Saturday 5 May 2018

ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ തോൽവിയുടെ കാരണം തുറന്നു പറഞ്ഞു കോഹ്ലി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന ഐ പി എല്‍ പോരാട്ടം പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി. ബോളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് 127-9 റണ്‍സിലൊതുങ്ങിയപ്പോള്‍ ചെന്നൈ 18 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

മത്സരത്തിന് ശേഷം സ്പിന്നര്‍മാരെ പ്രശംസിച്ച് ധോണി രംഗത്ത് വന്നപ്പോള്‍ കോഹ്ലി വിട്ടുകളഞ്ഞ ക്യാച്ചുകളെ കുറിച്ചാണ് പറഞ്ഞത്. ‘ വളരെ കടുത്ത മത്സരമായിരുന്നു, മധ്യ ഓവറുകളില്‍ ചെന്നൈയെ പിടിച്ചു നിര്‍ത്തുകയും ചെയ്തു, എന്നാല്‍ വിട്ടു കളഞ്ഞ ക്യാച്ചുകള്‍, അതൊരിക്കലും കളി ജയിക്കാന്‍ സഹായിക്കില്ല’ – കോഹ്ലി പറഞ്ഞു. ഡ്വെയിന്‍ ബ്രാവോയുടെ ക്യാച്ചുകള്‍ പാര്‍ത്ഥിവ് പട്ടേലും യുസ്‌വേന്ദ്ര ചാഹലും വിട്ടു കളഞ്ഞത് സൂചിപ്പിച്ചാണ് കോഹ്ലിയുടെ വാക്കുകള്‍.

‘ സ്പിന്നര്‍മാരാണ് കളി ജയിപ്പിച്ചത്, ജഡേജയും ഭാജിയും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, വിരാടിനെ ജഡേജയും ഡിവില്ലിയേഴ്‌സിനെ ഹര്‍ഭജനും വീഴ്ത്തിയത് മത്സരത്തിലെ ടേണിംഗ് പോയന്റായി’ – ധോണി പറഞ്ഞു. മത്സരത്തില്‍ ജഡേജ 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തയിരുന്നു. ഹര്‍ഭജന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ജഡ്ഡുവിന് ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തിങ്കളാഴ്ച്ചയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ചെന്നൈയ്ക്ക് ഇനി 11നാണ് മത്സരം. രാജസ്ഥാനാണ് അവരുടെ അടുത്ത എതിരാളികള്‍.

No comments:

Post a Comment