Saturday 12 May 2018

ഫുട്‌ബോള്‍ ടീം തെരഞ്ഞെടുപ്പ്; ഇന്ത്യ ജര്‍മ്മനിയെ മാതൃകയാക്കണമെന്ന് ഗോകുലം കോച്ച്

ജൂണ്‍ ഒന്നു മുതല്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായുള്ള പരീശീലന ക്യാമ്പിലേക്ക് 30 അംഗ ടീമിനെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ കഴിഞ്ഞ ദിവസാണ് തെരഞ്ഞെടുത്തത്. എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന ചില താരങ്ങളെ 30 അംഗ ടീമില്‍ പോലും പരിഗണിക്കാതിരുന്ന ഇന്ത്യന്‍ കോച്ചിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്ന് ജംഷഡ്പൂരിലേക്ക് കൂടുമാറിയ മൈക്കല്‍ സുസയ്‌രാജ്, ഡല്‍ഹി ഡൈനാമോസ് താരം ലാലിയന്‍സുവാല ചാംഗ്‌തേ, എഫ് സി പൂനെ സിറ്റി താരം ആദില്‍ ഖാന്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുലം കേരള കോച്ച് ബിനോ ജോര്‍ജ്ജ്. ജര്‍മ്മന്‍ കോച്ച് ജോച്ചിം ലോയെ ഇക്കാര്യത്തില്‍  ഇന്ത്യ മാതൃകയാക്കണമെന്നാണ് ബിനോ ജോര്‍ജ്ജിന്റെ അഭിപ്രായം.

‘ ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ മികച്ച ടീമിനെ തന്നെ കളത്തിലിറക്കണം, അതില്‍ സംശയമില്ല, നല്ല സ്‌ക്വാഡിനെ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്, ആഷിഖ് കുരുണിയനെ പോലുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചത് വളരെ നല്ല കാര്യമാണ്, എന്നാല്‍ ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മുക്ക് ഒരു ബി ടീം കൂടി ആവശ്യമാണ്, നമുക്ക് ഐ ലീഗില്‍ നിന്നും ഐ എസ് എല്ലില്‍ നിന്നുമായി അത്രയധികം താരങ്ങളുണ്ട്, അതു കൊണ്ട് തന്നെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ ബി ടീം കൂടി ആവശ്യമാണ്’ – ബിനോ ജോർജ്ജ് പറഞ്ഞു

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത് പുതിയ കാര്യമല്ല, നേരത്തെ ജര്‍മ്മന്‍ ടീം ഇത് പരീക്ഷിച്ചതാണ്, കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചത് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിയുടെ ബി ടീമായിരുന്നു, ബി ടീമിന് മികച്ച അവസരങ്ങള്‍ ഒരുക്കി അതില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സീനിയര്‍ ടീമില്‍ അവസരം നല്‍കണം’ – ഗോകുലം കോച്ച് കൂട്ടിച്ചേർത്തു. കെനിയ, ന്യൂസിലന്‍ഡ്, ചൈനീസ് തായ്‌പേയ് തുടങ്ങിയ ടീമുകളാണ് ജൂണില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ചതുര്‍രാഷ്ട്ര കപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം കളിക്കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായി മികച്ച ടീമുകളെ നേരിടാനുള്ള അവസരമായാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിനെ കാണുന്നത്.

No comments:

Post a Comment