Tuesday, 10 April 2018

അനസിന് ദേശീയ റെക്കോർഡ്...

ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയുടെ സുവർണതീരത്തു മലയാളത്തിനു മെഡൽപ്രതീക്ഷ സമ്മാനിച്ചു കുതിച്ചുപാഞ്ഞ വൈ. മുഹമ്മദ് അനസിന് ദേശീയ റെക്കോർഡ് പ്രകടനം നടത്തിയിട്ടും നാലാം സ്ഥാനം മാത്രം. കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിലാണ് 45.31 സെക്കൻഡിൽ ഓടിയെത്തി ദേശീയ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും അനസ് നാലാമതായത്.

തന്റെ തന്നെ പേരിലുള്ള 45.32 സെക്കൻഡിന്റെ റെക്കോർഡാണ് ഗോൾഡ് കോസ്റ്റിൽ അനസ് ഒരു സെക്കന്‍ഡിനു മെച്ചപ്പെടുത്തിയത്. സെമിഫൈനൽ ഹീറ്റ്സിൽ 45.44 സെക്കൻഡിലാണ് ഇരുപത്തിമൂന്നുകാരൻ അനസ് ഫിനിഷ് ചെയ്തത്.

44.35 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയ ബോട്സ്വാനയുടെ ഐസക് മാക്വാലയ്ക്കാണ് സ്വർണം. 45.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബലോക്കി തെബെ വെള്ളിയും സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കൻ താരം ജവോൻ ഫ്രാൻസിസ് 45.11 സെക്കൻഡിൽ ഓടിയെത്തി വെങ്കലവും നേടി.

1958ൽ കാർഡിഫിൽ നടന്ന ഗെയിംസിൽ, ഇന്നത്തെ 400 മീറ്ററിന്റെ പഴയ രൂപമായ 440 യാഡ്സ് (440 വാര–402.33 മീറ്റർ) മൽസരത്തിൽ സ്വർണം നേടിയ മിൽഖ സിങ്ങിനു ശേഷം ഈയിനത്തിൽ ഫൈനലിൽ കടന്ന ആദ്യ താരമാണ് കൊല്ലം നിലമേൽ വളയിടം സ്വദേശിയായ അനസ്. 46.6 സെക്കൻഡിലായിരുന്നു മിൽഖയുടെ സ്വർണനേട്ടം.

ഏഷ്യ കപ്പിന് യു എ ഇ വേദിയായേക്കും...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റി. യു.എ.ഇയാണ് പുതിയ വേദി. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ 13 മുതല്‍ 28 വരെയായായിരുന്നു ഇന്ത്യയില്‍ മത്സരം നടക്കേണ്ടിയിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രൂക്ഷമായതാണ് വേദി മാറ്റാനുള്ള കാരണമായി പറയുന്നത്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും വേദി യു. എ.ഇയിലേയ്ക്ക് മാറ്റുകയാണ് ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗമെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി പറഞ്ഞു. 

കോമണ്‍വെല്‍ത്ത് ഗെയിംസ്; പുരുഷന്‍മാരുടെ പാരാ-ഹെവിവെയിറ്റ് പവര്‍ലിഫ്റ്റിങ്‌ ഇനത്തിൽ ഇന്ത്യയുടെ സച്ചിന്‍ ചൗധരിക്ക് വെങ്കലം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഇരുപത്തിയൊന്നാമത്തെ മെഡല്‍ പാരാ-പവര്‍ലിഫ്റ്റര്‍ സച്ചിന്‍ ചൗധരിയിലൂടെ. പുരുഷന്‍മാരുടെ പാരാ-ഹെവിവെയിറ്റ് പവര്‍ലിഫ്റ്റിങ്ങിലാണ്‌ സച്ചിന്‍ ചൗധരി ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. 201 കിലോ ഭാരം ഉയര്‍ത്തി 181 പോയന്റ് നേടിയാണ് ചൗധരിയുടെ മെഡല്‍ നേട്ടം. 

നൈജീരിയയുടെ അബ്ദുള്‍ അസീസ് ഇബ്രാഹിം ഈ ഇനത്തില്‍ സ്വര്‍ണവും മലേഷ്യയുടെ യീ കീ ജോങ് വെള്ളിയും സ്വന്തമാക്കി. മുപ്പത്തിയഞ്ചുകാരനായ ചൗധരി കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന പവര്‍ലിഫ്റ്റിങ് വേള്‍ഡ് കപ്പില്‍ വെള്ളി നേടിയിരുന്നു. 2012 സമ്മര്‍ പാരാലിമ്പിക്‌സിലും ചൗധരി പങ്കെടുത്തിട്ടുണ്ട്. 

നിലവില്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും സഹിതം 21 മെഡല്‍ നേട്ടത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 50 സ്വര്‍ണവും 38 വെള്ളിയും 42 വെങ്കലവും സ്വന്തമാക്കിയ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 24 സ്വര്‍ണവും 29 വെള്ളിയും 21 വെങ്കലവും നേടിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.

Sunday, 8 April 2018

ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ... ടേബിള്‍ ടെന്നിസ് സ്വർണ൦ നേടി ഇന്ത്യന്‍ വനിതകളുടെ ചരിത്രം..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക്‌ ആദ്യമായി സ്വര്‍ണത്തിളക്കം. സിംഗപ്പുരിനെ 3-1 നു തോല്‍പ്പിച്ചാണ്‌ ഇന്ത്യ കന്നി സ്വര്‍ണം നേടിയത്‌.

2010 ലെ ഡല്‍ഹി ഗെയിംസില്‍ ഫൈനലില്‍ കടന്നതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
ലോക നാലാം നമ്പര്‍ ടിയാന്‍വി ഫെങിനെ 11-8, 8-11, 7-11, 11-9, 11-7 എന്ന സ്‌കോറിനു തോല്‍പ്പിച്ച്‌ മണിക ബാത്ര ഇന്ത്യക്കു വിജയത്തുടക്കം നല്‍കി.
മെങ്‌യു യു മധുരിക പാട്‌കറിനെ 13-11, 11-2, 11-6 എന്ന സ്‌കോറിനു തോല്‍പ്പിച്ചു സിംഗപ്പുര്‍ തിരിച്ചടിച്ചു. ഡബിള്‍സില്‍ മൗമ ദാസ്‌- മധുരിക ജോഡി യിഹാന്‍ സു - മെങ്‌യു ജോഡിയെ 11-7, 11-6, 8-11, 11-7 എന്ന സ്‌കോറിനു തോല്‍പ്പിച്ചതോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി.
നിര്‍ണായകമായ അവസാന മത്സരത്തില്‍ യിഹാന്‍ സൂവിനെ മണിക കീഴടക്കി. സ്‌കോര്‍: 11-7, 11-4, 11-7. ഇംഗ്ലണ്ടിനെ 3-0 ത്തിനു തോല്‍പ്പിച്ചാണ്‌ ഇന്ത്യ ഫൈനലില്‍ കടന്നത്‌.

സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യൻ വനിതകൾ... ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ സെമി സാധ്യത സജീവമായി..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷ സജീവമായി. പൂള്‍ എയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ്‌ ഇന്ത്യ സെമി സാധ്യത വര്‍ധിപ്പിച്ചത്‌.
നായിക അലക്‌സാന്‍ഡ്ര ഡാന്‍സണ്‍ ഒന്നാം മിനിട്ടില്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട്‌ നവനീത്‌ കൗര്‍, ഗുര്‍ജീത്‌ കൗര്‍ എന്നിവരുടെ ഗോളുകളിലാണ്‌ അടിയറ പറഞ്ഞത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 നു നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കളിക്കാം.

പുരുഷ വിഭാഗത്തില്‍ ഇന്ത്യ വെയ്‌ല്‍സിനെ 4-3 നു തോല്‍പ്പിച്ചു. എസ്‌.വി. സുനില്‍, ദില്‍പ്രീത്‌ സിങ്‌, മന്‍ദീപ്‌ സിങ്‌, ഹര്‍മന്‍പ്രീത്‌ സിങ്‌ എന്നിവരാണ്‌ ഇന്ത്യക്കു വേണ്ടി ഗോളടിച്ചത്‌.
വെയ്‌ല്‍സിനു വേണ്ടി ഗാരേത്‌ ഫര്‍ലോങ്‌ ഹാട്രിക്കടിച്ചു. ഗാരേതിന്റെ മൂന്നു ഗോളുകളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്‌താനോട്‌ 2-2 നു സമനില നേടിയ ഇന്ത്യക്ക്‌ വെയ്‌ല്‍സിനെ തോല്‍പ്പിക്കേണ്ടത്‌ അനിവാര്യമായിരുന്നു.

ഉന്ന൦ തെറ്റാത്ത ഈ പതിനാറുകാരി ഇന്ത്യയുടെ അഭിമാനം... ഷൂട്ടിംഗ് പിഴക്കാത്ത ഉന്നവുമായി പതിനാറുകാരി മനുഭാക്കർ നടന്നു കയറുന്നത് ചരിത്രത്തിലേക്ക്...

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഷൂട്ടിങില്‍ ഇന്ത്യ മെഡല്‍ വേട്ട തുടങ്ങിയതു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ പതിനാറുകാരി മനു ഭാക്കറിലൂടെ സ്വര്‍ണവും ഹീന സിദ്ധുവിലൂടെ വെള്ളിയും നേടിയാണ്‌ ഇന്ത്യ തുടങ്ങിയത്‌.

ഹരിയാനക്കാരിയായ മനു ഭാക്കറിന്റെ കന്നി ഗെയിംസാണിത്‌. ബെല്‍മോണ്ട്‌ ഷൂട്ടിങ്‌ സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ ഹീന അടക്കമുള്ള വെറ്ററന്‍ താരങ്ങളെ മറികടക്കാന്‍ മനുവിനായി. ആകെ 240.9 പോയിന്റ്‌ നേടിയാണു മനു സ്വര്‍ണമണിഞ്ഞത്‌.
യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ഹീന ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 234 പോയിന്റുമായാണ്‌ 28 വയസുകാരിയായ ഹീന വെള്ളി നേടിയത്‌. ഓസ്‌ട്രേലിയയുടെ യെലേന ഗാലിബോവിച്‌ 214.9 പോയിന്റുമായി വെങ്കലം നേടി. അവസാന ഷോട്ടില്‍ 10.4 പോയിന്റ്‌ നേടിയതോടെയാണു മനു സ്വര്‍ണം നേടിയത്‌.

ഷൂട്ടിങ്‌ ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍, മിക്‌സഡ്‌ ടീം പിസ്‌റ്റള്‍ ഇനത്തിലും സ്വര്‍ണം നേടിയാണു മനു കോമണ്‍വെല്‍ത്ത്‌ ഗെയിംസിനെത്തിയത്‌. ഹരിയാനയിലെ ഝാജാര്‍ ജില്ലക്കാരിയാണു മനു ഭാസ്‌കര്‍.
ഗോരിയ ഗ്രാമത്തിലെ യൂണിവേഴ്‌സല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണു മനു. ഹീന സിദ്ധു 2010 ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്‌തിഗതമായി വെള്ളിയും നേടി.

2014 ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഫൈനലില്‍ കടന്നെങ്കിലും മെഡല്‍ നേടിയില്ല. പുരുഷ വിഭാഗം എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം നേടി. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്‌ഥാനക്കാരനായ രവി കുമാര്‍ ഫൈനലിലും മികച്ച പോരാട്ടം നടത്തി. സഹതാരം ദീപക്‌ കുമാര്‍ ആദ്യം തന്നെ പുറത്തായെങ്കിലും രവി കുമാറിനെ ബാധിച്ചില്ല.
രവി കുമാര്‍ 224.1 പോയിന്റുമായാണു വെങ്കലം നേടിയത്‌. ഓസ്‌ട്രേലിയയുടെ ഡാനെ സാംസണ്‍ സ്വര്‍ണവും ബംഗ്ലാദേശിന്റെ അബ്‌ദുള്ള ഹെല്‍ ബാകി വെള്ളിയും നേടി.

ഇടിച്ചു മുന്നേറി ഇന്ത്യ... ഇടിക്കൂട്ടിലു൦ മെഡല്‍ ഉറപ്പിച്ചു ഇന്ത്യ.. മേരികോ൦ സെമിയിൽ..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ബോക്‌സിങില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കി. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി കോം 48 കിലോ വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നതോടെയാണ്‌ മെഡല്‍ ഉറപ്പായത്‌.
പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ വികാസ്‌ കൃഷ്‌ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതും മെഡല്‍ പ്രതീക്ഷയുണര്‍ത്തി.
സ്‌കോട്ട്‌ലന്‍ഡിന്റെ മെഗാന്‍ ഗോര്‍ഡനിനെ 5-0 ത്തിന്‌ ഇടിച്ചിട്ടാണു മേരിയുടെ മുന്നേറ്റം. ബോക്‌സിങിലെ ആദ്യ മെഡലാണ്‌ മേരിയിലൂടെ ഇന്ത്യ ഉറപ്പാക്കിയത്‌. 35 വയസുകാരിയായ മേരി കോം രാജ്യസഭാംഗം കൂടിയാണ്‌.
11 നു നടക്കുന്ന സെമിയില്‍ ശ്രീലങ്കയുടെ അനുഷ നില്‍റുക്ഷിയാണ്‌ മേരിയെ നേരിടുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ഓപ്പണിലും സ്വര്‍ണം നേടിയ മേരി കോം ബള്‍ഗേറിയയില്‍ നടന്ന സ്‌ട്രാന്‍ജ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വെള്ളി നേടിയാണ്‌ ഗോള്‍ഡ്‌ കോസ്‌റ്റിലേക്കു വിമാനം കയറിയത്‌

ഇതേ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ്‌ വികാസും കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇടിക്കാനിറങ്ങിയത്‌. ഓസ്‌ട്രേലിയയുടെ കാംബല്‍ സോമര്‍വീലിനെയാണു വികാസ്‌ ഇടിച്ചിട്ടത്‌ (സ്‌കോര്‍ 5-0).