Wednesday 28 March 2018

സ്മിത്തിനും വാർണർക്കും ഒരു വർഷം വിലക്ക്



പന്തില്‍ കൃത്രിമം കാട്ടിയതിന് പിടിയിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. പന്ത് ചുരണ്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പത് മാസത്തേയ്ക്കാണ് വിലക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് ശിക്ഷാ നപടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനിടെയാണ് ശിക്ഷാനടപടിയ്ക്ക് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് സ്മിത്തിനെതിരെ ഒരു മത്സരത്തിലെ വിലക്കും ബാന്‍ക്രോഫ്റ്റിനെതിരെ 75 ശതമാനം മാച്ച് ഫീസ് പിഴയുമായിരുന്നു ഐസിസി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ വാര്‍ണറും സ്മിത്തും ഐപിഎല്‍ കളിക്കില്ലെന്നും ഉറപ്പായി. ബിസിസിഐയുടെ വിലക്കില്ലെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ എന്‍ഒസി നഷ്ടമാകുന്നതാണ് ഇരുതാരങ്ങള്‍ക്കും തിരിച്ചടിയാകുക. നേരത്തെ ഇരുവരേയും നായക സ്ഥാനത്ത് നിന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസസ് ഹൈദരാബാദും പുറത്താക്കിയിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ പ്രഥമ അന്വേഷണത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും പന്ത് ചുരണ്ടലില്‍ പങ്കില്ല. പരിശീലകന്‍ ഡാരന്‍ ലേമാനോ, സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ ഈ കാര്യത്തെക്കുറിച്ച് നേരത്തെ അറിവില്ലായിരുന്നു. അത് കൊണ്ടു തന്നെ ഓസീസ് പരിശീലകനായി ഡാരന്‍ ലേമാന്‍ തുടരുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു. പിന്നീട് വാര്‍ത്ത സമ്മേളനത്തിലാണ് നായകന്‍ സ്മിത്ത് കുറ്റം ഏറ്റെടുത്തത്.

No comments:

Post a Comment