Thursday 19 April 2018

ഗെയില്‍ താണ്ഡവമാടി പഞ്ചാബിന് കൂറ്റന്‍ സ്കോർ.. ഗെയിലിന്റെ സെഞ്ചുറി വെടിക്കെട്ടിൽ പഞ്ചാബ് ഉയര്‍ന്ന സ്കോറിൽ..


മൊഹാലിയില്‍ ക്രിസ് ഗെയ്ല്‍ വെടിക്കെട്ടിന്റെ ബലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗെയ്ല്‍ കളംവാണ മത്സരത്തില്‍ 193-3 റണ്‍സാണ് സൺറൈസേഴ്സിനെതിരെ പഞ്ചാബ് നേടിയത്. 63 പന്തിൽ 104 റൺസാണ് ഗെയ്ൽ നേടിയത്.  മത്സരത്തില്‍ ഗെയ്ല്‍ 11 സിക്‌സുകളും ഒരു ബൗണ്ടറിയും അടിച്ചു പറത്തി.

ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിച്ചപ്പോൾ ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെ ആവര്‍ത്തിച്ചു. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ പുറത്താവുമ്പോള്‍ 53-1 എന്ന നിലയിലായിരുന്നു പഞ്ചാബ്. 21 പന്തില്‍ 18 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്തായെങ്കിലും ക്രിസ് ഗെയ്ല്‍ തന്റെ വെടിക്കെട്ട് തുടര്‍ന്നു.

അതിനിടെ 9 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ സിദ്ധാര്‍ത്ഥ് കൗളിന് വിക്കറ്റ് സമ്മാനിച്ചു. 14ാം ഓവറില്‍ ക്രിസ് ഗെയ്‌ലിന് മുന്നില്‍ വന്നത് അന്താരാഷ്ട്ര ടി20 റാങ്കിംഗിലെ ഒന്നാമനായ സ്പിന്നര്‍ റാഷിദ് ഖാന്‍. എന്നാല്‍ ഒരു ദയയും ഗെയ്ല്‍ അഫ്ഗാന്‍ താരത്തോട് കാണിച്ചില്ല. ആ ഓവറില്‍ തുടര്‍ച്ചയായി നാലു സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്. ഗെയ്‌ലിനൊപ്പം ഒത്തുചേര്‍ന്ന കരുണ്‍ നായര്‍ വിന്‍ഡീസ് വെടിക്കെട്ട് താരത്തിന് ഉറച്ച പിന്തുണ നല്‍കി.

കരുൺ നായർ 31 റൺസെടുത്ത് പുറത്തായെങ്കിലും മത്സരത്തിലെ 18ാം ഓവറിൽ ഗെയ്ൽ തൻ്റെ 6ാം ഐ പി എൽ സെഞ്ചുറി പൂർത്തിയാക്കി. 58 പന്തുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം. ഫിഞ്ച് 14 റൺസെടുത്ത് പുറത്താവാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വർ കുമാറും സിദ്ധാർത്ഥ് കൗളും റാഷിദ് ഖാനും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

No comments:

Post a Comment