Thursday 20 September 2018

എ ഐ എഫ് എഫ് ന് എതിരെ അഞ്ഞടിച്ച് അനസ്;ബ്ലാസ്റ്റേഴ്സിനായി ആദ്യ 3 മത്സരങ്ങൾ കളിക്കാനാവില്ല



കഴിഞ്ഞ സീസണിൽ‌ എഫ് സി ഗോവയ്ക്കെതിരെയുള്ള സൂപ്പർ കപ്പ് മത്സരത്തിലുണ്ടായ കയ്യാങ്കളിയുടെ പേരിൽ അന്ന് ജംഷദ്പൂർ താരമായിരുന്ന അനസ് എടത്തൊടികയ്ക്കെതിരെ മൂന്ന് മത്സര വിലക്ക് എ ഐ എഫ് എഫ് വിധിച്ചിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് അന്നത്തെ വിലക്ക് നിലനിൽക്കുന്നതിനാൽ കേരളാ ടീമിനൊപ്പം അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാനാവില്ല‌. ഇപ്പോളിതാ മത്സരത്തിൽ കളിക്കുന്നതിൽ തനിക്ക് തടസം നിൽക്കുന്ന എ ഐ എഫ് എഫ് വിലക്കിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനസ്.
താൻ ഗോവയ്ക്കെതിരായ മത്സരത്തിൽ കയ്യാങ്കളിക്ക്‌ പോയിട്ടില്ലെന്നും ഗോവൻ പരിശീലകൻ‌ ഡെറിക്ക് പെരേരയെ പ്രശ്നത്തിലേക്ക് വരാതെയിരിക്കാൻ തടയുക മാത്രമാണ് ചെയ്തതെന്നും പറയുന്ന അനസ് ഇങ്ങനെ കൂട്ടിച്ചേർത്തു, ” മൂന്ന് മത്സരത്തിൽ നിന്നാണ് തനിക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ പ്രശ്നത്തിന്റെ വീഡിയോ കണ്ടാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് മനസിലാകും. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവാതെയിരിക്കാൻ താരങ്ങളെ തടയുക മാത്രമാണ് അന്ന് താൻ ചെയ്തത്.
ഞാൻ ഗോവൻ പരിശീലകനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല. പ്രശ്നങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണ് ശ്രമിച്ചത്. ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിച്ചാൽ അറിയാൻ പറ്റും. 2012 ൽ അദ്ദേഹത്തിന് കീഴിൽ പൂനെ എഫ് സി യിൽ കളിച്ചിട്ടുള്ളയാളാണ് താൻ. അദ്ദേഹം ഒത്തിരി കാര്യങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും അദ്ദേഹത്തിനെതിരെ കയ്യാങ്കളിക്ക് മുതിർന്നിട്ടില്ല”. അനസ് പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തനിക്ക് വിധിച്ച പിഴശിക്ഷ മനസിലാക്കാമെങ്കിലും 3 മത്സര വിലക്ക് എന്തിനാണെന്ന കാര്യത്തിൽ തനിക്ക് ഇപ്പോളും വലിയ ധാരണയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം ഗോവയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിൽ മൂന്ന് മത്സര വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് അനസ് എടത്തൊടികയ്ക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം എടികെ, മുംബൈ സിറ്റി എഫ് സി, ഡെൽഹി ഡൈനാമോസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കാൻകഴിയില്ല.