Thursday 9 August 2018

കേരളഫുട്ബോളില്‍ ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..


കേരളഫുട്ബോളില് ചരിത്രം കുറിക്കാന്‍ ഗ്രീന്‍ഫീല്‍ഡ് എഫ്സി വരുന്നു ; ലോക റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യത..
കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് നിന്ന് പുതിയൊരു പ്രൊഫഷണല്‍ ഫുട്ബോള്‍ ടീം കൂടി പിറവിയെടുക്കുന്നു. ഗ്രീന്‍ഫീല്‍ഡ് എഫ്സി എന്ന് പേരിട്ടിരിക്കുന്ന ഈ ഫുട്ബോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ആരാധകര്‍ തന്നെയായിരിക്കും ടീമിന്റെ ഉടമകള്‍ എന്നതാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലുള്ളത് പോലെ ആരാധകര്‍ കൂട്ടായി ചേര്‍ന്നാകും ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. ഈ മാസാവസാനം ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഭാവിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുക എന്നതാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയുടെ പ്രധാന ലക്ഷ്യം. സ്റ്റേറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാരവാഹികളായ സിജിന്‍ ബിടിയും, ജിബു ഗിബ്സണുമാണ് ഗ്രീന്‍ഫീല്‍ഡ് ടീമിന്റെ രൂപീകരണ ആശയത്തിന് പിന്നില്‍.
റയല്‍ മാഡ്രിഡിനെയും, ബാഴ്സലോണയേയും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും പോലെ ആരാധകരുടെ സ്വന്തം ക്ലബ്ബ് എന്ന നിലയിലാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സിയും രൂപീകരിക്കുക എന്ന് ഇവര്‍ പറയുന്നു. നേരത്തെ എവര്‍ഗ്രീന്‍ എഫ്സി എന്ന പേരില്‍ തിരുവനന്തപുരത്ത് പുതിയൊരു പ്രോഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പിന്നീട് അടച്ച്‌ പൂട്ടുകയായിരുന്നു.
തുടക്കത്തില്‍ രണ്ട് ലക്ഷം അംഗങ്ങളെ ടീമുമായി സഹകരിപ്പിക്കാനാണ് ഗ്രീന്‍ഫീല്‍ഡ് എഫ്സി ലക്ഷ്യമിടുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ ഇക്കാര്യത്തിലെ ഗിന്നസ് ‌റെക്കോര്‍ഡ് തകര്‍ക്കുകയെന്നതും ടീമിന്റെ പ്രധാന അജണ്ടകളില്‍ ഒന്നാണ്. 160,398 ക്ലബ്ബ് അംഗങ്ങളാണ് ബെനഫിക്ക ടീമിനായി പണം മുടക്കുന്നത്. ഇത് പോലെ രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കി അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്ന് ക്ലബ്ബുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ പ്രധാന അന്താരാഷ്ട്ര സ്റ്റേഡിയമായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും ടീമിന്റെ ഹോം ഗ്രൗണ്ട്.

No comments:

Post a Comment