Thursday 19 April 2018

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ... എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം..

ലാല്‍റുവത്താരയെ വലയിലാക്കാൻ വമ്പന്‍ ഓഫറുകളുമായി പ്രമുഖ ക്ലബ്ബുകൾ ര൦ഗത്ത് .. എന്നാല്‍ തനിക്ക് ബ്ലാസ്റ്റേഴ്സ് മതിയെന്ന് യുവതാരം ..

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലും, ആദ്യ സൂപ്പര്‍ കപ്പിലും കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ താരം ലാല്‍റുവാത്താര ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച പ്രതിരോധതാരവുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ലാല്‍റുവാത്താരയോടുള്ള ആരാധകരുടെ ഇഷ്ടം വര്‍ധിപ്പിക്കുകയാണ്.

മുംബൈ സിറ്റി എഫ് സി, ജംഷഡ്പൂര്‍ എഫ് സി തുടങ്ങിയ അഞ്ചു ക്ലബുകളില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫറുകള്‍ നിരസിച്ചാണ് താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്നത്. ഇതില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് താരത്തിന് മൂന്നു കോടി തുക ഓഫര്‍ ചെയ്ത ക്ലബുമുണ്ടായിരുന്നു. എന്നാല്‍ അതേ കാലയളവില്‍ ഏകദേശം രണ്ടര കോടി രൂപയ്ക്കാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാന്‍ തീരുമാനിച്ചത്. കേരളത്തില്‍ തുടരാനുള്ള തീരുമാനത്തെ കുറിച്ച് മിസോറം കാരനായ ലാല്‍റുവാത്താര വിശദികരിക്കുന്നുമുണ്ട്. ‘ മിസോറാമിലെ പോലെ തന്നെ കേരളത്തില്‍ മികച്ച ഫുട്‌ബോള്‍ ആരാധകരാണുള്ളത്, രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലും അക്കാര്യത്തില്‍ വ്യത്യാസമില്ല, ഒരു താരമെന്ന നിലയില്‍ ഈ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കുന്നത് സുരക്ഷിതമാണെന്ന് തോന്നുന്നു, വീട്ടുകാരും വലിയ സന്തോഷത്തിലായിരുന്നു’ – 23 കാരനായ താരം പറഞ്ഞു.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 17 മത്സരങ്ങളാണ് റുവാത്താര കളിച്ചത്. 85 ടാക്കിളുകളും 14 ഇടപെടലുകളും 59 ക്ലിയറന്‍സുകളും താരം നടത്തി. 22 ബ്ലോക്കുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. സീസണിലെ മൊത്തം ടാക്കിളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു റുവാത്താര. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലൂസിയന്‍ ഗോയനും 85 ടാക്കിളുകളാണ് നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരത്തെ ഐ എസ് എൽ അവസാനിച്ചയുടനെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

No comments:

Post a Comment