുന്നു.  ഗാലെ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് മാനേജര്‍ തരംഗ ഇന്റിക തനിക്ക് മൈതാനം പേസിനോ, സ്പിന്നിനോ, ബാറ്റിങിനോ അനുകൂലമാക്കി മാറ്റാനാകുമെന്ന് പറയുന്നതും അല്‍ ജസീറ പുറത്തുവിട്ട വീഡിയോയിലുണ്ട്.  ഈ വര്‍ഷം ഒക്ടോബറില്‍ ഗാലെയില്‍ തന്നെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് മത്സരത്തിലും ഇവര്‍ ഒത്തുകളി ആസൂത്രണം ചെയ്തതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഴിമതി വിരുദ്ധ സമിതി പ്രതിനിധികളെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ഐ.സി.സി വ്യക്തമാക്കി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറല്‍ മാനേജറായ അലക്സ് മാര്‍ഷലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26 നും 29 നും ഇടയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരമാണ് അന്വേഷണത്തിന് വിധേയമാക്കുക. 

ഇന്ത്യ ആധികാരികമായി വിജയിച്ച മത്സരമായിരുന്നു അത്.  ശിഖര്‍ ധവാന്‍ 193 റണ്‍സും ചേതേശ്വര്‍ പൂജാര 153 റണ്‍സുമടിച്ച മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 600 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി സെഞ്ചുറി നേടി. മൂന്നിന് 240 എന്ന നിലയില്‍ ഈ ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 291 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സും നേടിയ ലങ്ക 304 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.