Thursday, 3 May 2018

അഭ്യൂഹങ്ങൾക്ക് വിട.. സന്തേഷ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടുന്നില്ല.. അതിനായി നിരസിച്ചത് കോടികള്‍.. ആരാധകരെ കുളിരണിയിപ്പിച്ച വാക്കുകളുമായി താര൦...


ഐ എസ് എൽ ടീമായ എടികെ യിൽ നിന്ന് ലഭിച്ച വമ്പൻ ഓഫർ, കേരളാ ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കൻ നിരസിച്ചു. അഞ്ച് കോടി രൂപയുടെ സ്വപ്ന ഓഫറുമായി എടികെ, ജിങ്കനെ സമീപിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാൻ ജിങ്കൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ജിങ്കന്റെ വാർഷിക പ്രതിഫലം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ മുതൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ജിങ്കൻ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷ കരാറിലെത്തിയ ജിങ്കന് കരാർ പ്രകാരം രണ്ട് വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ ബാക്കിയുണ്ട്. പ്രതിരോധത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫർ ഇതാദ്യമാണ്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ജിങ്കൻ മനസ് തുറന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയും, സ്നേഹവും ബ്ലാസ്റ്റേഴ്സിൽ തുടരാൻ പ്രേരിപ്പിക്കുന്നെന്നും, അവർ നൽകുന്ന സ്നേഹം തള്ളിക്കളഞ്ഞ് മറ്റൊരു ടീമിലേക്ക് പോകാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ജിങ്കൻ പറഞ്ഞു.

2014ലും 2016 ലും കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ നിർണായക പ്രകടനം കാഴ്ചവെച്ച ജിങ്കൻ ടീംപ്ലേ ഓഫിലെത്താതെ പുറത്തായ 2017-18 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീസൺ അവസാനിച്ചതിന് ശേഷം മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയതോടെ ജിങ്കൻ ടീം വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനാണ് ഇതോടെ അവസാനമായിരിക്കുന്നത്.

No comments:

Post a Comment