Sunday, 15 April 2018

മലയാളികള്‍ക്ക് വിഷു ആശ൦സകൾ അറിയിച്ചു ബുണ്ടെസലിഗ.. ഞെട്ടിത്തരിച്ചു മലയാളി ഫുട്ബോള്‍ പ്രേമികളും...

മലയാളികളെ ഞെട്ടിച്ച് ജര്‍മനിയില്‍നിന്നൊരു വിഷു ആശംസ. ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ലീഗായ ബുണ്ടെസ്‌ലിഗയാണ് വിഷു ആശംസിച്ച് മലയാളികളെ ഞെട്ടിച്ചത്. പല ലീഗുകളും പല ടീമുകളും ഇതുപോലെ മലയാളികളുടെ ഫുട്‌ബോള്‍ പ്രേമത്തെ ആദരിക്കാറുണ്ടെങ്കിലും എല്ലാവരോടുമെന്നതുപോലെ സോഷ്യല്‍ മീഡിയ പേജില്‍ മലയാളികള്‍ ആഘോഷത്തിമിര്‍പ്പിലാണ്.

കേരളത്തിലുള്ള ഞങ്ങളുടെ ആരാധകര്‍ക്ക് – സമൃദ്ധിയുടേയും വിജയത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു എന്നാണ് ബുണ്ടിസ്‌ലിഗ കുറിച്ചത്. തുടര്‍ന്ന് ഹാപ്പി വിഷു എന്ന ഹാഷ് ടാഗും ചിത്രവും. നൂറുകണക്കിന് മലയാളികള്‍ ലീഗിനെ പുകഴ്ത്തി കമന്റുകള്‍ കുറിച്ചു.

ജര്‍മന്‍ ഫുട്‌ബോളിലെ ഒന്നാം സ്ഥാനത്തുള്ള ലീഗാണ് ബുണ്ടിസ്‌ലിഗ. 20 ടീമുകള്‍ വീതം മത്സരിക്കുന്ന ഏറ്റവും കാഴ്ച്ചക്കാരുള്ള ദേശീയ ലീഗാണിത്. 22 തവണ ബുണ്ടിസ്‌ലിഗ കിരീടം ഉയര്‍ത്തിയ എഫ്‌സി ബയേണ്‍ മ്യൂണിക്കാണ് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബുണ്ടിസ്‌ലിഗ സോഷ്യല്‍ മീഡിയ പേജിലേക്കുള്ള ലിങ്ക് താഴെ-

https://www.facebook.com/BundesligaOfficial/photos/a.219978318448431.1073741829.207360136376916/446321702480757/

അനസ് എടത്തൊടികക്ക് വിലക്കും പിഴയും... ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അനസിന് കളിയില്‍ നിന്ന് വിലക്കും പിഴയും ചുമത്തി...

അനസ് എടത്തൊടികക്ക് വിലക്കും പിഴയും ചുമത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നടപടി ...

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ് സി ഗോവയും ജംഷദ്പൂര്‍ എഫ് സിയും തമ്മില്‍ നടന്ന മത്സരത്തിനിടെ ഉടലെടുത്ത കയ്യാംകളിക്ക് എ ഐ എഫ് എഫിന്റെ വക കൂടുതല്‍ നടപടികള്‍. എഫ് സി ഗോവയ്ക്ക് അന്ന് ഒരു ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ടണല്‍ സംഘട്ടനത്തില്‍ ആറു താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയിരുന്നു. ആ താരങ്ങള്‍ക്കും ഒപ്പം ജംഷദ്പൂരിന്റെ ഗോള്‍കീപ്പിംഗ് കോച്ചിനും എതിരെയാണ് ഇപ്പോള്‍ നടപടികള്‍ വന്നിരിക്കുന്നത്.

അനസ് എടത്തൊടിക, സുബ്രതാ പോള്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നീ ജംഷദ്പൂര്‍ താരങ്ങള്‍ക്കും റോബേര്‍ട്ട് എന്ന ജംഷദ്പൂരിന്റെ ഗോള്‍ കീപ്പിംഗ് കോച്ചിനും , സെര്‍ജി ജസ്റ്റെ, ബ്രൂണോ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എന്നെ ഗോവ താരങ്ങള്‍ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കാണ് വിധിച്ചിരിക്കുന്നത്. ചുവപ്പ് കാര്‍ഡിന് കിട്ടുന്ന സ്വാഭാവിക സസ്പെന്‍ഷനു പുറമെ ആകും ഈ രണ്ടു മത്സരങ്ങളിലെ വിലക്ക്.

ഇതുകൂടാതെ അനസ് എടത്തൊടികയ്ക്കും ഗോള്‍കീപ്പിംഗ് കോച്ച്‌ റോബേര്‍ട്ട് ആന്‍ഡ്രുവിനും ഒരു ലക്ഷം രൂപ പിഴയും ഉണ്ട്. ഇരുവരും എതിര്‍താരങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിനും സസ്പെന്‍ഷന്‍ സ്വീകരിക്കാന്‍ അനസ് തയ്യാറാകാത്തതിനും ആണ് ഈ ഒരു ലക്ഷം രൂപയുടെ പിഴ. പിഴ ഏഴു ദിവസം കൊണ്ട് അടയ്ക്കണം.

Friday, 13 April 2018

ഗുസ്തിയിലു൦ മലർത്തിയടിച്ച് ഇന്ത്യ... 42 മെഡലുമായി ഇന്ത്യ.. ഇന്ന് 11 മെഡലുകള്‍ കൊയ്തു ജൈത്രയാത്ര തുടരുന്നു..

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒമ്പതാം ദിനവും ഇന്ത്യ കുതിപ്പ് തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഇനത്തില്‍ തേജസ്വനി സാവന്തും സ്വര്‍ണം നേടിയതിന് പിന്നാലെ പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം നേടി. ഇതോടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം പതിനേഴിലെത്തി.

ഗോദയില്‍ ന്യൂസിലാന്‍ഡിന്റെ ബ്രാം റിച്ചാര്‍ഡ്‌സിനെ മലര്‍ത്തിയടിച്ചാണ് ബജ്‌റങിന്റെ സ്വര്‍ണ നേട്ടം. മൂന്ന് സ്വര്‍ണത്തിന് പുറമേ നാല് വെള്ളിയും നാല് വെങ്കലവും സഹിതം പതിനൊന്ന് മെഡലുകള്‍ ഇന്ത്യ ഇന്ന് കൈപിടിയിലൊതുക്കി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ സാവന്തിന്റെ സ്വര്‍ണത്തിനൊപ്പം അന്‍ജൂമിലൂടെ വെള്ളിയും ഇന്ത്യക്കാണ്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ദന്ത വെള്ളി കരസ്ഥമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മൗസം ഖത്രി വെള്ളി നേടി. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണും പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ നമാന്‍ തന്‍വാറും വെങ്കലം സ്വന്തമാക്കി.

വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ബത്ര മാനിക-മൗമ ദാസ് സഖ്യം വെള്ളി നേടിയപ്പോള്‍ 69 കിലോഗ്രാം ബോക്‌സിങ്ങില്‍ മനോജ് കുമാര്‍, 56 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് ഹുസാമുദ്ദീന്‍ വെങ്കലവും നേടി. നിലവില്‍ 17 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും സഹിതം 42 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 65 സ്വര്‍ണവും 49 വെള്ളിയും 51 വെങ്കലവും സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 

Thursday, 12 April 2018

കോമൺവെൽത്ത് ഗെയിംസ് കേരളത്തിന് അപമാനം .. രണ്ടു കേരള താരങ്ങളെപുറത്തുാക്കി..

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.  ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

നാണക്കേടുമായി സൂപ്പര്‍ കപ്പ്.. . ആറ് ചുവപ്പ് കാർഡ് കണ്ട മത്സരം.. വീണ്ടും വിവാദച്ചുഴിയിൽ വീണ് ഇന്ത്യന്‍ റഫറിമാരു൦...

ഇന്ത്യയുടെ പുതിയ ഫുട്ബോള്‍ മാമാങ്കം ആയ സൂപ്പര്‍ കപ്പ് വിവാദ൦ കെട്ടടങ്ങാതെ മുന്നേറുന്നു.. മറ്റൊരു നാണക്കേടിനു൦, വിവാദത്തിനും വഴി വച്ചു ഗോവയു൦ ജ൦ഷഡ്മപൂരുമായി നടന്ന കോട്ടർ ഫൈനൽ മത്സരം .

സൂപ്പര്‍ കപ്പില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ ഏറ്റവും നാണംകെട്ട ദിനമായി മാറുകയാണ്. ജംഷദ്പൂരും എഫ് സി ഗോവയും തമ്മില്‍ ഉള്ള പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കണ്ടത് ഒരു ദുരന്ത റഫറിയിംഗും അതിന്റെ ഫലമായി ആറു ചുവപ്പു കാര്‍ഡുകളും. മത്സരത്തില്‍ ഒരു ഗോള്‍ അനുവദിക്കാതിരുന്നതാണ് ഇരുടീമുകളും തമ്മിലുള്ള അടിക്കും ചുവപ്പ് കാര്‍ഡിലും കലാശിച്ചത്.

എതിരില്ലാത്ത ഒരു ഗോളിന് ഗോവ മുന്നിട്ട് നില്‍ക്കുമ്ബോള്‍ ആയിരുന്നു വിവാദ തീരുമാനം. ബ്രാന്‍ഡനിലൂടെ 45ആം മിനുട്ടില്‍ എഫ് സി ഗോവ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് നേരത്തെ തന്നെ കോര്‍ണര്‍ ലൈന്‍ കഴിഞ്ഞ് പുറത്തു പോയിരുന്നു എന്നതായിരുന്നു ഗോള്‍ നിഷേധിക്കാനുള്ള കാരണം. എന്നാല്‍ ബോള്‍ പുറത്തിപോയ സമയത്ത് ലൈന്‍ റഫറി കോര്‍ണര്‍ വിളിച്ചിരുന്നില്ല. അത് കഴിഞ്ഞും കളി നടന്ന് ഗോള്‍ വീണപ്പോഴാണ് ഇത്തരമൊരു ഡിസിഷന്‍ റഫറി എടുത്തത്.

ഇത് ഇരുടീമുകളും സംഘര്‍ഷത്തില്‍ തന്നെ ഏര്‍പ്പെട്ടു. എഫ് സി ഗോവയുടെ കോറോ കളിക്കാന്‍ തയ്യാരാവാതെ ബെഞ്ചില്‍ ചെന്ന് ഇരിക്കുകയും ചെയ്തു. ആദ്യ പകുതിക്ക് വിസില്‍ വീണപ്പോഴാണ് ആറു റെഡ് കാര്‍ഡുകള്‍ വന്നത്. ജംഷദ്പൂരിന്റെ അനസ് എടത്തൊടിക, സുബ്രതോ പോള്‍, ബെല്‍ഫോര്‍ട്ട് എന്നിവര്‍ക്കും, എഫ് സി ഗോവയുടെ ബ്രൂണോ, ബ്രാന്‍ഡണ്‍, ജസ്റ്റെ എന്നിവര്‍ക്കുമാണ് ചുവപ്പ് കിട്ടിയത്.

രണ്ടാം പകുതിയില്‍ ഗോവ ആദ്യം കളിക്കാന്‍ തയ്യാറായില്ല എങ്കിലും പിന്നീട് കളിക്കാന്‍ ഇറങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും എട്ടു താരങ്ങള്‍ മാത്രമായിട്ടാണ് കളിച്ചത്.

Tuesday, 10 April 2018

അനസിന് ദേശീയ റെക്കോർഡ്...

ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയുടെ സുവർണതീരത്തു മലയാളത്തിനു മെഡൽപ്രതീക്ഷ സമ്മാനിച്ചു കുതിച്ചുപാഞ്ഞ വൈ. മുഹമ്മദ് അനസിന് ദേശീയ റെക്കോർഡ് പ്രകടനം നടത്തിയിട്ടും നാലാം സ്ഥാനം മാത്രം. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിലാണ് 45.31 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അനസ് നാലാമതായത്.

തന്റെ തന്നെ പേരിലുള്ള 45.32 സെക്കൻഡിന്റെ റെക്കോർഡാണ് ഗോൾഡ് കോസ്റ്റിൽ അനസ് ഒരു സെക്കന്‍ഡിനു മെച്ചപ്പെടുത്തിയത്. സെമിഫൈനൽ ഹീറ്റ്സിൽ 45.44 സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ അനസ് ഫിനിഷ് ചെയ്തത്.

44.35 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയ ബോട്സ്വാനയുടെ ഐസക് മാക്വാലയ്ക്കാണ് സ്വർണം. 45.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബലോക്കി തെബെ വെള്ളിയും സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കൻ താരം ജവോൻ ഫ്രാൻസിസ് 45.11 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും നേടി.

1958ൽ കാർഡിഫിൽ നടന്ന ഗെയിംസിൽ, ഇന്നത്തെ 400 മീറ്ററിന്റെ പഴയ രൂപമായ 440 യാഡ്സ് (440 വാര–402.33 മീറ്റർ) മൽസരത്തിൽ സ്വർണം നേടിയ മിൽഖ സിങ്ങിനു ശേഷം ഈയിനത്തിൽ ഫൈനലിൽ കടന്ന ആദ്യ താരമാണ് കൊല്ലം നിലമേൽ വളയിടം സ്വദേശിയായ അനസ്. 46.6 സെക്കൻഡിലായിരുന്നു മിൽഖയുടെ സ്വർണനേട്ടം.

ഏഷ്യ കപ്പിന് യു എ ഇ വേദിയായേക്കും...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി. യു.എ.ഇയാണ് പുതിയ വേദി. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 13 മുതല്‍ 28 വരെയായായിരുന്നു ഇന്ത്യയില്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമായതാണ് വേദി മാറ്റാനുള്ള കാരണമായി പറയുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വേദി യു. എ.ഇയിലേയ്ക്ക് മാറ്റുകയാണ് ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗമെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പറഞ്ഞു.