Wednesday 28 March 2018

രാജസ്ഥാനും, ഹൈദരാബാദിനും തിരിച്ചടി ; വാർണറെയും, സ്മിത്തിനെയും ഐപിഎല്ലിൽ കളിപ്പിക്കില്ല

   പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് പടിവാതിൽക്കലെത്തി നിൽക്കേ രാജസ്ഥാൻ റോയൽസിനും, സൺ റൈസേഴ്സ് ഹൈദരാബാദിനും കനത്ത തിരിച്ചടി. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനേയും, ഡേവിഡ് വാർണറേയും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കിയതിനാൽ ഇരു താരങ്ങളേയും ഐപിഎല്ലിലും കളിക്കാൻ അനുവദിക്കില്ലെന്ന് ഐപിഎൽ കമ്മീഷണർ രാജീവ് ശുക്ല വ്യക്തമാക്കി. ടീമിലെ നിർണായക താരങ്ങളെ നഷ്ടമാകുന്നത് വൻ തിരിച്ചടിയാണ് രാജസ്ഥാനും, ഹൈദരാബാദിനും നൽകുക.  എന്നാൽ ഇവർക്ക് പകരക്കാരായി പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള അനുവാദം ഇരു ടീമുകൾക്കും ബിസിസിഐ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനും, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്ന ഡേവിഡ് വാർണറിനും വിവാദ സംഭവങ്ങളെത്തുടർന്ന് നേരത്തെ ടീമുകളുടെ നായക സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് ഐപിഎല്ലിൽ നിന്നും പുറത്ത് പോവേണ്ടി വന്നിരിക്കുന്നത്.  ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി രാജസ്ഥാനും, ഹൈദരാബാദും തങ്ങളുടെ ടീമുകളിൽ നിലനിർത്തിയ താരങ്ങളാണ് സ്മിത്തും വാർണറും. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഇരുവർക്കും കളിക്കാനാവാതെ വരുന്നത് രാജസ്ഥാന്റെയും ഹൈദരാബാദിന്റെയും കിരീട പ്രതീക്ഷകളേയും പ്രതികൂലമായി ബാധിക്കും. 69 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 37.02 ശരാശരിയിൽ 1703 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. ഐപിഎല്ലിൽ 114 മത്സരങ്ങൾ കളിച്ചിട്ടുള്ള വാർണർ, 40.55 ശരാശരിയിൽ 4014 റണ്ണുകൾ നേടിയിട്ടുണ്ട്.

No comments:

Post a Comment