Friday 4 May 2018

കൊൽക്കത്തയുടെ തകർപ്പൻ ബാറ്റിങ്ങിന് മുന്നിൽ മുട്ടുമടക്കി ചെന്നൈ.

ഈഡന്‍ ഗാര്‍ഡനില്‍ അതിഥികളായെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്‌ക്കെതിരേ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെയും മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് വിജയമധുരം നുണഞ്ഞു.

കൊല്‍ക്കത്തയുടെ ഈ സീസണിലെ അഞ്ചാം ജയമായിരുന്നു ഇത്. ഒന്‍പത് മ്ത്സരങ്ങളില്‍ നിന്ന് ഇതോടെ മൂന്ന് തോല്‍വി വഴങ്ങിയ ചെന്നൈ ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. അതേസമയം, കൊല്‍ക്കത്തയാകട്ടെ പട്ടികയില്‍ മൂന്നാമതെത്തി.

ടോസ് നഷ്ടപ്പെട്ടത് മുതല്‍ ധോണിക്കും കൂട്ടര്‍ക്കും കൊല്‍ക്കത്തയില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല. പ്രതിഭാധനരായ ചെന്നൈ ബാറ്റിങ് നിരയെ കൊല്‍ക്കത്തന്‍ ബോളിങ് നിര 177 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. അതേസമയം, 25 ബോളില്‍ നിന്ന് നാല് സിക്സും ഒരു ബൗണ്ടറിയുമടക്കം 43 റണ്‍സെടുത്ത ധോണി ഈ മത്സരത്തിലം തന്റെ തിളക്കം കൂട്ടി. 25 ബോളില്‍ നിന്ന് 36 റണ്‍സെടുത്ത വാട്സണാണ് ടീമിലെ രണ്ടാം ടോപ്പ് സ്‌കോറര്‍. കഴിഞ്ഞ മത്സരങ്ങളില്‍ വമ്പന്‍ മികവ് പുലര്‍ത്തിയ ചെന്നൈയുടെ ബാറ്റിങ് നിര കൊല്‍ക്കത്തന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. പിയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കുല്‍ദീപ് യാദവും കൊല്‍ക്കത്തയ്ക്കായി ഒരു വിക്കറ്റ് സ്വന്തമാക്കി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്നിനെ നഷ്ടമായിരുന്നു. പിന്നീട് ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പയ്ക്കും സ്‌കോര്‍ ബോര്‍ഡിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ പുറത്തായതോടെ കൊല്‍ക്കത്ത പരാജയം മണത്തു. എന്നാല്‍, ശുഭ്മാന്‍ ഗില്ല് ടീമിന് രക്ഷകനാവുകയായിരുന്നു. 36 ബോളില്‍ നിന്നും 56 റണ്‍സെടുത്ത ഗില്‍ കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

ഗില്ലിനൊപ്പം ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ 45 റണ്‍സ് ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. ലുങ്കി എങ്കിടി, കെഎം ആസിഫ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ചെന്നൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് വീഴ്ത്തിയത്.