Saturday 12 May 2018

ഇന്ത്യയിലെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആഴ്‌സണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ വെംഗർ


22 വര്‍ഷത്തെ ആഴ്‌സണല്‍ പരിശീലന ജീവിതത്തിന് ശേഷം വിരമിക്കാന്‍ ഒരുങ്ങുകയാണ് ആഴ്‌സണ്‍ വെംഗര്‍. ഞായറാഴ്ച്ച ഹഡേഴ്‌സ്ഫീല്‍ഡുമായി നടക്കുന്ന അവസാന പ്രീമിയർ ലീഗ് മത്സരത്തോടെ വെംഗര്‍ പരിശീലകസ്ഥാനമൊഴിയും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ് കഴിഞ്ഞ ദിവസം ആഴ്‌സണല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലെ വെംഗറുടെ വാക്കുകള്‍.

ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനുള്ള തന്റെ ആഗ്രഹമാണ് ഇതിഹാസ പരിശീലകന്‍ തുറന്നു പറഞ്ഞത്.’ ജീവിതത്തില്‍ ഇതുവരെ നഷ്ടപ്പെടുത്തിയ കാര്യമാണത്, ഇന്ത്യ എപ്പോഴും എന്നെ കൊതിപ്പിച്ചിട്ടുണ്ട്, ഒരിക്കലും ഇവിടെ വന്നിട്ടില്ലെങ്കിലും അത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല, പലപ്പോഴും ആഴ്‌സണലിന്റെ ഒരു പര്യടനം ഇന്ത്യയിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് നടന്നില്ല, ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം’ – 68കാരനായ ആഴ്‌സണ്‍ വെംഗര്‍ പറഞ്ഞു. ഇന്ത്യയിലെ സംസ്‌കാര സമ്പന്നതെ തന്നെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ സംസ്‌കാര സമ്പന്നമായ രാജ്യമാണ് ഇന്ത്യ, ചെറുപ്പത്തില്‍ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങളെ കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്, അതെന്ന വളരെയധികം ആകര്‍ഷിച്ചിരുന്നു, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ തത്വചിന്തയാണ് ഇന്ത്യയ്ക്കുള്ളത്, അത് കൊണ്ട് സവിശേഷതകള്‍ ഒരുപാട് നിറഞ്ഞ രാജ്യമാണത്’ – വെംഗര്‍ മനസ്സ് തുറന്നു.

ആഴ്‌സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലനായാണ് വെംഗര്‍ വിലയിരുത്തപ്പെടുന്നത്. ആഴ്‌സണലിന് വേണ്ടി മൂന്നു ലീഗ് കിരീടങ്ങളും ഏഴു വീതം എഫ് എ കപ്പുകളും എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡുകളും വെംഗര്‍ നേടിക്കൊടുത്തു. 1996 മുതല്‍ ആഴ്‌സണലിനെ പരിശീലിപ്പിച്ച് വരുന്ന വെംഗര്‍ അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

No comments:

Post a Comment