Wednesday, 2 May 2018

ബട്ലറുടെ വെടികെട്ട് ബാറ്റിംഗിനു൦ രാജസ്ഥാനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല.. ഡൽഹിക്ക് നാല് റൺസിന്റെ വിജയ൦.. പൊരുതി തോറ്റ് രാജസ്ഥാന്‍..


മഴയത്തും ആവേശം ചോരാതിരുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ആവേശജയം. ജയപരാജയങ്ങള്‍ അവസാന നിമിഷം വരെ മാറിമറിഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് ശ്രേയസ് അയ്യരും കൂട്ടരും രാജസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇടിമിന്നലായി പെയ്തിറങ്ങിയ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണത് നിര്‍ണായകമായി.

26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. 29 പന്തില്‍ 69 റണ്‍സെടുത്ത റിഷാഭ് പന്താണ് ഡെല്‍ഹിയുടെ വിജയശില്പി. മഴമൂലം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുന:നിശ്ചയിച്ചിരുന്നു. സ്‌കോര്‍ ഡെല്‍ഹി 196-6 (17.1 ഓവര്‍) ഡെല്‍ഹി 146-5 (12)

ജയിക്കാന്‍ ഓവറില്‍ 12 റണ്‍സിന് മുകളില്‍ തുടക്കം മുതല്‍ വേണ്ടിയിരുന്ന രാജസ്ഥാന്‍ മാത്യു ഷോര്‍ട്ടിനൊപ്പം വെടിക്കെട്ടുകാരന്‍ ജോസ് ബട്‌ലറെയാണ് ഓപ്പണിംഗിനായി നിയോഗിച്ചത്. രാജസ്ഥാന്‍ ക്യാംപിന്റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ബട്‌ലര്‍ അടിച്ചു മുന്നേറിയതോടെ ഡെല്‍ഹി ബൗളിംഗിന്റെ താളം തെറ്റി. പേസര്‍ ആവേശ് ഖാനാണ് ബട്‌ലറിന്റെ ബാറ്റിന്റെ ചൂട് കൂടുതല്‍ അറിഞ്ഞത്. ആവേശിന്റെ ആദ്യ ഓവറില്‍ 23 റണ്‍സാണ് ഇംഗ്ലീഷ് താരം അടിച്ചെടുത്തത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലര്‍ ഒടുവില്‍ അമിത് മിശ്രയുടെ ഗൂഗ്‌ളിക്കു മുന്നില്‍ വീണു.

കേവലം 26 പന്തില്‍ ഏഴു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 67 റണ്‍സെടുത്ത ബട്‌ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 6.4 ഓവറില്‍ 82. 32 പന്തില്‍ ജയിക്കാന്‍ 67 റണ്‍സെന്ന അവസ്ഥ. ആഞ്ഞു പിടിച്ചാല്‍ രാജസ്ഥാന് ജയിക്കാമായിരുന്ന സന്ദര്‍ഭം. എന്നാല്‍ ഷോര്‍ട്ട് മുടന്തിയോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ കുറഞ്ഞു വന്നു. വണ്‍ഡൗണായി ബെന്‍ സ്‌റ്റോക്ക്‌സിനെ ഇറക്കാതെ സഞ്ജുവിനെ നിയോഗിച്ചതും ക്യാപ്റ്റന്‍സിയിലെ പാളിച്ചായി. അഞ്ചു പന്തില്‍ കേവലം മൂന്നു റണ്‍സ് മാത്രമാണ് മലയാളി താരത്തിന് നേടാനായത്. ബോള്‍ട്ടെറിഞ്ഞ ഒന്‍പതാം ഓവറില്‍ സഞ്ജുവിനൊപ്പം ഒരു റണ്‍സെടുത്ത സ്റ്റോക്ക്‌സും പുറത്തായതോടെ ഡെല്‍ഹിക്ക് മേല്‍ക്കൈയായി. എന്നാല്‍ കൃഷ്ണപ്പ ഗൗതം തകര്‍ത്തടിച്ചതോടെ കളി അവസാന ഓവറിലേക്ക് നീങ്ങി. 15 റണ്‍സ് മതിയായിരുന്നു അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍. എന്നാല്‍ ബോള്‍ട്ട് പത്തു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മത്സരം ഡെല്‍ഹിക്ക് അനുകൂലമാക്കി.

നേരത്തേ ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഡെല്‍ഹിക്ക് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ പൂജ്യത്തിന് നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു തകര്‍ച്ചയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ യുവതാരം പൃഥ്വി ഷായ്‌ക്കൊപ്പം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചേര്‍ന്നതോടെ ഡെല്‍ഹി കളിയിലേക്ക് തിരിച്ചുവന്നു. കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി പൃഥ്വി ആയിരുന്നു. മോശം പന്തുകള്‍ യാതൊരു ദയയുമില്ലാതെ അതിര്‍ത്തി കടത്തിയ ഷാ 25 പന്തില്‍ 47 റണ്‍സെടുത്താണ് മടങ്ങിയത്. ശ്രേയസ് ഗോപാലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങും മുമ്പ് നാലു കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നിരുന്നു.

ഷായ്ക്ക് പകരമെത്തിയ റിഷാഭ് പന്ത് കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് മുന്നേറിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി ശ്രേയസ് മറുവശത്ത് നിലയുറപ്പിച്ചു. ഇതിനിടെ കേവലം 23 പന്തുകളില്‍ പന്ത് അര്‍ധസെഞ്ചുറി തികച്ചു. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് ജയദേവ് ഉനദ്ഖട്ടിന്റെ പന്തില്‍ വീണു. അവസാന പന്തില്‍ പന്തും. അവസാന ഓവറുകളില്‍ വിജയ് ശങ്കര്‍ (ആറു പന്തില്‍ 17) നടത്തിയ മിന്നലാക്രമണവും ഡെല്‍ഹിക്ക് കരുത്തായി.

Tuesday, 1 May 2018

നഷ്ടപ്പെട്ട ഫോ൦ തിരിച്ചു പിടിച്ചു രോഹിത് ശർമ.. ഇനി മുതൽ മൂന്നാം സ്ഥാനത്ത് കളിക്കാൻ ഇറങ്ങിയേക്കുമെന്ന് സൂചന..


മുംബൈയുടെ ആദ്യ മത്സരങ്ങളില്‍ ഓപ്പണറായി എവിന്‍ ലൂയിസിനൊപ്പം ബാറ്റിംഗിനിറങ്ങിയ രോഹിത് ശര്‍മ്മ മികച്ച ഫോം കണ്ടെത്താനാകാതെ നാലാം നമ്ബറിലേക്ക് മാറുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായും പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നാലാം നമ്ബറിലും ഇറങ്ങിയ രോഹിത് കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലേക്ക് വന്നിരുന്നു. മുംബൈ കളിച്ച 7 മത്സരങ്ങളില്‍ വിജയിച്ച രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്‌. ക്യാപ്റ്റന്റെ പ്രകടനത്തെ ഏറെ മുംബൈ ആശ്രയിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ അഞ്ചാം നമ്ബറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.

എന്നാല്‍ ചെന്നൈയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്ബറിലെത്തി അര്‍ദ്ധ ശതകം നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ഇനിയുള്ള മത്സരങ്ങളില്‍ മൂന്നാം നമ്ബറില്‍ ഇറങ്ങുമെന്നാണ് സഹതാരം സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലെ പോലെ മൂന്നാം നമ്ബറിലെ ഓപ്പണിങ്ങിലോ രോഹിത്തിനെ പരീക്ഷിക്കുന്നതിനെക്കുറിച്ച്‌ ടീം മാനേജ്മെന്റ് ആലോചിക്കുന്നെന്നാണ് അറിയുവാന്‍ കഴിയുന്നത്.

രോഹിത് ശര്‍മ്മ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ വിന്‍ഡീസിന്റെ വെടിക്കെട്ട് താരം എവിന്‍ ലൂയിസിനു ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കാം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് ഒഴിവാക്കുവാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
'

ഫോമിലല്ല പക്ഷേ ഐപിഎല്ലിൽ എറ്റവും കൂടുതല്‍ ബൌണ്ടറി പായിച്ച ആ റിക്കാഡ് ഗ൦ഭീറിന് സ്വന്തം.. മറ്റുള്ള താളരങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങൾ.. ക്രിസ് ഗെയില്‍ വരെ എത്രയോ പിറകില്‍...

ഗൌതം ഗംഭീറിന് ഇത്തവണ നിരാശയുടെ ഐപിഎല്ലാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തി എങ്കിലും കാര്യമായി തിളങ്ങാനായില്ല. ടീമും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താതെ ഇരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ ഐപിഎല്ലിലെ ഒരു റിക്കാര്‍ഡ് ഇപ്പോഴും ഗംഭീറിന്റെ പേരില്‍ തന്നെയാണ്.

ലീഗില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരമെന്ന നേട്ടമാണ് ഈ ഇടംകൈയന് സ്വന്തം. 154 മത്സരത്തില്‍ നിന്ന് 491 തവണയാണ് ഗംഭീര്‍ പന്ത് അതിര്‍ത്തി കടത്തിയത്. മറ്റു താരങ്ങളെല്ലാം ഗംഭീറിന്റെ പിന്നിലാണ് ഇക്കാര്യത്തില്‍. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ 134 കളികളില്‍ നിന്ന് നേടിയത് 427 ബൗണ്ടറികള്‍.

ചെന്നൈയുടെ സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. 167 മത്സരങ്ങളില്‍ 424 തവണ ബൗളര്‍മാരെ അതിര്‍ത്തി കടത്താന്‍ റെയ്‌നയ്ക്കായി. സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നതില്‍ മത്സരിക്കുന്ന ക്രിസ് ഗെയ്ല്‍ പക്ഷേ പട്ടികയില്‍ ഏറെ പിന്നിലാണ്. 308 ബൗണ്ടറികളുമായി പത്താം സ്ഥാനത്താണ് കരീബിയന്‍ താരം. എന്നാല്‍ 105 കളികളില്‍ നിന്ന് 288 തവണ പന്ത് ആകാശത്തു കൂടെ പറത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്.

Saturday, 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.

ഹിറ്റ്മാൻ ഹിറ്റായി മുംബൈക്ക് വിജയ൦.. രോഹിത് ശർമയുടെ മികവിൽ മുംബൈ ചെന്നൈയെ തകര്‍ത്തു.. ഇനി പ്രതീക്ഷകളുമായി മുംബൈ...

പൂനെ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ തിരിച്ചുവരവ് തുടരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു പിന്നാലെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തകര്‍പ്പന്‍ ജയവുമായി ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് അവസാനസ്ഥാനത്തായിരുന്ന മുംബൈ തകര്‍ത്തുവിട്ടത്. ചെന്നൈയെ അവരുടെ മൈതാനമായ പൂനെയില്‍ മുംബൈ എട്ടു വിക്കറ്റിന് കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോട് വാംഖഡെയിലേറ്റ തോല്‍വിക്കു മുംബൈ കണക്കുതീര്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിന് 169 റണ്‍സാണ് നേടിയത്. മറുപടിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പിയായത്. പുറത്താവാതെ 56 റണ്‍സോടെ രോഹിത് മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ മാത്രം ഇന്നിങ്‌സല്ല മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്. ഓപ്പണര്‍മാര്‍മാരായ എവിന്‍ ലൂയിസ് (47), സൂര്യകുമാര്‍ യാദവ് (44) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. വിജയറണ്‍സ് നേടുമ്പോള്‍ രോഹിത്തിനു കൂട്ടായി ഹര്‍ദിക് പാണ്ഡ്യയാണ് (13*) ക്രീസിലുണ്ടായിരുന്നത്.
33 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

അത്ര വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും മുംബൈക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യാദവും ലൂയിസും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ തന്നെ 69 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കണ്ണടച്ചുള്ള ആക്രമണങ്ങള്‍ക്കു മുതിരാതെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങാണ് ഇരുവരും കാഴ്ചവച്ചത്.
432 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. എന്നാല്‍ യാദവിന്റെ ഇന്നിങ്‌സ് കുറേക്കൂടി വേഗമേറിയതായിരരുന്നു. 34 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് യാാദവ് 44 റണ്‍സ് നേടിയത്.

സുരേഷ് റെ്‌നയുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റെയ്‌ന പുറത്താവാതെ 75 റണ്‍സെടുത്തു. 47 പന്തുകളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റെയ്‌ന ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്.
അമ്പാട്ടി റായുഡുവാണ് (46) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട റെയ്‌നയുടെ ഇന്നിങ്‌സില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി 26ഉം ഷെയ്ന്‍ വാട്‌സന്‍ 12ഉം റണ്‍സെടുത്തു പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ദിക് പാണ്ഡ്യയും മിച്ചെല്‍ മക്ലെഗനുമാണ് ചെന്നൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തുണയ്ക്കില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ മല്‍സരലത്തില്‍ ഇറങ്ങിയത്. കിരോണ്‍ പൊള്ളാര്‍ഡിനു പകരം ജെപി ഡുമിനിയും മുസ്തഫിസുര്‍ റഹ്മാനു പകരം ബെന്‍ കട്ടിങും പ്ലെയിങ് ഇലവനിലെത്തി.
മറുഭാഗത്ത് ചെന്നൈ കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

കേരളത്തിന് അന്താരാഷ്ട്ര ഫുട്ബോള്‍ സ്റ്റേഡിയ൦ അനുവദിച്ചു... സ്റ്റേഡിയ൦ കണ്ണൂരില്‍... നിർമ്മാണ ചുമതല കിറ്റ്ക്കോയ്ക്ക്..

കണ്ണൂര്‍: കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി കിഫ്ബി വഴി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍. 105 X 68 മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയമാണൊരുക്കുന്നതെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പുല്‍ത്തകിടിയും ഗോള്‍പോസ്റ്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഗ്യാലറി ബില്‍ഡിംഗ്, ഫുട്ബോള്‍ ഗ്രൗണ്ട്, സൈറ്റ് ഡെവലപ്മെന്റ്, ലാന്റ്സ്‌ക്യാപ്പിംഗ്, ജലവിതരണം, മഴവെള്ള സംഭരണം, സാനിട്ടറി, സെപ്റ്റിക് ടാങ്ക്, പമ്പ്റൂം, ഇലട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചത്. 1481 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗ്യാലറി ബില്‍ഡിംഗ്. പ്ലേയേഴ്സ് റൂം, ടോയ്ലറ്റ്, ലോഞ്ച്, ലോബി എന്നിവ ഗ്യാലറി ബില്‍ഡിംഗില്‍ തയ്യാറാക്കും.

ഒന്നര മാസത്തിനുള്ളില്‍ കരാര്‍ വിളിച്ച് സ്റ്റേഡിയ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കായിക വകുപ്പിന്റെ കണ്‍സള്‍ട്ടന്‍സിയായ കിറ്റ്കോയ്ക്കാണ് ഇതിന്റെ നിര്‍മ്മാണ ചുമതല.

Thursday, 19 April 2018

സൂപ്പര്‍ കപ്പ് ഫൈനൽ ഇന്ന്.. ആശ്വാസ വാർത്തയിൽ സന്തോഷിച്ച് ഈസ്റ്റ് ബ൦ഗാൾ ആരാധകർ...നഷ്ടമായ ഐഎസ്എൽ കിരീടത്തിന് പകരം സൂപ്പര്‍ കപ്പ് നേടാനുറച്ച് ബ൦ഗ്ലുരുവിന്റെ പടയൊരുക്കം..


സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇന്ന് ഐ ലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളും ഐ എസ് എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളുരു എഫ് സിയും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. സെമിഫൈനലില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയത്. ബെംഗളുരു സെമിയില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്.

എഫ് സി ഗോവയ്‌ക്കെതിരെ പരുക്കേറ്റ സൂപ്പര്‍ താരം ഡുഡു ഫൈനലില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഖാലിദ് ജമീല്‍ വ്യക്തമാക്കിയതോടെ അത് ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാവുകയാണ്. നേരത്തെ ഡുഡു ഫൈനലില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ലബ് ഡയറക്ടര്‍ സുഭാഷ് ഭൗമിക് തന്നെ ഇക്കാര്യം പറഞ്ഞതോടെ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ താരം തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് പരിശീലകന്‍ പ്രകടിപ്പിച്ചത്. ‘ പരുക്ക് ഭേദമായി ഡുഡു ഇന്ന് കളിച്ചേക്കും, അദ്ദേഹത്തെ പൂര്‍ണ്ണമായും കായികക്ഷമതയിലേക്ക് കൊണ്ടു വരുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍’ – ഖാലിദ് ജമാല്‍ പറഞ്ഞു.

അതേസമയം, ബെംഗളുരു കരുത്തുറ്റ നിരയാണെന്നും അവര്‍ക്കെതിരെ വിജയിക്കുന്നത് വളരെ പ്രയാസകരമാണെന്നും ഖാലിദ് ജമീല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകീട്ട് നാലു മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.