Saturday 12 May 2018

സെര്‍ബിയയില്‍ മികവ് പുറത്തെടുത്ത് ഇന്ത്യന്‍ കുട്ടിപ്പട

മലേഷ്യയില്‍ ഈ വര്‍ഷം സപ്തംബറില്‍ നടക്കുന്ന അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സെര്‍ബിയയില്‍ പര്യടനം നടത്തുകയാണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം. ജോര്‍ദാന്‍, സെര്‍ബിയ, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റിലാണ് ഇന്ത്യന്‍ കുട്ടികള്‍ കളിക്കുന്നത്.

സെര്‍ബിയയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുന്നുവെന്നതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. ഇന്നലെ നടന്ന മത്സരത്തില്‍ ആതിഥേയരായ സെര്‍ബിയയെ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നേരത്തെ നടന്ന ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ 2-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു അന്ന് ഇന്ത്യന്‍ വിജയം. ഇന്നലെ ഇന്ത്യയ്‌ക്കെതിരെ സെര്‍ബിയ പന്ത് കൈവശം വെച്ച് കളിച്ചുവെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഇന്ത്യ ആതിഥേയരെ ഞെട്ടിച്ചു കൊണ്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ ഗോളൊന്നും പിറന്നില്ല.

ഇനി 13ന് താജിക്കിസ്ഥാനെതിരെയാണ് ചതുർരാഷ്ട്ര ടൂർണ്ണമെൻ്റിലെ ഇന്ത്യയുടെ അടുത്ത മത്സരം. വരുന്ന സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് എ എഫ് സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്. ഇറാന്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ കളിക്കുന്നത്.

No comments:

Post a Comment