Wednesday 2 May 2018

ലിവർപൂൾ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍.. ആവേശകരമായ മത്സരത്തിനൊടുവിൽ പൊരുതി വീണ് റോമ..

ക്വാർട്ടറിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അത്ഭുത തിരിച്ചുവരവ് ആവർത്തിക്കുന്നതിന് അടുത്തെത്തി റോമ വീണൂ. ലിവർപൂളിന്റെ 5-2 ആദ്യ പാദ ലീഡ് മറികടക്കുക എന്ന വലിയ കടമ്പയുമായി ഇറങ്ങിയ റോമയ്ക്ക് ഒരു ഗോൾ മാത്രമെ മടക്കുന്നതിൽ കുറഞ്ഞുള്ളൂ. 4-2ന്റെ വിജയം സ്വന്തമാക്കിയെങ്കിലും അഗ്രിഗേറ്റിൽ 7-6ന്റെ ആനുകൂല്യത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ ഫൈനലിലേക്ക് കടന്നു.

രണ്ട് വർഷമായി ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ലാത്ത റോമൻ സംഘത്തിനെതിരെ ആദ്യ 25 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ സ്കോർ ചെയ്താണ് റോമയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ ലിവർപൂൾ അവസാനിപ്പിച്ചത്. കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ നൈംഗോളന്റെ ഒരു പിഴവാണ് ലിവർപൂളിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. നൈംഗോളന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ലിവർപൂൾ മാനെയിലൂടെയാണ് ലീഡെടുത്തത്.

ആറു മിനുറ്റുകൾക്കകം ഒരു സെൽഫ് ഗോളിലൂടെ റോമ ഒരു ഗോൾ മടക്കി പ്രതീക്ഷ തിരിച്ചുകൊണ്ടു വന്നു. ലിവർപൂളിന്റെ ഡിഫൻസീവ് ക്ലിയറൻസിനിടെ മിൽനറിന്റെ തലയ്ക്ക് തട്ടി പന്ത് ലിവർപൂൾ വലയിൽ തന്നെ വീഴുകയായിരുന്നു. പക്ഷെ ആ പ്രതീക്ഷയും നീണ്ടില്ല. 25ആം മിനുട്ടിൽ വൈനാൾഡന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ലിവർപൂളിന്റെ ഫൈനൽ പ്രതീക്ഷ സജീവമാക്കി. 7-3ന്റെ അഗ്രിഗേറ്റ് ലീഡായിരുന്നു അപ്പോൾ ലിവർപൂളിന്.

രണ്ടാം പകുതിയിൽ ജെക്കോയിലൂടെ റോമ സമനില പിടിച്ചെങ്കിലും കളി റോമയ്ക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതിലും ദൂരത്തായിരുന്നു. 86ആം മിനുട്ടിൽ നൈഗോളാൻ ഒരു ഗോൾ കൂടെ നേടി മത്സരം 3-2ഉം അഗ്രിഗേറ്റ് 5-7ഉം ആക്കിയെങ്കിലും അപ്പോഴും രണ്ട് ഗോളിന്റെ ദൂരം. പിന്നീടും പൊരുതുന്നത് തുടർന്ന റോമ ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലെ നാലാം ഗോളും നേടി. നൈംഗോളൻ തന്നെ ആയിരുന്നു നാലാം ഗോളും നേടിയത്. അഗ്രിഗേറ്റ് 6-7. പക്ഷെ ആ ഗോളും ഫൈനലിൽ എത്താൻ സഹായിച്ചില്ല. 13 ഗോളുകളാണ് ഈ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇരു പാദങ്ങളിലുമായി വീണത്. അത് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഒരു റെക്കോർഡുമാണ്.

ലിവർപൂൾ യുക്രൈനിലേക്ക് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമാക്കിയാണ് പോകുന്നത്. ഇന്നലെ ബയേണിനെ തോൽപ്പിച്ച് തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന സിദാന്റെ സംഘമാകും ലിവർപൂളിനെ കാത്തിരിക്കുന്നത്.

No comments:

Post a Comment