Monday 7 May 2018

ദക്ഷിണാഫ്രിക്ക പിന്മാറി, ഇന്റർകോണ്ടിനന്റൽ കപ്പിന് കെനിയ


ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജൂൺ ഒന്ന് മുതൽ പത്ത് വരെ നടത്താനിരിക്കുന്ന ഇന്റർകോണ്ടിനന്റൽ ചതുർരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്ക പിന്മാറി. വരുന്ന ജൂലൈയിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന കൊസാഫ കപ്പ് ടൂർണമെന്റിന്റെ തയ്യാറെടുപ്പുകൾക്ക് സമയം ആവശ്യമായതിനാലാണ് ടൂർണമെന്റിൽ നിന്നുള്ള അവരുടെ പിന്മാറ്റം. ദക്ഷിണാഫ്രിക്ക പിന്മാറ്റം പ്രഖ്യാപിച്ചതോടെ ആഫ്രിക്കൻ ടീം തന്നെയായ കെനിയയാകും പകരം ചതുർ രാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനെത്തുക. ഫിഫ റാങ്കിംഗിൽ 113-ം സ്ഥാനത്തുള്ള രാജ്യമാണ് കെനിയ.

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്റർകോണ്ടിനന്റൽ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും, കെനിയയ്ക്കും പുറമേ ന്യൂസിലൻഡും, ചൈനീസ് തായ്പേയിയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾ. ലോകകപ്പിൽ പങ്കെടുത്ത് പരിചയമുള്ള ന്യൂസിലൻഡാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ.

അടുത്ത മാസം ഒന്നാം തീയതി മുതൽ പത്താം തീയതി വരെ മുംബൈയിലാണ് ഇന്റർകോണ്ടിനന്റൽ കപ്പ് നടക്കുക. നാല് ടീമുകളും ഓരോ തവണ വീതം പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇതിന്റെ മത്സരക്രമം. ദക്ഷിണാഫ്രിക്കയുടെ പിന്മാറ്റം ടൂർണമെന്റിന്റെ ക്ഷോഭ കുറക്കുമെങ്കിലും കെനിയയും മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ കെൽപ്പുള്ള ടീമാണെന്നതിനാൽ മത്സരങ്ങളെല്ലാം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മികച്ച അനുഭവമായിരിക്കുമെന്ന് വ്യക്തം.

No comments:

Post a Comment