Thursday 3 May 2018

ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി... കേരള പ്രീമിയര്‍ ലീഗ്ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ആദ്യ സെമി ഫൈനൽ സ്ഥാന൦ എഫ് സി കേരള ഉറപ്പിച്ചു...


കേരള പ്രീമിയര്‍ ലീഗ് സെമിയിലെ ആദ്യ സ്ഥാനം എഫ് സി തൃശ്ശൂര്‍ ഉറപ്പിച്ചു. ഇന്ന് കൊച്ചി പനമ്ബിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതോടെയാണ് തൃശ്ശൂര്‍ സെമി ഫൈനല്‍ യോഗ്യത നേടിയത്. ഒരു ഗോളിന് പിറകില്‍ പോയ ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു എഫ് സി തൃശ്ശൂരിന്റെ വിജയം. ലീഗിലെ ആദ്യ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ഇതേപോലെ ഒരു തിരിച്ചുവരവ് തന്നെ എഫ് സി തൃശ്ശൂര്‍ നടത്തിയിരുന്നു. അന്നും 2-1ന്റെ ജയം ജാലിയുടെ എഫ് സി തൃശ്ശൂരിനായിരുന്നു.

ഇന്ന് തുടക്കത്തില്‍ ലോകന്‍ മീതെ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആദ്യം എഫ് സി തൃശ്ശൂര്‍ പതറിയെങ്കിലും പിന്നീട് മികച്ച രീതിയില്‍ തൃശ്ശൂര്‍ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്ബ് ഹാരിസാണ് തൃശ്ശൂരിന് സമനില ഗോള്‍ നേടിക്കൊടുത്തത്. രണ്ടാം പകുതിയില്‍ ഒരു റീബൗണ്ടില്‍ നിന്ന് സഫ്വാനാണ് തൃശ്ശൂരിന് ലീഡ് നേടിക്കൊടുത്തത്. സഫ്വാന്‍ തന്നെ തൃശ്ശൂരിന്റെ ജയവും സെമി യോഗ്യതയും ഉറപ്പിച്ച മൂന്നാം ഗോളും നേടി. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ അഭിജിതിന് ചുവപ്പും കൂടെ കിട്ടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പൊരുതലും അവസാനിച്ചു.

ലീഗില്‍ ഏഴു മത്സരങ്ങള്‍ കളിച്ച തൃശ്ശൂരിന്റെ ആറാം ജയമാണിത്. ആറു ജയവും ഒരു സമനിലയുമായി 19 പോയന്റായി എഫ് സി തൃശ്ശൂരിനിപ്പോള്‍. ഇതോടെ ഒരു മത്സരം ശേഷിക്കെ തന്നെ എഫ് സി തൃശ്ശൂര്‍ സെമി ഉറപ്പിച്ചു. ഇനി സാറ്റ് തിരൂരിന് മാത്രമെ തൃശ്ശൂരിനെ പോയന്റ് ടേബിളില്‍ മറികടക്കാന്‍ കഴിയൂ. കഴിഞ്ഞ തവണ ഫൈനല്‍ വരെ കുതിച്ച ടീമാണ് ജാലിയുടെ എഫ് സി തൃശ്ശൂര്‍.

രണ്ട് മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ടു എങ്കിലും ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും സെമി പ്രതീക്ഷയുണ്ട്.

ഇന്ത്യൻ ലീഗ് ഫുട്ബോള്‍ ഒത്തുകളി വിവാദം അന്വേഷണം മുക്കി കളയുന്നെന്ന് ആരോപണം.. സിബിഐ അന്വേഷണം നടത്തു൦ എന്ന് പറഞ്ഞു എങ്കിലും ഒന്നും നടത്താതെ ഫെഡറേഷന്‍ വ്യാപക വിമർശന൦...

ഐ ലീഗില്‍ ഒത്തുകളിക്കാന്‍ ശ്രമം നടത്തിയെന്ന മിനര്‍വ്വ പഞ്ചാബിന്റെ പരാതിയിന്‍മേലുള്ള അന്വേഷണം ഒച്ചിഴയും വേഗത്തില്‍. നാലു മാസം മുമ്പാണ് ഐ ലീഗ് മത്സരത്തിന് മുമ്പ് ഒത്തുകളിക്കാന്‍ പണം വാഗ്ദാനം ചെയ്ത് കൊണ്ട് ചിലര്‍ മിനര്‍വ്വ താരങ്ങളെ ഫോണില്‍ സമീപിച്ചത്. സംഭവം ഐ ലീഗ് ചാമ്പ്യന്‍മാര്‍ കൂടിയായ മിനര്‍വ്വ എ ഐ എഫ് എഫിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

അതിന് ശേഷം വീണ്ടും ഇത്തരത്തില്‍ ശ്രമം നടന്നതായി മിനര്‍വ്വ വ്യക്തമാക്കി. രണ്ടാംതവണ അഞ്ചു താരങ്ങള്‍ക്കും കോച്ചിനും പണം വാഗ്ദാനം ചെയ്ത് ഫോണ്‍വിളി ലഭിച്ചതായി മിനര്‍വ്വ പരാതി നല്‍കി. ശേഷം എ എഫ് സിക്ക് പരാതി ഓണ്‍ലൈനില്‍ സമര്‍പ്പിച്ച വിവരമടക്കം മിനര്‍വ്വ ടീം ഉടമ രഞ്ജിത് ബജാജ് പുറത്തുവിട്ടു. ചെന്നൈ സിറ്റ് എഫ് സി മുന്‍ കോച്ച് സൗന്ദരരാജനും ഇത്തരത്തില്‍ ചിലര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. മിനര്‍വ്വക്കെതിരെയുള്ള മത്സരത്തിന് മുമ്പായിരുന്നു ഇതും.

അന്വേഷണം സി ബി ഐയ്ക്ക് കൈമാറുകയാണെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ പെരേര മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കിയ ചിലരോട് കാര്യങ്ങള്‍ തിരക്കിയെന്നല്ലാതെ അന്വേഷണം എവിടെയുമെത്തിയില്ല. വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് എ ഐ എഫ് എഫിനെതിരെ ഉയര്‍ന്ന് വരുന്നത്. നാലു മാസമായി നല്‍കിയ പരാതിയുടെ മേലുള്ള അന്വേഷണമാണ് ഇപ്പോള്‍ എവിടെയുമെത്താതെ നില്‍ക്കുന്നത്.

അഭ്യൂഹങ്ങൾക്ക് വിട.. സന്തേഷ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നില്ല.. അതിനായി നിരസിച്ചത് കോടികള്‍.. ആരാധകരെ കുളിരണിയിപ്പിച്ച വാക്കുകളുമായി താര൦...


ഐ എസ് എൽ ടീമായ എടികെ യിൽ നിന്ന് ലഭിച്ച വമ്പൻ ഓഫർ, കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ നിരസിച്ചു. അഞ്ച് കോടി രൂപയുടെ സ്വപ്ന ഓഫറുമായി എടികെ, ജിങ്കനെ സമീപിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാൻ ജിങ്കൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കന്റെ വാർഷിക പ്രതിഫലം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ജിങ്കൻ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷ കരാറിലെത്തിയ ജിങ്കന് കരാർ പ്രകാരം രണ്ട് വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ ബാക്കിയുണ്ട്. പ്രതിരോധത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫർ ഇതാദ്യമാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ജിങ്കൻ മനസ് തുറന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും, സ്നേഹവും ബ്ലാസ്റ്റേഴ്സിൽ തുടരാൻ പ്രേരിപ്പിക്കുന്നെന്നും, അവർ നൽകുന്ന സ്നേഹം തള്ളിക്കളഞ്ഞ് മറ്റൊരു ടീമിലേക്ക് പോകാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജിങ്കൻ പറഞ്ഞു.

2014ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച ജിങ്കൻ ടീംപ്ലേ ഓഫിലെത്താതെ പുറത്തായ 2017-18 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീസൺ അവസാനിച്ചതിന് ശേഷം മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയതോടെ ജിങ്കൻ ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.