Saturday 28 April 2018

ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണവും, ബെംഗളൂരുവിന്റെ വിജയകാരണവും തുറന്നു പറഞ്ഞ് വെസ് ബ്രൗൺ


നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കേരളാ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ മാത്രം കഴിഞ്ഞ അവർ ഭാഗ്യത്തിനാണ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഐ എസ് എൽ അവസാനിച്ച് നാളുകൾ ഒത്തിരി ആയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചർച്ചകൾ നടക്കുന്നുണ്ട്. അവസാനമായി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടനായിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗൺ. സ്പോർട്സ് കീഡയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രൗൺ മനസ് തുറന്നത്.

ഗോളുകൾ നേടുന്നവരാണ് ഫുട്ബോൾ മത്സരങ്ങളിൽ ജയിക്കുന്നതെന്നും ആവശ്യ സമയങ്ങളിൽ ഗോളുകൾ അടിക്കാൻ കഴിയാതിരുന്നതാണ് കേരളത്തിന്റെ പരാജയ കാരണമെന്നും ബ്രൗൺ പറയുന്നു. ടൂർണമെന്റ് പാതി പിന്നിട്ട സമയത്ത് ഇയാൻ ഹ്യൂമിന് പരിക്കേറ്റതും വലിയ തിരിച്ചടിയായി. മികച്ച ഫിനിഷറായിരുന്ന അദ്ദേഹം പുറത്തായത് നമുക്ക് തലവേദനയായി. ബ്ലാസ്റ്റേഴ്സിന്റെ തോൽ വിക്ക് കാരണം ഇത് തന്നെയാണ്” ബ്രൗൺ പറഞ്ഞുനിർത്തി.

അതേ സമയം ഐ എസ് എൽ റണ്ണറപ്പുകളായ ബെംഗളൂരു എഫ് സിയെക്കുറിച്ച് പറയുമ്പോൾ ബ്രൗണിന് നൂറുനാവ്. ഈ സീസൺ ഐ എസ് എല്ലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം ബെംഗളൂരു എഫ് സി യാണെന്നും, അവരുടെ ഫുട്ബോൾ വളരെ മനോഹരമാണെന്നും പറഞ്ഞ ബ്രൗൺ ബെംഗളൂരു നായകൻ സുനിൽ ഛേത്രിയേയും പ്രകീർത്തിച്ചു. ബെംഗളൂരുവിന്റെ ഏറ്റവും മികച്ച താരം സുനിൽ ഛേത്രി ആണെന്നാണ് ബ്രൗണിന്റെ പക്ഷം. അദ്ദേഹത്തിന്റെ സ്കില്ലുകളും പരിചയസമ്പത്തും ബെംഗളൂരുവിനെ മറ്റൊരു തലത്തിലെത്തിച്ചു. മുൻമാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞുനിർത്തി.

No comments:

Post a Comment