Showing posts with label Coomonwelath Games 2018. Show all posts
Showing posts with label Coomonwelath Games 2018. Show all posts

Friday, 13 April 2018

ഗുസ്തിയിലു൦ മലർത്തിയടിച്ച് ഇന്ത്യ... 42 മെഡലുമായി ഇന്ത്യ.. ഇന്ന് 11 മെഡലുകള്‍ കൊയ്തു ജൈത്രയാത്ര തുടരുന്നു..

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒമ്പതാം ദിനവും ഇന്ത്യ കുതിപ്പ് തുടരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ഇനത്തില്‍ തേജസ്വനി സാവന്തും സ്വര്‍ണം നേടിയതിന് പിന്നാലെ പുരുഷന്‍മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ഇന്ത്യക്കായി സ്വര്‍ണം നേടി. ഇതോടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം പതിനേഴിലെത്തി.

ഗോദയില്‍ ന്യൂസിലാന്‍ഡിന്റെ ബ്രാം റിച്ചാര്‍ഡ്‌സിനെ മലര്‍ത്തിയടിച്ചാണ് ബജ്‌റങിന്റെ സ്വര്‍ണ നേട്ടം. മൂന്ന് സ്വര്‍ണത്തിന് പുറമേ നാല് വെള്ളിയും നാല് വെങ്കലവും സഹിതം പതിനൊന്ന് മെഡലുകള്‍ ഇന്ത്യ ഇന്ന് കൈപിടിയിലൊതുക്കി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വിഭാഗത്തില്‍ സാവന്തിന്റെ സ്വര്‍ണത്തിനൊപ്പം അന്‍ജൂമിലൂടെ വെള്ളിയും ഇന്ത്യക്കാണ്. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ പൂജ ദന്ത വെള്ളി കരസ്ഥമാക്കിയപ്പോള്‍ പുരുഷന്‍മാരുടെ 97 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മൗസം ഖത്രി വെള്ളി നേടി. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രണും പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ നമാന്‍ തന്‍വാറും വെങ്കലം സ്വന്തമാക്കി.

വനിതകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ബത്ര മാനിക-മൗമ ദാസ് സഖ്യം വെള്ളി നേടിയപ്പോള്‍ 69 കിലോഗ്രാം ബോക്‌സിങ്ങില്‍ മനോജ് കുമാര്‍, 56 കിലോഗ്രാം വിഭാഗത്തില്‍ മുഹമ്മദ് ഹുസാമുദ്ദീന്‍ വെങ്കലവും നേടി. നിലവില്‍ 17 സ്വര്‍ണവും 11 വെള്ളിയും 14 വെങ്കലവും സഹിതം 42 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 65 സ്വര്‍ണവും 49 വെള്ളിയും 51 വെങ്കലവും സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വര്‍ണവും 34 വെള്ളിയും 34 വെങ്കലവുമുള്ള ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 

Thursday, 12 April 2018

കോമൺവെൽത്ത് ഗെയിംസ് കേരളത്തിന് അപമാനം .. രണ്ടു കേരള താരങ്ങളെപുറത്തുാക്കി..

ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ നീഡില്‍ പോളിസി' ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.  ട്രിപ്പിള്‍ ജമ്പ് താരമാണ് രാകേഷ് ബാബു. നടത്ത താരമാണ് കെ ടി ഇര്‍ഫാന്‍. ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. ഇവരുടെ മുറിയുടെ സമീപത്തുനിന്ന് സൂചിയും ബാഗില്‍നിന്ന് സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. അതേസമയം താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് സി ജി എഫ് അറിയിച്ചിട്ടുണ്ട്. ഇര്‍ഫാന്റെ നടത്തമത്സരം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

ഇരുപതു കിലോ മീറ്റര്‍ നടത്തമത്സരത്തിലായിരുന്നു ഇര്‍ഫാന്‍ പങ്കെടുത്തിരുന്നത്. മത്സരത്തില്‍ 13-ാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ട്രിപ്പിള്‍ ജമ്പ് മത്സരത്തില്‍ പങ്കെടുക്കാനിരിക്കെയാണ് രാകേഷിനെ പുറത്താക്കിയിരിക്കുന്നത്.

Sunday, 8 April 2018

ഉന്ന൦ തെറ്റാത്ത ഈ പതിനാറുകാരി ഇന്ത്യയുടെ അഭിമാനം... ഷൂട്ടിംഗ് പിഴക്കാത്ത ഉന്നവുമായി പതിനാറുകാരി മനുഭാക്കർ നടന്നു കയറുന്നത് ചരിത്രത്തിലേക്ക്...

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങിയതു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ പതിനാറുകാരി മനു ഭാക്കറിലൂടെ സ്വര്‍ണവും ഹീന സിദ്ധുവിലൂടെ വെള്ളിയും നേടിയാണ്‌ ഇന്ത്യ തുടങ്ങിയത്‌.

ഹരിയാനക്കാരിയായ മനു ഭാക്കറിന്റെ കന്നി ഗെയിംസാണിത്‌. ബെല്‍മോണ്ട്‌ ഷൂട്ടിങ്‌ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഹീന അടക്കമുള്ള വെറ്ററന്‍ താരങ്ങളെ മറികടക്കാന്‍ മനുവിനായി. ആകെ 240.9 പോയിന്റ്‌ നേടിയാണു മനു സ്വര്‍ണമണിഞ്ഞത്‌.
യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ഹീന ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 234 പോയിന്റുമായാണ്‌ 28 വയസുകാരിയായ ഹീന വെള്ളി നേടിയത്‌. ഓസ്‌ട്രേലിയയുടെ യെലേന ഗാലിബോവിച്‌ 214.9 പോയിന്റുമായി വെങ്കലം നേടി. അവസാന ഷോട്ടില്‍ 10.4 പോയിന്റ്‌ നേടിയതോടെയാണു മനു സ്വര്‍ണം നേടിയത്‌.

ഷൂട്ടിങ്‌ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍, മിക്‌സഡ്‌ ടീം പിസ്‌റ്റള്‍ ഇനത്തിലും സ്വര്‍ണം നേടിയാണു മനു കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെത്തിയത്‌. ഹരിയാനയിലെ ഝാജാര്‍ ജില്ലക്കാരിയാണു മനു ഭാസ്‌കര്‍.
ഗോരിയ ഗ്രാമത്തിലെ യൂണിവേഴ്‌സല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണു മനു. ഹീന സിദ്ധു 2010 ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്‌തിഗതമായി വെള്ളിയും നേടി.

2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടിയില്ല. പുരുഷ വിഭാഗം എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം നേടി. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്‌ഥാനക്കാരനായ രവി കുമാര്‍ ഫൈനലിലും മികച്ച പോരാട്ടം നടത്തി. സഹതാരം ദീപക്‌ കുമാര്‍ ആദ്യം തന്നെ പുറത്തായെങ്കിലും രവി കുമാറിനെ ബാധിച്ചില്ല.
രവി കുമാര്‍ 224.1 പോയിന്റുമായാണു വെങ്കലം നേടിയത്‌. ഓസ്‌ട്രേലിയയുടെ ഡാനെ സാംസണ്‍ സ്വര്‍ണവും ബംഗ്ലാദേശിന്റെ അബ്‌ദുള്ള ഹെല്‍ ബാകി വെള്ളിയും നേടി.

ഇടിച്ചു മുന്നേറി ഇന്ത്യ... ഇടിക്കൂട്ടിലു൦ മെഡല്‍ ഉറപ്പിച്ചു ഇന്ത്യ.. മേരികോ൦ സെമിയിൽ..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ബോക്‌സിങില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കി. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി കോം 48 കിലോ വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നതോടെയാണ്‌ മെഡല്‍ ഉറപ്പായത്‌.
പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ വികാസ്‌ കൃഷ്‌ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതും മെഡല്‍ പ്രതീക്ഷയുണര്‍ത്തി.
സ്‌കോട്ട്‌ലന്‍ഡിന്റെ മെഗാന്‍ ഗോര്‍ഡനിനെ 5-0 ത്തിന്‌ ഇടിച്ചിട്ടാണു മേരിയുടെ മുന്നേറ്റം. ബോക്‌സിങിലെ ആദ്യ മെഡലാണ്‌ മേരിയിലൂടെ ഇന്ത്യ ഉറപ്പാക്കിയത്‌. 35 വയസുകാരിയായ മേരി കോം രാജ്യസഭാംഗം കൂടിയാണ്‌.
11 നു നടക്കുന്ന സെമിയില്‍ ശ്രീലങ്കയുടെ അനുഷ നില്‍റുക്ഷിയാണ്‌ മേരിയെ നേരിടുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ഓപ്പണിലും സ്വര്‍ണം നേടിയ മേരി കോം ബള്‍ഗേറിയയില്‍ നടന്ന സ്‌ട്രാന്‍ജ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വെള്ളി നേടിയാണ്‌ ഗോള്‍ഡ്‌ കോസ്‌റ്റിലേക്കു വിമാനം കയറിയത്‌

ഇതേ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ്‌ വികാസും കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇടിക്കാനിറങ്ങിയത്‌. ഓസ്‌ട്രേലിയയുടെ കാംബല്‍ സോമര്‍വീലിനെയാണു വികാസ്‌ ഇടിച്ചിട്ടത്‌ (സ്‌കോര്‍ 5-0).

പതിനൊന്ന് സ്വർണവുമായി ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു..

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഞായറാഴ്ച്ച രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ 94 കിലോഗ്രാം ഭാരോദ്വാഹനത്തില്‍ വികാസ് ഠാക്കൂറാണ് വെങ്കലം നേടിയത്.

പഞ്ചാബില്‍ നിന്നുള്ള 24-കാരന്‍ ആകെ 351 കിലോഗ്രാം ഭാരമാണുയര്‍ത്തിയത്. 370 കിലോഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോഡോടെ പപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാരി സ്വര്‍ണം നേടിയപ്പോള്‍ 369 കിലോഗ്രാമുയര്‍ത്തിയ കാനഡയുടെ ബോഡി സാന്റാവിക്കാണ് വെള്ളി മെഡല്‍

. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസില്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഠാക്കൂര്‍ വെള്ളി നേടിയിരുന്നു. ഗെയിംസില്‍ ഇന്ത്യയുടെ 11-ാം മെഡലാണിത്.  നേരത്തെ ആറു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യ നേടിയിരുന്നു. ഭാരോദ്വഹനത്തില്‍ നിന്ന് മാത്രമായി ഇന്ത്യ ഒമ്പത് മെഡലുകളാണ് നേടിയത്. രണ്ടെണ്ണം ഷൂട്ടിങ്ങിലും ലഭിച്ചു.

Saturday, 7 April 2018

ഇന്ത്യക്ക് വീണ്ടും സ്വർണ൦.. കോമൺവെൽത്ത് ഗെയിംസ് ഇന്ത്യക്ക് നാലാം സ്വർണവൂമായി മൂന്നാം സ്ഥാനത്ത് .

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്ത്. ആദ്യ ദിനത്തില്‍ മീരാബായ് ചാനു തുടക്കമിട്ട സ്വര്‍ണവേട്ട ഭാരോദ്വഹനത്തില്‍ ഇന്ത്യ തുടരുകയാണ്. മൂന്നാം ദിനം ഭാരോദ്വഹനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണം ഉയര്‍ത്തി. പുരുഷന്‍മാരുടെ 85 കിലോ വിഭാഗത്തില്‍ വെങ്കട് രാഹുല്‍ രഗാലയാണ് മൂന്നാം ദിനത്തിലെ രണ്ടാം സ്വര്‍ണം കരസ്ഥമാക്കിയത്.

ഇതോടെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം നാലായി. മൊത്തം മെഡല്‍ നേട്ടം ആറും. എല്ലാം ഭാരോദ്വഹനത്തില്‍ നിന്ന് തന്നെ. ഒട്ടാകെ 338 കിലോ ഉയര്‍ത്തിയാണ് വെങ്കട് രാഹുല്‍ സ്വര്‍ണം കൈപ്പിടിയിലൊതുക്കിയത്. സ്‌നാച്ചില്‍ 187 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് വെങ്കടിന്റെ സ്വര്‍ണവേട്ട.

നേരത്തെ മൂന്നാം ദിനത്തില്‍ പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ സതീഷ് ശിവലിംഗം സ്വര്‍ണം നേടിയിരുന്നു.

Thursday, 5 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം




ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ സുവര്‍ണ നേട്ടം. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു. 
ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വര്‍ണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവര്‍ണ നേട്ടം. 110 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റിക്കാര്‍ഡോടെയാണ് മീരാഭായി സ്വര്‍ണം കരസ്ഥമാക്കിയത്. നിലവിലെ ലോക ചാന്പ്യനാണ് മീരാഭായ്. 
നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തില്‍ പി.ഗുരുരാജ വെള്ളി മെഡല്‍ നേടിയിരുന്നു.