Saturday 5 May 2018

വിരാടിൻെറ വിക്കറ്റ് എന്തുകൊണ്ട് ആഘോഷിച്ചില്ല ആരാധകരുടെ ചോദ്യത്തിന് മറുപടിയുമയി ജഡേജ


പൂനെ: ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ നിമിഷം ബെംഗളൂരു നായകന്‍ വിരാട് കോഹ്ലിയുടെ പുറത്താകലായിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു വിരാടിനെ പുറത്താക്കിയത്. എന്നാല്‍ വിക്കറ്റ് നേട്ടം ജഡേജ ആഘോഷിച്ചില്ലായിരുന്നു. ഇതിന് പിന്നിലെ കാരണം എന്തായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തത്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് വിക്കറ്റ് ആഘോഷിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഡേജ. ഇന്നിംഗ്‌സ് ബ്രേക്കിനിടെ അവതാരകനായ രോഹന്‍ ഗവാസ്‌കറുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ജഡേജയുടെ വെളിപ്പെടുത്തല്‍.
ആദ്യ പന്തായിരുന്നു അതെന്നും അതുകൊണ്ട് തന്നെ വിക്കറ്റ് എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ജഡേജയുടെ മറുപടി. അതുകൊണ്ട് താന്‍ ആഘോഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നും താരം പറയുന്നു.വിരാടിന്റെ വിക്കറ്റ് നേട്ടം വളരെ പ്രധാനപ്പെട്ടതാണെന്നും ആ മൊമന്റം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.
അതിവേഗത്തില്‍ കോഹ്ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന്‍ പരുങ്ങി നിന്നപ്പോള്‍ പന്ത് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കോഹ്ലി നിന്നപ്പോള്‍ വിക്കറ്റ് ആഘോഷി്ക്കാനായി കൈ ഉയര്‍ത്തിയ ജഡേജ ഒന്ന് ശങ്കിച്ച് നില്‍ക്കുകയായിരുന്നു.

ആഘോഷിക്കണോ വേണ്ടയോ എന്ന ഭാവത്തില്‍ നിന്ന ജഡേജ മുന്‍ ടീമിനെതിരെ ഗോള്‍ നേടിയ ഫുട്‌ബോള്‍ താരങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നായിരുന്നു കമന്റേര്‍മാരുടെ പ്രതികരണം. എന്താണ് ജഡേജയുടെ മുഖത്ത് വിരിഞ്ഞ വ്യത്യസ്തമായ ഭാവത്തിന് പിന്നിലെന്ന ചിന്തയിലാണ് ആരാധകര്‍. 1 പന്തില്‍ എട്ട് റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് വിജയം. നാല് ഓവര്‍ എറിഞ്ഞ മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍.

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്‌ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

ബെംഗളൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണമായിരുന്നു. ചെന്നൈ ബൗളര്‍മാരുടെ കരുത്തു കണ്ട മത്സരത്തില്‍ ബെംഗളൂരു ചെറിയ സ്‌കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

No comments:

Post a Comment