Sunday 8 April 2018

ഇടിച്ചു മുന്നേറി ഇന്ത്യ... ഇടിക്കൂട്ടിലു൦ മെഡല്‍ ഉറപ്പിച്ചു ഇന്ത്യ.. മേരികോ൦ സെമിയിൽ..

ഗോള്‍ഡ്‌ കോസ്‌റ്റ്: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വനിതാ വിഭാഗം ബോക്‌സിങില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കി. അഞ്ചുവട്ടം ലോക ചാമ്പ്യനായ മേരി കോം 48 കിലോ വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നതോടെയാണ്‌ മെഡല്‍ ഉറപ്പായത്‌.
പുരുഷന്‍മാരുടെ 75 കിലോ വിഭാഗത്തില്‍ വികാസ്‌ കൃഷ്‌ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതും മെഡല്‍ പ്രതീക്ഷയുണര്‍ത്തി.
സ്‌കോട്ട്‌ലന്‍ഡിന്റെ മെഗാന്‍ ഗോര്‍ഡനിനെ 5-0 ത്തിന്‌ ഇടിച്ചിട്ടാണു മേരിയുടെ മുന്നേറ്റം. ബോക്‌സിങിലെ ആദ്യ മെഡലാണ്‌ മേരിയിലൂടെ ഇന്ത്യ ഉറപ്പാക്കിയത്‌. 35 വയസുകാരിയായ മേരി കോം രാജ്യസഭാംഗം കൂടിയാണ്‌.
11 നു നടക്കുന്ന സെമിയില്‍ ശ്രീലങ്കയുടെ അനുഷ നില്‍റുക്ഷിയാണ്‌ മേരിയെ നേരിടുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ഓപ്പണിലും സ്വര്‍ണം നേടിയ മേരി കോം ബള്‍ഗേറിയയില്‍ നടന്ന സ്‌ട്രാന്‍ജ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വെള്ളി നേടിയാണ്‌ ഗോള്‍ഡ്‌ കോസ്‌റ്റിലേക്കു വിമാനം കയറിയത്‌

ഇതേ ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ്‌ വികാസും കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇടിക്കാനിറങ്ങിയത്‌. ഓസ്‌ട്രേലിയയുടെ കാംബല്‍ സോമര്‍വീലിനെയാണു വികാസ്‌ ഇടിച്ചിട്ടത്‌ (സ്‌കോര്‍ 5-0).

No comments:

Post a Comment