Tuesday 8 May 2018

വിജയ വഴിയിൽ രാജസ്ഥാൻ, ഒറ്റയാനായി രാഹുൽ


തുടര്‍ തോല്‍വികളില്‍ പ്ലേഓഫ് അപകടത്തിലായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഒടുവില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ലോകേഷ് രാഹുല്‍ (95) എന്ന ഏകാംഗ പടയാളി പൊരുതിയിട്ടും 15 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു പഞ്ചാബിന്റെ വിധി. പിച്ച് അപ്രതീക്ഷിത സ്വഭാവം കാണിച്ച മത്സരത്തില്‍ രാജസ്ഥാന് തുണയായത് ബൗളര്‍മാരുടെ മികവാണ്. ജയത്തോടെ അവസാനക്കാരില്‍ നിന്ന് ആറാംസ്ഥാനത്തേക്ക് ഉയരാനും അജിങ്ക്യ രഹാനെയുടെ സംഘത്തിനായി. സ്‌കോര്‍ രാജസ്ഥാന്‍ 158-8, പഞ്ചാബ് 143-7.

ജയ്പൂരിലെ പിച്ചില്‍ അത്ര വലുതല്ലാത്ത സ്‌കോര്‍ പിന്തുടരാനിറങ്ങിയ പഞ്ചാബിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ നഷ്ടമായി. ഒരു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കരീബിയന്‍ താരത്തിന് നേടാനായത്. തൊട്ടുപിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ അശ്വിനും സംപൂജ്യനായി പുറത്ത്. ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ട ദിവസം കരുണ്‍ നായര്‍ക്കും രാശിയായില്ല. ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ വെറും മൂന്നു റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം.

മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ ആറിന് 81 റണ്‍സെന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. രാഹുല്‍ ക്രീസിലുള്ളത് മാത്രമായിരുന്നു പഞ്ചാബിന്റെ ഏക പ്രതീക്ഷ. എന്നാല്‍ മറുവശത്ത് പിന്തുണയ്ക്കാന്‍ ആളില്ലാതെ വന്നതോടെ പഞ്ചാബ് തോല്‍വിയേറ്റു വാങ്ങി. നേരത്തെ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ രഹാനെയ്ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ബട്‌ലറുമെത്ത് 3.4 ഓവറില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ക്കാനായി. ആന്‍ഡ്രു ടൈയാണ് ഒന്‍പത് റണ്‍സെടുത്ത രഹാനെയെ വീഴ്ത്തിയത്. സ്ഥാനക്കയറ്റം കിട്ടിയെത്തിയ കൃഷ്ണപ്പ ഗൗതമിനും (8) കാര്യമായൊന്നും ചെയ്യാനായില്ല.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടാതിരുന്ന സങ്കടത്തില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്കി. ഇതിനിടെ 27 പന്തില്‍ ബട്‌ലര്‍ അര്‍ധശതകം തികച്ചു. സ്‌കോര്‍ബോര്‍ഡില്‍ 117 റണ്‍സുള്ളപ്പോള്‍ 22 റണ്‍സെടുത്ത സഞ്ജുവിനെ മുജീബ് ഉര്‍ റഹ്മാന്‍ തിരിച്ചയച്ചു. തൊട്ടടുത്ത ഓവറില്‍ മുജീബ് വീണ്ടും ആഞ്ഞടിച്ചു. 82 റണ്‍സെടുത്ത ബട്‌ലറും പുറത്ത്. അവസാന ഓവറുകളില്‍ കാര്യമായ കൂറ്റനടികള്‍ വരാതിരുന്നതോടെ വലിയ സ്‌കോറെന്ന രാജസ്ഥാന്‍ സ്വപ്നം പൊലിഞ്ഞു. പഞ്ചാബിനായി നാലുവിക്കറ്റെടുത്ത ആന്‍ഡ്രു ടൈയും രണ്ടു വിക്കറ്റ് പിഴുത മുജീബ് ഉര്‍ റഹ്മാനും തിളങ്ങി.

No comments:

Post a Comment