Tuesday 10 April 2018

അനസിന് ദേശീയ റെക്കോർഡ്...

ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയുടെ സുവർണതീരത്തു മലയാളത്തിനു മെഡൽപ്രതീക്ഷ സമ്മാനിച്ചു കുതിച്ചുപാഞ്ഞ വൈ. മുഹമ്മദ് അനസിന് ദേശീയ റെക്കോർഡ് പ്രകടനം നടത്തിയിട്ടും നാലാം സ്ഥാനം മാത്രം. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിലാണ് 45.31 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അനസ് നാലാമതായത്.

തന്റെ തന്നെ പേരിലുള്ള 45.32 സെക്കൻഡിന്റെ റെക്കോർഡാണ് ഗോൾഡ് കോസ്റ്റിൽ അനസ് ഒരു സെക്കന്‍ഡിനു മെച്ചപ്പെടുത്തിയത്. സെമിഫൈനൽ ഹീറ്റ്സിൽ 45.44 സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ അനസ് ഫിനിഷ് ചെയ്തത്.

44.35 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയ ബോട്സ്വാനയുടെ ഐസക് മാക്വാലയ്ക്കാണ് സ്വർണം. 45.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബലോക്കി തെബെ വെള്ളിയും സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കൻ താരം ജവോൻ ഫ്രാൻസിസ് 45.11 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും നേടി.

1958ൽ കാർഡിഫിൽ നടന്ന ഗെയിംസിൽ, ഇന്നത്തെ 400 മീറ്ററിന്റെ പഴയ രൂപമായ 440 യാഡ്സ് (440 വാര–402.33 മീറ്റർ) മൽസരത്തിൽ സ്വർണം നേടിയ മിൽഖ സിങ്ങിനു ശേഷം ഈയിനത്തിൽ ഫൈനലിൽ കടന്ന ആദ്യ താരമാണ് കൊല്ലം നിലമേൽ വളയിടം സ്വദേശിയായ അനസ്. 46.6 സെക്കൻഡിലായിരുന്നു മിൽഖയുടെ സ്വർണനേട്ടം.

No comments:

Post a Comment