Sunday 6 May 2018

​ബാറ്റിംഗ് മറന്ന് രാജസ്ഥാൻ


പതിനാറുകാരന്‍ ബൗളര്‍ മുജീബ് ഉര്‍ റഹ്മാന്‍ പന്തുകൊണ്ട് വിസ്മയം കാണിച്ചപ്പോള്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മോശം സ്‌കോര്‍. പഞ്ചാബിന് ജയിക്കാന്‍ വേണ്ടത്  153 റണ്‍സ്. ജോസ് ബട്‌ലര്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാര്‍ കളി മറന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. ബട്‌ലര്‍ 39 പന്തില്‍ 51 റണ്‍സെടുത്തു. 28 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് മറ്റൊരു പ്രധാന സ്‌കോറര്‍. പഞ്ചാബിനായി മുജീബ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

നന്നായി തുടങ്ങുക മോശമായി അവസാനിപ്പിക്കുക; ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രീതിയാണിത്. ഇന്‍ഡോറില്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങിയപ്പോഴും പതിവ് പറ്റിച്ചില്ല രാജസ്ഥാന്‍. ഷോര്‍ട്ട് (2) തുടക്കത്തിലേ മടങ്ങിയെങ്കിലും ഓപ്പണര്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്റെ തുടക്കം ഗംഭീരമായി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5) മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ആയിരുന്നു ബട്‌ലറിന്റെ നല്ല കൂട്ടുകാരന്‍. ഇരുവരും ക്ലാസ് ഷോട്ടുകളുമായി മുന്നേറിയതോടെ പഞ്ചാബിന്റെ പിടിയയഞ്ഞു. എന്നാല്‍ ആന്‍ഡ്രു ടൈ എറിഞ്ഞ പതിനൊന്നാം ഓവറില്‍ കളിമാറി.

പുള്‍ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ബൗണ്ടറിലൈനില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ മലയാളിതാരത്തിന്റെ സമ്പാദ്യം 28 റണ്‍സ്. പിന്നെയൊരു കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. മുജീബിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിനെ മനോഹരമായ റിലേ ക്യാച്ചില്‍ മയങ്ക് അഗര്‍വാള്‍- മനോജ് തിവാരി കുട്ടുകെട്ട് പുറത്താക്കി. 12 റണ്‍സായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ ബട്‌ലറും (51), ജോഫ്ര ആര്‍ച്ചറും (പൂജ്യം) മുജീബിന്റെ അടുത്തടുത്ത പന്തുകളില്‍ പുറത്ത്. അധികം വൈകാതെ കൃഷ്ണപ്പ ഗൗതവും (5) വീണു. വാലറ്റക്കാര്‍ തട്ടിയും മുട്ടിയും കുറച്ചു റണ്‍സ് നേടിയതോടെ പന്തെറിയാനുള്ള ആത്മവിശ്വാസം രാജസ്ഥാന് കൈവന്നു.

No comments:

Post a Comment